അപകടത്തിന് ശേഷം കടലിൽ പതിച്ച ജെമിനി 8 പേടകം | Photo: NASA
മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള നാസയുടെ രണ്ടാമത്തെ ബഹിരാകാശ യാത്രാപദ്ധതിയായിരുന്നു ജെമിനി പ്രോഗ്രാം. മെര്‍കുറിക്കും മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ പദ്ധതിയ്ക്കും ഇടയില്‍ നടന്ന ദൗത്യം. പതിവുപോലെ സംഭവബഹുലമായിരുന്നു ജെമിനി ദൗത്യവും.
സോവിയറ്റ് യൂണിയനുമായുള്ള ബഹിരാകാശ മത്സരം നടക്കുന്ന കാലം. 1964 മുതല്‍ 1966 വരെയുള്ള കാലയളവില്‍ 12 വിക്ഷേപണ ദൗത്യങ്ങളാണ് ജെമിനി പ്രോഗ്രാമിലുണ്ടായിരുന്നത്. ടൈറ്റന്‍ 2 റോക്കറ്റ് ആയിരുന്നു വിക്ഷേപണ വാഹനം. ഇതില്‍ ആദ്യത്തെ രണ്ടെണ്ണം ആളില്ലാ വിക്ഷേപണങ്ങളായിരുന്നു. ജെമിനി 3 ആയിരുന്നു മനുഷ്യനെ വഹിച്ചുള്ള ആദ്യ ദൗത്യം. ഇക്കൂട്ടത്തില്‍ പരാജയപ്പെട്ട രണ്ട് ദൗത്യങ്ങളാണ് ജെമിനി 8, ജെമിനി 9എ എന്നിവ.
ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ ഏറെ ആശങ്ക നിറഞ്ഞ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജെമിനി 8 വിക്ഷേപണത്തിന്റെ 56-ാം വാര്‍ഷികമാണ് മാര്‍ച്ച് 17.
ജെമിനി പ്രോഗ്രാമിലെ ആറാമത്തെ മനുഷ്യ ബഹിരാകാശ യാത്രയായിരുന്നു ജെമിനി 8. അമേരിക്കയുടെ പതിനാലാമത്തെ മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ യാത്ര. ലോകത്ത് നടന്നതില്‍ 22-മത്തെ മനുഷ്യ ബഹിരാകാശ യാത്ര. 1966 മാര്‍ച്ച് 16-നായിരുന്നു വിക്ഷേപണം.
കമാന്റ് പൈലറ്റായ നീല്‍ ആംസ്‌ട്രോങും പൈലറ്റായ ഡേവിഡ് സ്‌കോട്ടുമായിരുന്നു പേടകത്തിലുണ്ടായിരുന്നത്. 1969-ല്‍ അപ്പോളോ 11-ല്‍ നീല്‍ ആസ്‌ട്രോങ് ചന്ദ്രനിലിറങ്ങും മുമ്പുള്ള കഥയാണിത്. ആംസ്‌ട്രോങിന്റെ രണ്ടാമത്തെ ബഹിരാകാശ യാത്ര. ജോ വാക്കറിന് ശേഷം രണ്ടാം തവണ ബഹിരാകാശ യാത്ര നടത്തുന്ന യു.എസ്. പൗരനെന്ന ഖ്യാതിയും ആദ്യമായി ഓര്‍ബിറ്റിലേക്ക് പറക്കുന്നയാളെന്ന റെക്കോര്‍ഡും ജെമിനി 8-ലൂടെ അദ്ദേഹം കരസ്ഥമാക്കി.
ഇങ്ങനെ അടിമുടി നീല്‍ ആംസ്‌ട്രോങ് എന്ന ബഹിരാകാശ സഞ്ചാരിയുടെ കഴിവും മികവും ധൈര്യവുമെല്ലാം ലോകത്തിന് മുന്നില്‍ വെളിവായ ബഹിരാകാശ ദൗത്യം കൂടിയായിരുന്നു ജെമിനി 8.

സിനിമയെ വെല്ലുന്ന നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദൗത്യം
ഭൂമിയില്‍നിന്ന് മനുഷ്യനെ വഹിച്ചുള്ള ജെമിനി പേടകം വിക്ഷേപിക്കും. അത് ഭ്രമണപഥത്തില്‍ നേരത്തെ തന്നെ സ്ഥാപിച്ചിട്ടുള്ള അജിന ടാര്‍ഗറ്റ് വെഹിക്കിളുമായി ബന്ധിപ്പിക്കും. തുടര്‍ന്ന് അജിനെയുടെ സഹായത്തോടെ ബഹിരാകാശ സഞ്ചാരം നടത്തും. പിന്നീട് അജിനയില്‍നിന്ന് വേര്‍പെട്ട് പേടകം ഭൂമിയില്‍ പതിക്കും. ജെമിനി വിക്ഷേപണ ദൗത്യങ്ങളുടെ ഘടന ഇങ്ങനെയായിരുന്നു.
ജെമിനി 8-ന് വേണ്ടിയുള്ള അജിന ടാര്‍ഗറ്റ് വെഹിക്കിള്‍ അതേ ദിവസം ഒരു മണിക്കൂർ മുമ്പായി വിക്ഷേപിച്ചിരുന്നു. 1966 മാര്‍ച്ച് 16-ന് വൈകീട്ട് 4.41-ന് കേപ്പ് കെന്നഡി എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ ലോഞ്ച് കോംപ്ലക്‌സ് 19-ല്‍നിന്നാണ് ടൈറ്റന്‍ 2 റോക്കറ്റില്‍ ജെമിനി 8 പേടകം സഞ്ചാരികളെ വഹിച്ച് പുറപ്പെട്ടത്. 3,789 കിലോ ഗ്രാം ഭാരമുള്ള പേടകം. മക്‌ഡൊണെല്‍ (McDonnel) ആണ് ജെമിനി പേടകം വികസിപ്പിച്ചത്.
ജെമിനി 8-ന്റെ വിക്ഷേപണത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എല്ലാം വിചാരിച്ച പോലെ തന്നെ നടന്നു. വിക്ഷേപിച്ച് 1.34 മണിക്കൂര്‍ കഴിഞ്ഞാണ് പേടകത്തിന്റെ സഞ്ചാരപാതയിലെ ആദ്യ ക്രമീകരണം നടത്തിയത്. അതിന് വേണ്ടി അഞ്ച് സെക്കന്റ് നേരത്തേക്ക് ഓര്‍ബിറ്റ് ആറ്റിറ്റിയൂഡ് ആന്റ് മാനവറിങ് സിസ്റ്റം (ഒ.എ.എം.എസ്.) ത്രസ്റ്റർ പ്രവര്‍ത്തിപ്പിച്ചു. അങ്ങനെ പലതവണയായി സഞ്ചാരപാത ക്രമീകരിച്ചു.
332 കിലോ മീറ്റര്‍ ദൂരത്തായി അജിന ടാര്‍ഗറ്റ് വെഹിക്കിള്‍ സ്ഥിതി ചെയ്യുന്നുണ്ടെന്ന് പേടകത്തിലെ റഡാര്‍ തിരിച്ചറിഞ്ഞു. വീണ്ടും എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് പേടകം മുന്നോട്ട് നീങ്ങി. അങ്ങനെ ഏകദേശം 46 കിലോ മീറ്റര്‍ ദൂരപരിധിയില്‍ എത്തി. കാണാവുന്ന ദൂരപരിധിയിലെത്തിയപ്പോള്‍ അജിനയ്ക്ക് വിക്ഷേപണത്തിനിടെ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് വിലയിരുത്തി കമാന്റ് പൈലറ്റായ നീല്‍ ആംസ്‌ട്രോങ് ജെമിനി പേടകത്തെ അതിനടുത്തേക്ക് നയിച്ചു. അധികം വൈകാതെ തന്നെ ജെമിനി അജിനയുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. സുഗമമായി ഈ ഘട്ടം കഴിഞ്ഞകാര്യം നീല്‍ ആംസ്‌ട്രോങ് ഭൂമിയിലെ കണ്‍ട്രോള്‍ സെന്ററിലേക്ക് സന്ദേശമയച്ചു. ഹൂസ്റ്റണ്‍ മിഷന്‍ കണ്‍ട്രോളില്‍ ജിം ലോവല്‍ ആയിരുന്നു ഇവരുമായി സംവദിച്ചിരുന്നത്.

ഇതുവരെ കാര്യങ്ങളെല്ലാം സുഗമമായിരുന്നു. എല്ലാം പദ്ധതിയിട്ടപോലെ തന്നെ നടന്നു. എന്നാല്‍ ഇതിന് ശേഷം കാര്യങ്ങള്‍ കൈവിട്ടുപോയി. ഡോക്ക് ചെയ്ത ഉടന്‍ തന്നെ പേടകം ആശയവിനിമയ പരിധി മറികടന്നുപോയതായി ലോവലിന് വിവരം കിട്ടി. എന്തെങ്കിലും പ്രശ്നമുണ്ടായാൽ കമാന്റ് 400 നല്‍കി അത് ഓഫ് ചെയ്ത് പേടകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് അദ്ദേഹം സന്ദേശമയച്ചു.
ജെമിനി പേടകത്തില്‍നിന്നും ഭൂമിയില്‍നിന്നും നിയന്ത്രിക്കാനാവും വിധമാണ് അജിന തയ്യാറാക്കിയിരുന്നത്.
ഈ സമയം അജിനയിലെ ഇന്റേണല്‍ സിസ്റ്റത്തില്‍ ശേഖരിച്ചിരുന്ന കമാന്റ് പ്രോഗ്രാം പ്രവര്‍ത്തിച്ച് പേടരം തിരിയാൻ തുടങ്ങി. തങ്ങള്‍ തെറ്റായ ദിശയിലാണ് തിരിയുകയാണെന്തിന്ന് തിരിച്ചറിഞ്ഞ സ്‌കോട്ട് ഉടന്‍തന്നെ ആ വിവരം ആംസ്‌ട്രോങിനെ അറിയിച്ചു.
നീല്‍ ആംസ്‌ട്രോങ് ഉടനെ ജെമിനിയിലെ ഒഎഎംഎസ് എഞ്ചിൻ പ്രവര്‍ത്തിപ്പിച്ച് ഈ തിരിയല്‍ നിര്‍ത്താനുള്ള ശ്രമം നടത്തി. എന്നാല്‍ പേടകങ്ങള്‍ വീണ്ടും തിരിയാന്‍ തുടങ്ങി. ഈ സമയം ഗ്രൗണ്ട് കണ്‍ട്രോളും ജെമിനി 8 ഉം തമ്മിലുള്ള ബന്ധം നഷ്ടമായിരുന്നു. അതിനിടെ, ഒ.എ.എം.എസ്. എഞ്ചിനിലെ ഇന്ധനം 30 ശതമാനത്തില്‍ താഴേക്ക് കുറഞ്ഞു. ജെമിനി പേടകത്തിലെ എഞ്ചിനിലായിരിക്കാം പ്രശ്‌നമെന്നതിന്റെ സൂചനയായിരുന്നു അത്. പേടകത്തിലെ ഒ.എം.എ.എസ്. സംവിധാനത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായ കാര്യം ആ സമയം ആരും അറിഞ്ഞില്ല
ഇതൊന്നും അറിയാതെ പേടകത്തിന്റെ നിയന്ത്രണം വരുതിയിലാക്കാനുള്ള കിണഞ്ഞ് ശ്രമിക്കുകയായിരുന്നു നീല്‍ ആംസ്‌ട്രോങ്. സ്വിച്ചുകള്‍ ആവര്‍ത്തിച്ച് ഓണ്‍ ചെയ്തും ഓഫ് ചെയ്തും നോക്കി. ഒന്നും സംഭവിച്ചില്ല.

അജിന ടാർഗറ്റ് വെഹിക്കിളിന്റെ പ്രശ്നമാണ് ഇതിന് കാരണം എന്ന് ധരിച്ച ക്രൂ അംഗങ്ങള്‍ ജെമിനിയെ അജിനയില്‍നിന്നു വേര്‍പെടുത്തി. അജിനയുമായി ചേർന്ന് നിൽക്കുമ്പോഴുണ്ടായിരുന്ന സംയോജിതഭാരം നഷ്ടമായതോടെ ജെമിനി പേടകം കൂടുതല്‍ വേഗത്തില്‍ തിരിയാന്‍ തുടങ്ങി.
ഒരു പന്ത് കണക്കെ ജെമിനി പേടകം ആ രണ്ട് സഞ്ചാരികളെയും വഹിച്ച് ശൂന്യാകാശത്ത് കിടന്ന് കറങ്ങി. പതിയെ ഭൂമിയില്‍ നിന്നുള്ള ആശയവിനിമയ പരിധിയിലേക്ക് പേടകം തിരികെയെത്തി. ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. ഗുരുതരമായ പ്രശ്‌നത്തിലാണെന്നും തങ്ങള്‍ അജിനയില്‍നിന്നു വേര്‍പ്പെട്ട വിവരവും അനിയന്ത്രിതമായി കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും സ്‌കോട്ട് ഭൂമിയിലേക്ക് സന്ദേശം അയച്ചു.
ഈ സമയം ഭൂമിയിലെ സഹപ്രവര്‍ത്തകര്‍ ആകെ ആശങ്കയിലായിരുന്നു. ഗവേഷകരുമായുള്ള ബന്ധം നഷ്ടമായ വിവരം അവരുടെ ബന്ധുക്കളെ അറിയിച്ചിരുന്നു. പേടകം കണ്ടെത്താനും ബന്ധം പുനഃസ്ഥാപിക്കാനുമുള്ള ശ്രമത്തിലായിരുന്നു അവര്‍. ആ കാത്തിരിപ്പിനിടയിലാണ് അപ്രതീക്ഷിതമായി സ്‌കോട്ടിന്റെ സന്ദേശം ഭൂമിയില്‍ കിട്ടുന്നത്.
ആ സമയം സ്‌പേസ് ക്രാഫ്റ്റ് കമ്മ്യൂണിക്കേറ്ററായ ജെയിംസ് ഫ്യുസിയ്ക്ക് സ്‌കോട്ടിന്റെ സന്ദേശം ലഭിച്ചു. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. ഞങ്ങള്‍ അതിവേഗം കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഒന്നും ഓഫ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ആംസ്‌ട്രോങ് മറുപടി നല്‍കി. പേടകം കറങ്ങുന്ന വേഗം വര്‍ധിച്ചതോടെ ആസ‌്ട്രോങിന് പുറത്തേക്കുള്ള കാഴ്ച മങ്ങി. എങ്ങനെയെങ്കിലും ഈ കറക്കം ഒന്ന് നിര്‍ത്തണം.
അപ്പോഴാണ് പേടകത്തിലെ ഒ.എ.എം.എസ്. എഞ്ചിൻ ഓഫ് ആക്കി പകരം പേടകത്തിന്റെ കൂര്‍ത്ത മുനയുടെ ഭാഗത്തുള്ള റീ എന്‍ട്രി കണ്‍ട്രോള്‍ സിസ്റ്റം (ആര്‍.സി.എസ്.) പ്രവര്‍ത്തിപ്പിക്കാം എന്ന ചിന്ത ആംസ്‌ട്രോങിനുണ്ടായത്. തിരിച്ചിറങ്ങുമ്പോഴുള്ള ഗതിനിയന്ത്രണത്തിനാണ് എഞ്ചിൻ പ്രവർത്തിപ്പിക്കുന്നത്.
തിരിച്ചിറങ്ങലിന് തയ്യാറെടുത്ത് നാസ
ജെമിനി 8 ഉദ്യമം പിന്‍വലിച്ച് അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനിടെ ഭൂമിയില്‍ തുടങ്ങിയിരുന്നു. തിരിയല്‍ നിര്‍ത്തുന്നതിനായി ആർസിഎസ് സംവിധാനം ഉപയോഗിച്ചതായും അതിലെ ഇന്ധനം മുക്കാല്‍ ഭാഗവും ഉപയോഗിച്ചു കഴിഞ്ഞതായും ഹൂസ്റ്റണില്‍ ചീഫ് ഫളൈറ്റ് ഡയറക്ടറായ ജോണ്‍ ഹോഡ്ജ് തിരിച്ചറിഞ്ഞു. ആര്‍.സി.എസ്. പ്രവര്‍ത്തിപ്പിച്ചതിന് ശേഷം പേടകം തിരികെയെത്തിക്കാനായി സ്വീകരിച്ചിരിക്കേണ്ട നടപടി ക്രമങ്ങളെല്ലാം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ അദ്ദേഹം ഉടന്‍ നിര്‍ദേശം നല്‍കി.
ജപ്പാനിലെ യോകോസുക തീരത്തിന് തെക്കായി 1000 കിലോ മീറ്റർ ദൂരപരിധിയില്‍ പുതിയ ലാന്‍ഡിങ് പോയിന്റ് നിശ്ചയിച്ച് രക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കി. നേരത്തെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ലാന്‍ഡ് ചെയ്യാനായിരുന്ന നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ചതിലും മൂന്ന് ദിവസം നേരത്തെയാണ് പേടകം തിരികെയെത്തുന്നത്. യുഎസ്എസ് ലിയോനാര്‍ഡ് എഫ്. മേസണ്‍ കപ്പല്‍ പുതിയ ലാന്‍ഡിങ് പോയിന്റിലേക്ക് കുതിച്ചു. ചൈനയ്ക്ക് മുകളിലായാണ് പേടകം പ്രവേശിച്ചത്. യു.എസ്. വ്യോമസേന വിമാനങ്ങളും നിരീക്ഷണത്തിനെത്തി. ഒടുവില്‍ മാര്‍ച്ച് 17 ന് പുലർച്ചെ പേടകം കൃത്യമായി കരുതിയ സ്ഥലത്ത് തന്നെ പതിച്ചു. പാരറെസ്‌ക്യൂ സംഘം ഉടന്‍ പേടകത്തിനടുത്തെത്തുകയും പേടകം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതിനുള്ള ഫ്‌ളോട്ടേഷന്‍ കോളര്‍ ബന്ധിപ്പിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. നീല്‍ ആംസ്ട്രോങും ഡേവിഡ് സ്‌കോട്ടും ആകെ ക്ഷീണിതരായിരുന്നു. എങ്കിലും പരിക്കുകളില്ലാതെ അവര്‍ അതിജീവിച്ചു.
അപകടത്തിന്റെ കാരണം
പേടകത്തിന്റെ സഞ്ചാര നിയന്ത്രണത്തിന് ഉപയോഗിച്ചിരുന്ന ഒഎഎംഎസ് എന്ന ത്രസ്റ്റര്‍ അഥവാ റോക്കറ്റ് എഞ്ചിനിലുണ്ടായ തകരാറാണ് പ്രശ്‌നകാരണം എന്നാണ് കണ്ടെത്തല്‍. മറ്റൊരു കാരണവും കണ്ടെത്താനായില്ല. ഇതോടെ ഭാവി പദ്ധതികള്‍ക്ക് വേണ്ടിയുള്ള പേടകത്തിന്റെ രൂപകല്‍പനയില്‍ ചില മാറ്റങ്ങള്‍ വരുത്തി. ശരിയായി പ്രവര്‍ത്തിക്കാത്ത യന്ത്രഭാഗങ്ങള്‍ ഓഫ് ചെയ്യുന്നതിന് പ്രത്യേകം സ്വിച്ചുകള്‍ തുടര്‍ന്നുള്ള ജെമിനി പേടകങ്ങളിൽ ഘടിപ്പിച്ചു. പിന്നീട് നടന്ന ജെമിനി 10 വിക്ഷേപണത്തിനായി ഉപയോഗിച്ചത് ജെമിനി 8-ന് വേണ്ടി വിക്ഷേപിച്ച അജിന ടാര്‍ഗറ്റ് വെഹിക്കിള്‍ തന്നെയാണ്.
നീൽ ആംസ്ട്രോങിന്റെ സന്ദർഭോചിതമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് ഈ അപകടത്തെ അതിജീവിക്കാനായതെന്ന് പിന്നീട് ഡേവിഡ് സ്കോട്ട് പറയുകയുണ്ടായി. അതിഭീകരമായ സാഹചര്യത്തിൽ ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനും അത് നടപ്പിലാക്കാനും അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം മിടുക്കനാണ്, തന്റെ യാത്ര അദ്ദേഹത്തൊടൊപ്പമായത് തന്റെ ഭാഗ്യം കൊണ്ടായിരുന്നുവെന്നും സ്കോട്ട് പറഞ്ഞു.
ജെമിനി ഒരു ദുരന്തത്തിലായിരുന്നു കലാശിച്ചിരുന്നത് എങ്കിൽ നീൽ ആംസ്ട്രോങ് പിന്നീട് തന്റെ പേരിലാക്കിയ നേട്ടങ്ങൾ ഒരു പക്ഷെ മറ്റൊരാളുടെ പേരിലായേനെ.
Content Highlights: gemini 8 launch failure mission abort emergency landing neil amstrong david scott
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..