കേസ് വാദിക്കുന്ന അഭിഭാഷകനും ആ കേസില്‍ വിധിപറയാനിരിക്കുന്ന ന്യായാധിപനും ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാണെങ്കില്‍ ആ കേസില്‍ ജഡ്ജിയ്ക്ക് ന്യായമായി വിധിപിറയാനാവുമോ? ഫ്‌ളോറിഡയിലെ കോടതിയില്‍ ഇങ്ങനെ ഒരു ആരോപണമുയര്‍ന്നു അതിന് കോടതി പറഞ്ഞതിങ്ങനെയാണ്-

ഫെയ്‌സ്ബുക്ക് സൗഹൃദം യഥാര്‍ത്ഥമല്ല. ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളാവുന്നതും യഥാര്‍ത്ഥ ജീവിതത്തില്‍ സുഹൃത്തുക്കളാവുന്നതും വ്യത്യസ്തമാണ്. അഭിഭാഷകരുമായി ഫെയ്‌സ്ബുക്കില്‍ സൗഹൃദമുണ്ടെന്നത് ഒരു കേസില്‍ നിന്നും ജഡ്ജിയെ അയോഗ്യനാക്കുന്നതിനുള്ള കാരണമല്ല. ഇരുവരും ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാണെന്നത് ജഡ്ജി ന്യായമായ വിധി പറയില്ലെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും കോടതി പറഞ്ഞു.

ഒരു മയാമി നിയമ സ്ഥാപനം നല്‍കിയ കേസിലാണ് കോടതി ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്. തങ്ങള്‍ നല്‍കിയ ഒരു കേസില്‍ എതിര്‍ഭാഗം അഭിഭാഷകനും കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയും ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാണെന്നും അതിനാല്‍ ജഡ്ജിയെ കേസില്‍ നിന്നും നീക്കണമെന്നുമാണ് പരാതി. 

സൗഹൃദത്തിന്റെ സ്വഭാവം എന്താണെന്നുള്ളത് നിശ്ചയിക്കാന്‍ കഴിയാത്തിടത്തിടത്തോളം ഫെയ്‌സ്ബുക്കിലെന്നല്ല യഥാര്‍ത്ഥ ജീവിതത്തില്‍ സുഹൃത്തുക്കളായാല്‍ പോലും അയോഗ്യനാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സൗഹൃദം എന്നതിന് കീഴില്‍ വരുന്ന ഒരുതരത്തിലുള്ള ബന്ധുത്വവും അയോഗ്യതയ്ക്ക് അടിസ്ഥാനമാവുന്നില്ലെന്നും അതുകൊണ്ടു തന്നെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളെ അയോഗ്യത നിയമമനുസരിച്ച് പുറത്താക്കണമെന്ന് പറയുന്നതില്‍ യുക്തിയില്ലെന്നും ചീഫ് ജസ്റ്റിസ് ചാള്‍സ് കാനഡി പറഞ്ഞു.

Content Highlights: florida court ruling allowing judges to be FB friends with lawyers