പ്രതീതിയാഥാര്‍ത്ഥ്യത്തിന്റെയും മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യയുടെയും സഹായത്തോടെ നിര്‍മ്മിച്ച സിരി, ഗൂഗിള്‍ അസിസ്റ്റന്റ് പോലുള്ള സ്മാര്‍ട് അസിസ്റ്റന്റ് സംവിധാനങ്ങളെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവും എന്നാല്‍ എന്ത് വൃത്തികേടുകളും പറയാനും ചെയ്യിപ്പിക്കാനും ഒരു സ്മാര്‍ട് അസിസ്റ്റന്റ് എന്ന ആശയത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. 

ചൈനയിലെ വന്‍കിട ടെക് കമ്പനിയായ ബൈദുവിന്റെ വീഡിയോ പ്ലാറ്റ് ഫോം ആയ ഇക്യുയി (iQiyi) പുറത്തിറക്കിയ വിര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളിലാണ് വിവി എന്നുപേരുള്ള 'flirty secretary' എന്ന് വിളിക്കുന്ന സ്മാര്‍ട് അസിസ്റ്റന്റിനെ അവതരിപ്പിച്ചത്.

ഓഫീസില്‍ ധരിക്കുന്നതുപോലുള്ള ഉടുപ്പും ഷോര്‍ട്ട് സ്‌കര്‍ട്ടും ധരിച്ച് സെക്‌സി ലുക്കിലുള്ള യുവതിയാണ് 'വിവി' എന്നു പേരുള്ള സ്മാര്‍ട് അസിസ്റ്റന്റ്. സിനിമകളും വീഡിയോ ഗെയിമുകളും ഹെഡ്‌സെറ്റ് ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശിക്കുന്നതിനൊടൊപ്പം  ഈ സ്മാര്‍ട് അസിസ്റ്റന്റിനോട് അല്‍പസ്വല്‍പം സൊള്ളാനും, അവളെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കാനും സാധിക്കും.

എന്നാല്‍ ഈ ഫീച്ചര്‍ കമ്പനി ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. കൂടുതല്‍ പരിഷ്‌കരിക്കുന്നതിനായാണ് വിവിയെ പിന്‍വലിച്ചതെന്നാണ് ഇക്യുയിയുടെ വിശദീകരണമെങ്കിലും. വിവിയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമായതാണ് ഈ നീക്കത്തിന് പിന്നില്‍.

'ബില്‍റ്റ് ഇന്‍ ഗേള്‍ ഫ്രണ്ട്' എന്ന പേരിലാണ് ഇക്യുയി മാര്‍ച്ചില്‍ തങ്ങളുടെ പുതിയ വിആര്‍ ഹെഡ്‌സെറ്റ് സെറ്റ് അവതരിപ്പിച്ചത്. ഹെഡ്‌സെറ്റില്‍ ഉള്‍പ്പെടുത്തിയ വിവിയുടെ ഓഫീസ് പശ്ചാത്തലത്തിലുള്ള കഥാപാത്ര നിര്‍മ്മിതി ജോലി സ്ഥലത്ത് സ്ത്രീകളെ ലൈംഗിക വസ്തുവാക്കി അവതരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വിമര്‍ശനത്തിന് വഴിവെച്ചു. പ്രശ്‌നം ഗൗരതരമാണെന്ന് കണ്ട കമ്പനി അധികൃതര്‍, വിവിയെ ഓഫ്‌ലൈനാക്കുകയായിരുന്നു.

ഉപയോക്താക്കളില്‍ നിന്നുള്ള അഭിപ്രായം അറിയുന്നതിനായി പരീക്ഷണാടിസ്ഥാനത്തിലുള്ള ബീറ്റാ പതിപ്പായിരുന്നു ഇതെന്നും. ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ മാനിച്ച് മാറ്റങ്ങള്‍ വരുത്തുന്നതിനായി ഉല്‍പന്നം ഓഫ്‌ലൈന്‍ ആക്കിയിട്ടുണ്ടെന്നും എന്തെങ്കിലും ആശങ്കകളുണ്ടായെങ്കില്‍ അതില്‍ ക്ഷമ ചോദിക്കുന്നതായും വിവാദങ്ങള്‍ക്ക് മറുപടിയായി കമ്പനി പിന്നീട് വിശദീകരിക്കുകയും ചെയ്തു.