കൊച്ചി: ഇന്ത്യയില്‍ ആദ്യമായി വിമാനം വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും റോബോട്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് വിമാനത്തിന്റെ ഉള്‍വശം വൃത്തിയാക്കാനും അണുമുക്തമാക്കാനും റോബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ നൂതന സാങ്കേതിക വിദ്യ അവതരിപ്പിച്ചത്.

പ്രതലത്തിലെ കീടങ്ങളെയും വൈറസുകളെയും തുരത്താന്‍ ശേഷിയുള്ളതാണ് ഈ സാങ്കേതിക വിദ്യയെന്ന് ലാബുകളുടെ ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡ് ആയ എന്‍.എ.ബി.എല്‍. അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ഏജന്‍സിയായ എ.ഐ.സാറ്റ്സിന്റെ സഹകരണത്തോടെയാണ് ഈ സംവിധാനം അവതരിപ്പിക്കുന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ നടപ്പാക്കിയ ഈ സംവിധാനം വൈകാതെ രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും നടപ്പാക്കാനൊരുങ്ങുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

Content highlights: flight sanitizing robot