ജിയോ ഫോണിന്റെ കടന്നുവരവോടെ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് കായ് ഓഎസ്. ആന്‍ഡ്രോയിഡ്, ഐഓഎസ് സ്മാര്ട്ഫോണുകള്ക്കുമുന്നില് വിപണിയില്‍ നിലതെറ്റി വീണ മറ്റ് ഫീച്ചര്‍ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ പോലെയല്ല കായ് ഓഎസ്. സ്മാര്‍ട്ഫോണുകളില്‍ ലഭ്യമായ പല സൗകര്യങ്ങളും ഒരുക്കി സ്മാര്‍ട്ഫോണുകള്‍ക്കൊപ്പം തന്നെ സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ് കായ് ഓഎസ്.
റിലയന്‍സ് ജിയോഫോണും നോക്കിയയുടെ 8110 (2018) ബനാനാ ഫോണും പ്രവര്‍ത്തിക്കുന്നത് കായ് ഓഎസിലാണ്. കായ് ഓഎസിനെ മറ്റ് ഫീച്ചര്‍ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്ന അഞ്ച് പ്രധാന സവിശേഷതകളാണ് താഴെ.
കായ് സ്റ്റോര്‍
ഫോണ്‍ ഉപയോക്താക്കള്‍ക്കായി നിരവധി ആപ്ലിക്കേഷനുകള്‍ ലഭ്യമാക്കുന്നു എന്നുള്ളതാണ് കായ് ഓഎസിന്റെ ആകർഷകമായ സവിശേഷതകളിലൊന്ന്. വിനോദങ്ങള്‍ക്കും മറ്റുപയോഗങ്ങള്ക്കുമുള്ള നിരവധി ആപ്ലിക്കേഷനുകള്‍ കായ് സ്റ്റോറില്‍ ലഭ്യമാണ്. പല മുന്‍നിര കമ്പനികളുടെയും ആപ്ലിക്കേഷനുകള്‍ കായ് ഓഎസിലുണ്ട്. അതായത് ആവശ്യാനുസരണം ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കാന്‍ കായ് സ്റ്റോറില്‍ സാധിക്കും. കായ് ഓഎസില്‍ വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, യൂട്യൂബ് പോലുള്ള ആപ്ലിക്കേഷനുകള്‍ ലഭ്യമാവുമെന്ന് ജിയോ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
4ജി സൗകര്യം
4ജി നെറ്റ് വർക്ക് അധിഷ്ടിതമാക്കിയുള്ള സേവനങ്ങൾ ലഭിക്കും എന്നതാണ് കായ് ഓഎസിന്റെ മറ്റൊരു സവിശേഷത. അതിവേഗ ബ്രൗസിങ്, വോൾടി സൗകര്യം, അതിവേഗ വീഡിയോ സ്ട്രീമിങ്, എന്നിവയെല്ലാം കായ് ഓഎസ് ഫോണുകൾ നൽകുന്നുണ്ട്.
ഗെയിമുകള്‍
ഗെയിമുകളാണ് കായ് ഓഎസിന്റെ മറ്റൊരു ഫീച്ചര്‍. ആന്‍ഡ്രോയിഡ് ഗോ പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്ക് കായ് ഓഎസ് വെല്ലുവിളി സൃഷ്ടിക്കുന്നതും അതിലെ ഗെയിമിങ് സൗകര്യത്തിലൂടെയാണ്. സുഗമമായി ഗെയിം കളിക്കാന്‍ കായ് ഓഎസിലൂടെ സാധിക്കും. ജനപ്രീതി ഏറിവരുന്ന സാഹചര്യത്തില്‍ നിരവധി ഗെയിം ഡെവലപ്പര്‍മാര്‍ ഇതിനോടകം കായ് ഓഎസിലേക്കും ശ്രദ്ധതിരിച്ചുകഴിഞ്ഞു. നിരവധി ചെറിയ ഗെയിമുകള്‍ കായ് ഓഎസില്‍ ലഭ്യമാണ്.
സോഷ്യല്‍മീഡിയയും മെസേജിങും
ജിയോഫോണിനെ വിപണിയില്‍ മുന്നേറാന്‍ സഹായിച്ചത് സ്മാര്ട്ഫോണുകളിലേത് പോലുള്ള അതിലെ സൗകര്യങ്ങളാണ്. ഫെയ്സ്ബുക്ക്, ഗൂഗിള്‍മാപ്പ്, ഗൂഗിള്‍ സെര്‍ച്ച് പോലുള്ള സൗകര്യങ്ങള്‍ ജിയോഫോണിലുണ്ട്. കായ് ഓഎസില്‍ രണ്ട് സിംകാര്‍ഡുകളും പ്രവര്‍ത്തിപ്പിക്കാനാവും. വാട്സാപ്പ്, യൂട്യൂബ് പോലുള്ള ജനപ്രിയ ആപ്പുകള്‍ക്കൊപ്പം ജിയോയുടെ തന്നെ സ്വന്തം മള്‍ട്ടിമീഡിയാ ആപ്ലിക്കേഷനുകളും ജിയോഫോണിലുണ്ട്. നോക്കിയയുടെ 8110 (2018) ഫോണിലും കായ് ഓഎസ് തന്നെയാണുള്ളത്.
ദൈര്‍ഘ്യമേറിയ ബാറ്ററി
അത്യാധുനിക സൗകര്യങ്ങള്‍ക്ക് പുറമെ ദൈര്‍ഘ്യമേറിയ ബാറ്ററി ശേഷിയും കായ് ഓഎസ് ഫോണുകള്‍ക്ക് നല്കുന്നു. നാല് ദിവസം വരെ ബാറ്ററി ചാര്‍ജ് നിലനിര്‍ത്താന്‍ കായ് ഓഎസിന് സാധിക്കും. 3000 mAh ബാറ്ററിയുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍ പോലും ഒരു ദിവസം കഷ്ടിച്ച് ചാര്‍ജുകള്‍ നില്ക്കുന്ന അവസ്ഥയിലുള്ളപ്പോഴാണ് കായ് ഓഎസ് നാല് ദിവസം വരെ ചാര്‍ജ് നില്‍ക്കുമെന്ന് ഉറപ്പുനല്‍കുന്നത്. ബാറ്ററി ചാര്‍ജ് സംരക്ഷിക്കാനുള്ള നിരവധി സംവിധാനങ്ങള്‍ കായ് ഓഎസ് ഒരുക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..