ക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫയര്‍ഫ്‌ളൈ എയറോസ്‌പേസിന്റെ ആല്‍ഫാ റോക്കറ്റ് ആകാശത്ത് പൊട്ടിത്തെറിച്ചത്. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് സ്‌പേസ് ഫോഴ്‌സ് ആസ്ഥാനത്ത് നിന്നായിരുന്നു വിക്ഷേപണം. ഒരു ചെറു ഉപഗ്രഹം ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനായിരുന്നു ഉദ്യമം. ഫയര്‍ഫ്‌ളൈയുടെ ആദ്യ വിക്ഷേപണമായിരുന്നു ഇത്.

വിക്ഷേപണത്തിന് രണ്ടര മിനിറ്റുകള്‍ക്ക് ശേഷം സൂപ്പര്‍സോണിക് വേഗത്തിലേക്ക് പ്രവേശിച്ച റോക്കറ്റ് പൊടുന്നനെ ഒരു വശത്തേക്ക് ചെരിഞ്ഞു. ഇതോടെ പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാവാതിരിക്കാന്‍ റോക്കറ്റ് നശിപ്പിച്ചുകളയാന്‍ സ്‌പേസ് ലോഞ്ച് ഡെല്‍റ്റ 30 തീരുമാനിക്കുകയായിരുന്നു. 

Firefly Alpha 001രണ്ട് ഘട്ടങ്ങളായിരുന്നു റോക്കറ്റിന് ഉണ്ടായിരുന്നത്. ലോഞ്ച് പാഡില്‍ നിന്ന് വിജയകരമായാണ് റോക്കറ്റ് വേര്‍പെട്ടത്. എന്നാല്‍ 15 സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ രണ്ടാമത്തെ എഞ്ചിന്‍ പ്രവര്‍ത്തനം നിലച്ചു. തുടര്‍ന്നും ഉയര്‍ന്നുകൊണ്ടിരുന്നു. നാല് എഞ്ചിനുകളുള്ള റോക്കറ്റില്‍ ഒന്ന് ഇല്ലാതായതോടെ ഉയരാന്‍ ആവശ്യമായ ശക്തി റോക്കറ്റിനുണ്ടായിരുന്നില്ല. എന്നിട്ടും നിയന്ത്രണം കൈവിടാതെ റോക്കറ്റ് ഉയരുകയും ചെയ്തു. എന്നാല്‍ സൂപ്പര്‍ സോണിക് വേഗത്തിലേക്ക് കടന്നതോടെ നിയന്ത്രണം കൈവിട്ടു. 

നിയന്ത്രണം വിട്ട റോക്കറ്റിനെ ഫ്‌ളൈറ്റ് ടെര്‍മിനേഷന്‍ സംവിധാനം (എഫ്ടിഎസ്) ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. റോക്കറ്റ് തകരാര്‍മൂലം പൊട്ടിത്തെറിക്കുകയായിരുന്നില്ല. 

എന്തായാലും രണ്ടാമത്തെ എഞ്ചിന്‍ നേരത്തെ പ്രവര്‍ത്തനരഹിതമായത് എന്തുകൊണ്ടാണെന്നുള്ള അന്വേഷണത്തിലാണ് അധികൃതര്‍. 

താമസിയാതെ തന്നെ ആല്‍ഫാ ഫ്‌ലൈറ്റ് 2 വിക്ഷേപിക്കുമെന്നാണ് ഫയര്‍ ഫ്‌ളൈ എയറോസ്‌പേസിന്റെ അറിയിപ്പ്.