എലന്‍ മസ്‌കിന്റെ നേതൃത്വത്തില്‍ സ്‌പേസ് എക്‌സ് പുതിയൊരു ഉദ്യമത്തിന് തയ്യാറെടുക്കുകയാണ്. 'ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ്'.

പരീക്ഷണം വിജയകരമായാല്‍ ലോകത്തെ ഏറ്റവും ശക്തിയേറിയ ഓപറേഷണല്‍ റോക്കറ്റ് എന്ന പേര് ഇതിന് വന്നു ചേരും. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ ഉച്ചയ്ക്ക് 1.30 നും വൈകീട്ട് നാല് മണിക്കും ഇടയിലാണ് റോക്കറ്റിന്റെ ആദ്യ ആളില്ലാ പരീക്ഷണം നടക്കുന്നത്.

ലോകത്ത് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ റോക്കറ്റ് ആണിതെന്ന് സ്‌പെയ്‌സ് എക്‌സ് തലവന്‍ എലന്‍ മസ്‌ക് പറഞ്ഞു.

18 ബോയിങ് 747 ജെറ്റ് വിമാനങ്ങളുടെ ശക്തിയില്‍ കുതിക്കാന്‍ 27 എഞ്ചിനുകളുടെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഈ റോക്കിറ്റിന് സാധിക്കും. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ അയക്കാന്‍ ശേഷിയുള്ളതാണ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ്.

പരീക്ഷണം വിജയകരമായാല്‍ അത് അനന്ത സാധ്യതകളാണ് സൃഷ്ടിക്കുക. മസ്‌ക് പറഞ്ഞു.

പുനരുപയോഗിക്കാന്‍ സാധിക്കുന്ന റോക്കറ്റുകള്‍ നിര്‍മ്മിച്ച് ശ്രദ്ധേയമായ കമ്പനിയാണ് സ്‌പെയ്‌സ് എക്‌സ്. അതുകൊണ്ടുതന്നെ അടുത്ത കാലത്ത് സ്‌പെയ്‌സ് എക്‌സ് നടത്തിയ റോക്കറ്റ് വിക്ഷേപണങ്ങള്‍ക്കെല്ലാം ഏറെ കാഴ്ചക്കാരും ഉണ്ടായിരുന്നു. ഇത്തവണയും ഏറെ പ്രതീക്ഷയിലാണ് ഫ്‌ലോറിഡയിലെ സ്‌പെയ്‌സ് കോസ്റ്റിന് പരിസരത്തുള്ളവര്‍.

ഹോട്ടല്‍ റൂമുകളും പാര്‍ക്കിങ് ഇടങ്ങളുമെല്ലാം ആളുകള്‍ കയ്യടക്കിക്കഴിഞ്ഞു.

എന്നാല്‍ ഇതൊരു പരീക്ഷണം മാത്രമാണെന്നും ഫാല്‍ക്കണ്‍ ഹെവിയുടെ വലിയ ശക്തി ഏറെ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മസ്‌ക് പറഞ്ഞു. 

നല്ലൊരു റോക്കറ്റ് വിക്ഷേപണം കാണാനോ അല്ലെങ്കില്‍ നല്ലൊരു ഫയര്‍വര്‍ക്ക് കാണാനോ ആയിരിക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തിച്ചേര്‍ന്നതെന്ന് തമാശ രൂപേണ മസ്‌ക് പറഞ്ഞു.

മൂന്ന് റോക്കറ്റ് ബൂസ്റ്ററുകളാണ് ഫാല്‍ക്കണ്‍ ഹെവിയ്ക്കുള്ളത് അവ മൂന്നും ഭൂമിയില്‍ തിരിച്ചറിക്കാനാണ് സ്പേസ് എക്‌സിന്റെ പദ്ധതി. നേരത്തെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് തിരിച്ചറിക്കുന്നതില്‍ സ്‌പെയ്‌സ് എക്‌സ് വിജയിച്ചിരുന്നു. നാസ ഈ റോക്കറ്റ് ഉപയോഗിക്കാനും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഒരു റോക്കറ്റ് ബൂസ്റ്റര്‍ മാത്രമാണ് ഇതിനുണ്ടായിരുന്നത്. 

മൂന്ന് റോക്കറ്റുകളും ഒരു പോലെ തിരിച്ചറിക്കാനുള്ള ആദ്യ ശ്രമം ഏറെ വെല്ലുവിളികളുയര്‍ത്തുന്നതാണ്.  ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പില്ലെന്ന് എലന്‍ മസ്‌ക് തന്നെ പറയുന്നു.

എന്ത് സംഭവിച്ചാലും തന്റെ കമ്പനിയെ സംബന്ധിച്ചിടത്തോളും ഒരു സുപ്രധാന നിമിഷമായിരിക്കും ഇതെന്നും മസ്‌ക് പറഞ്ഞു.