ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപനമായ ഫെയ്‌സ്ബുക്ക് അതിന്റെ സ്വന്തം ഉപഗ്രഹം (സാറ്റ്‌ലൈറ്റ്) 2016 ല്‍ വിക്ഷേപിക്കും. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്.

ഭൂമുഖത്തെ വിദൂരമേഖലകളില്‍ സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ഫെയ്‌സ്ബുക്കിന്റെ ബൃഹത്പദ്ധതിയുടെ ഭാഗമായാണിത്. വിദൂര ആഫ്രിക്കാന്‍ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുകയാകും ഫെയ്‌സ്ബുക്കിന്റെ ആദ്യ സാറ്റ്‌ലൈറ്റ് ചെയ്യുക.

ഫ്രാന്‍സ് കേന്ദ്രമായുള്ള 'യൂറ്റല്‍സാറ്റി'ന്റെ ( Eutelsat ) പങ്കാളിത്തത്തോടെയാണ് ഫെയ്‌സ്ബുക്ക് കൃത്രിമോപഗ്രഹം വിക്ഷേപിക്കുകയെന്ന് സക്കര്‍ബര്‍ക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു

AMOS-6, Facebook Satellite

ഉപഗ്രഹത്തിന്റെ പേര് AMOS-6 എന്നായിരിക്കും. അത് നിര്‍മാണഘട്ടത്തിലാണ്. ഉപഗ്രഹത്തിന്റെ ചിത്രവും സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

'ലോകത്തെ മുഴുവന്‍ പരസ്പരം കണക്ടുചെയ്യുകയെന്ന പ്രവര്‍ത്തനം ഞങ്ങള്‍ തുടരുകയാണ്'-സക്കര്‍ബര്‍ഗ് പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ വിവാദപദ്ധതിയായ Internet.org ന്റെ ഭാഗമായാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. 

നെറ്റ് സമത്വമെന്ന ആശയത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന പദ്ധതിയാണ് Internet.org എന്ന് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ കടുത്ത വിമര്‍ശം ഉയരുന്നതിനിടെയാണ്, പുതിയ പദ്ധതി ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നത് (ചിത്രങ്ങള്‍ കടപ്പാട്: Facebook ).