അക്കൗണ്ടുകളുടെ സുരക്ഷയ്ക്കായി മുഖം തിരിച്ചറിയുന്ന (ഫേഷ്യല്‍ റെക്കൊഗ്നിഷന്‍) സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്ക്. അക്കൗണ്ട് റിക്കവറി ഓപ്ഷന് ഉപയോഗിക്കുമ്പോള്‍ ഏറ്റവും എളുപ്പത്തില്‍ അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യാന്‍ ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും.
ഒരിക്കല്‍ ലോഗിന്‍ ചെയ്ത ഡിവൈസുകളില്‍ മാത്രമാണ് ഫേഷ്യല്‍ റെക്കൊഗ്നിഷന്‍ ഉപയോഗിച്ചുള്ള വെരിഫിക്കേഷന് നടത്താന്‍ സാധിക്കുക. മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ക്കായി ഉപയോക്താവിനെ തിരിച്ചറിയുന്നതിനും ഈ ഫീച്ചര്‍ ഉപയോഗിക്കാം.
നിലവില്‍ പാസ് വേഡ് മറന്നുപോയ അക്കൗണ്ടുകള്‍ തിരികെ ലഭിക്കുന്നതിനായി നിരവധി സംവിധാനങ്ങള്‍ ഫെയ്സ്ബുക്ക് ഒരുക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നായിരിക്കും ഫേഷ്യല്‍ റെക്കൊഗ്നിഷന്‍. മുഖം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരു പുതിയ വീഡിയോ ചാറ്റിങ് ഉപകരണം പുറത്തിറക്കാന്‍ ഫെയ്സ്ബുക്ക് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ആപ്പിളിന്റെ ഐഫോണ്‍ പത്തില്‍ ഫേഷ്യല്‍ റെക്കൊഗ്നിഷന്‍ സംവിധാനം അവതിരിപ്പിച്ചിട്ടുണ്ട്. നിരവധി ആന്‍ഡ്രോയിഡ് ഉപകരണ നിര്‍മ്മാതാക്കളും ഫേഷ്യല്‍ റെക്കൊഗ്നിഷ്യന് സൗകര്യത്തോടുകൂടിയുള്ള ഉപകരണങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലുമാണ്. ഈ സാഹചര്യത്തിലാണ് ഫെയ്സ്ബുക്ക് പോലുള്ള സ്ഥാപനങ്ങളും പുതിയ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗിക്കാന്‍ ആരംഭിക്കുന്നത്.
അതേസമയം ഫേഷ്യല്‍ റെക്കൊഗ്നിഷന്‍ സംവിധാനത്തിന്റെ സുരക്ഷിതത്വവും, അതുവഴി ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കുണ്ടാകുന്ന ഭീഷണികളും ചര്‍ച്ചയാവുന്നുമുണ്ട്. എന്തായാലും എത്രത്തോളം ഉപയോഗപ്രദമാണ് ഈ സംവിധാനമെന്ന് കണ്ടറിയണം.