യുവാക്കളായ സുഹൃത്തുക്കളില്‍ പലരുടെയും കഴിഞ്ഞ ദിവസങ്ങളിലേ സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലും സ്റ്റാറ്റസ് അപ്ഡേറ്റുകളിലും നിറഞ്ഞ് നിന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. നരച്ചമുടിയും ചുളിഞ്ഞ മുഖവുമുള്ള വൃദ്ധ മുഖങ്ങളാണ്. ഫെയ്സ് ആപ്പിന്റെ കരുവിരുതായിരുന്നു അത്. മുഖത്ത് പലവിധ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന ആപ്ലിക്കേഷനാണിത്. 2017 ജനുവരിയില്‍ അവതരിപ്പിക്കപ്പെട്ട ഫെയ്‌സ് ആപ്പ് വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. 

റഷ്യന്‍ ഡെവലപ്പര്‍മാര്‍ നിര്‍മിച്ച ഈ ആപ്ലിക്കേഷന്‍ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് മുഖങ്ങളില്‍ വിവിധ മാറ്റങ്ങള്‍ വരുത്തുന്നത്. വൃദ്ധ മുഖം ഉള്‍പ്പടെ വിവിധ ഫില്‍റ്ററുകള്‍ ഫെയ്‌സ് ആപ്പില്‍ ലഭ്യമാണ്. ഇതില്‍ ഇപ്പോഴത്തെ മുഖം പ്രായമായാല്‍ എങ്ങനെയായിരിക്കുമെന്ന് കാണാനാണ് പലരും ഇഷ്ടപ്പെടുന്നത്. ചിരിക്കാത്ത മുഖത്ത് ചിരി വരുത്താനും, പ്രായമായവരെ യുവാക്കളാക്കാനും, ഭംഗികൂട്ടാനും ഉള്‍പ്പടെയുള്ള ഫില്‍റ്ററുകള്‍ ഇതില്‍ ലഭ്യമാണ്. 

ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫെയ്‌സ് ആപ്പ് ലഭ്യമാണ്. അതേസമയം ഫെയ്‌സ് ആപ്പ് ഒരു സൗജന്യ ആപ്ലിക്കേഷന്‍ അല്ല. മൂന്ന് ദിവസം മാത്രമേ ഇത് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കൂ. അഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന് 1699 രൂപയാണ് ഐഓസ് പതിപ്പില്‍ ഇതിന് വില. 

നിരുപദ്രവകരമായ തമാശയും വിനോദവും ലക്ഷ്യമാക്കിയുള്ള ആപ്ലിക്കേഷന്‍ 2017 തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും വിവാദങ്ങളില്‍ പെടുകയും ചെയ്തിരുന്നു. ഫെയ്‌സ് ആപ്പ് ഫില്‍റ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ കറുത്തവരെ വെളുപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആപ്പ് വംശീയ വിവേചനം നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. 

ഇത് കുടാതെ അനുവാദമില്ലാതെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറുന്നുവെന്ന ആരോപണവും ആപ്പിനെതിരെ ഉയരുന്നുണ്ട്.

Content Highlights: FaceApp, fake face, face fliter, ios ,android, artificial intelligence