ജിമെയിലിന്റെ വെബ് പതിപ്പിന്റെ രൂപകല്‍പ്പനയില്‍ സമൂലമാറ്റങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. രൂപകല്‍പ്പനയിലും ഉള്ളടക്കത്തിലും പുതുമകൊണ്ടുവരുന്ന പുതിയ രൂപകല്‍പ്പനയാണ് ഗൂഗിള്‍ അവതകിപ്പിക്കുക. ഇപ്പോഴിതാ മറ്റൊരു വിവരം കൂടി പുറത്തുവരികയാണ്. ജിമെയിലില്‍ കാലാവധി തീരുന്ന ഇമെയിലുകള്‍ താമസിയാതെ ഗൂഗിള്‍ അവതതരിപ്പിക്കുമെന്നാണ് ടെക്ക് ക്രഞ്ചിന്റെ റിപ്പോര്‍ട്ട്.

അതായത് ഒരു നിശ്ചിത സമയ പരിധി കഴിഞ്ഞാല്‍ ഇമെയില്‍ വായിക്കാന്‍ സാധിക്കില്ല. മാത്രവുമല്ല ജിമെയിലില്‍ പുതിയതായി കോണ്ടുവരുന്ന 'കോണ്‍ഫിഡന്‍ഷ്യല്‍ മോഡ്' ഉപയോഗിച്ച് ഇമെയിലുകള്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വാര്‍ഡ് ചെയ്യുന്നതും കോപ്പി ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും പ്രിന്റ് ചെയ്യുന്നതും തടയാനാവും.

എന്നാല്‍ പുതിയ മാറ്റങ്ങളും പുതിയ ഫീച്ചറുകളും എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമല്ല. 

കാലാവധി കഴിയുന്ന ഇമെയിലുകള്‍ ഇന്‍ബോക്‌സില്‍ നിന്നും ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ചെയ്യപ്പെടുന്ന രീതിയിലായിരിക്കും ഉണ്ടാവുക. അതേസമയം കോണ്‍ഫിഡന്‍ഷ്യല്‍ ഇമെയിലില്‍ എന്‍ക്രിപ്ഷന്‍ സംവിധാനം ഉണ്ടാകുമോ എന്ന് വ്യക്തമല്ല. 

ഇമെയിലുകള്‍ക്ക് മറുപടി സന്ദേശം നിര്‍ദ്ദേശിക്കുന്ന സ്മാര്‍ട് റിപ്ലൈ സൗകര്യം, താല്‍കാലികമായി ഇമെയിലുകളെ മാറ്റി നിര്‍ത്താന്‍ സാധിക്കുന്ന സ്‌നൂസ് ബട്ടന്‍. എന്നിവയും ജിമെയിലിന്റെ പുതിയ രൂപത്തിലുണ്ടാവും.