സാന്‍ഫ്രാന്‍സിസ്‌കോ:  ഗൂഗിളിനെതിരെ ലൈംഗികാരോപണവുമായി മുന്‍ ജീവനക്കാരി. ഗൂഗിളിന്റെ പുരുഷാധിപത്യ സ്വഭാവം മൂലം തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നുവെന്നും അതില്‍ കമ്പനി ഒന്നും ചെയ്തില്ലെന്നും മോശം പ്രകടനമാണെന്നാരോപിച്ച് 2016 ല്‍ ഗൂഗിളില്‍ നിന്നും പുറത്താക്കപ്പെട്ട ലോറേറ്റ ലീ ആരോപിക്കുന്നു. 

ഫെബ്രുവരിയിലാണ്  ലൈംഗികാതിക്രമം, ലിംഗവിവേചനം, തെറ്റായ പുറത്താക്കല്‍ എന്നീ ആരോപണങ്ങളുയര്‍ത്തി ഗൂഗിളിനെതിരെ കാലിഫോര്‍ണിയ കോടതിയില്‍ ലോറേറ്റ പരാതി നല്‍കിയത്. 

താന്‍ തുടര്‍ച്ചയായി ലൈംഗികാതിക്രമത്തിന് വിധേയയായിട്ടുണ്ടെന്നും ഗൂഗിളിലുണ്ടായിരുന്ന സമയം മുഴുവന്‍ തനിക്കെതിരെ ആഭാസകരമായ സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ലോറേറ്റ പരാതിയില്‍ പറയുന്നു. 

സഹപ്രവര്‍ത്തകര്‍ താന്‍ കുടിക്കുന്ന പാനീയങ്ങളില്‍ മദ്യം കലര്‍ത്തി, ഒരാള്‍ മോശമായി സംസാരിച്ചു, മറ്റൊരാള്‍ മദ്യലഹരയില്‍ തന്നെ അടിക്കുകയുണ്ടായി.

2016 ജനുവരിയില്‍ ഒരു സഹപ്രവര്‍ത്തകന്‍ തന്റെ മേശക്കടിയില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തി. എന്താണ് അദ്ദേഹം അവിടെ ചെയ്തിരുന്നതെന്ന് ചോദിച്ചിട്ട് അയാള്‍ പറഞ്ഞില്ല. അടുത്ത ദിവസം അയാള്‍ തന്റെ നെയിം ബാഡ്ജില്‍ കയറി പിടിച്ച് തന്റെ പേര് ചോദിച്ചു. ആ സമയം തന്റെ മാറിടങ്ങളില്‍ കയ്യമര്‍ത്തി. ലീ പറയുന്നു.

സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പ്രത്യാക്രമണം പേടിച്ച് ഈ സംഭവം പരാതിപ്പെടാന്‍ ആദ്യം ലീ ഭയപ്പെട്ടുവെന്നും എന്നാല്‍ പിന്നീട് എച്ച്.ആര്‍ വകുപ്പില്‍ പരാതി നല്‍കിയപ്പോള്‍ തന്റെ വാദങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ലെന്ന് ലീ പറയുന്നു. 

പരാതി നല്‍കിയതിന്റെ പേരില്‍ തന്റെ പ്രൊജക്റ്റുകള്‍ക്കും താന്‍ എഴുതിയ കോഡുകള്‍ക്കും സഹപ്രവര്‍ത്തകര്‍ അംഗീകാരം നല്‍കിയില്ല. ഒപ്പം മോശം പ്രകടനം കാഴ്ചവെച്ചു എന്ന കുറ്റവും ചാര്‍ത്തിത്തന്നു.

ജോലി സ്ഥലത്തെ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ പാലിക്കുന്നതില്‍ ഗൂഗിള്‍ പരാജയമാണ്. കാര്യമായ ഒരു ശ്രമവും ഇതില്‍ ഗൂഗിളിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല പകരം ഇരയെ ശിക്ഷിക്കുകയാണെന്നും ലീ ഹര്‍ജിയില്‍ പറഞ്ഞു.

എന്നാല്‍ ലൈംഗികാതിക്രമം നടയുന്നതിന് തങ്ങള്‍ക്ക് ശക്തമായ നയങ്ങളുണ്ടെന്നും തങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ പരാതികളും പരിശോധിക്കാറുണ്ട്. കുറ്റം കണ്ടെത്തിയാല്‍ ജോലിയില്‍ നിന്നും പുറത്താക്കലുള്‍പ്പടെയുള്ള ആക്ഷനുകള്‍ തങ്ങള്‍ എടുക്കാറുണ്ടെന്നുമാണ് ലോറേറ്റ ലീയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഗൂഗിളിന്റെ പ്രതികരിച്ചത്. 

ഫെബ്രുവരിയില്‍ ഗൂഗിളില്‍ നിന്നും പുറത്താക്കപ്പെട്ട ടിം ഷെവലിയര്‍ എന്നയാളും ഇതേ ആരോപണങ്ങളുയര്‍ത്തി ഗൂഗിളിനെതിരെ രംഗത്തുവന്നിരുന്നു. സ്ത്രീകളെയും, ന്യൂനപക്ഷ വിഭാഗങ്ങളെയും എല്‍ജിബിടിക്യൂ ജീവനക്കാരെയും ലൈംഗികാതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതില്‍ ഗൂഗിള്‍ പരാജയപ്പെട്ടുവെന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയായ ഷെവലിയറിന്റെ ആരോപണം. 

Source: ndtv

Content Highlights: Ex-Employee Sues Google, on  Sexual Harassment, Loretta Lee