ചൊവ്വയില്‍ മനുഷ്യന്റെ സ്ഥിരതാമസം യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ്. അതായത് ചൊവ്വയില്‍ മനുഷന്റെ ഒരു കോളനി സൃഷ്ടിക്കുകയാണ് അദ്ദേഹം കാണുന്ന സ്വപ്‌നം. പലതവണ ഇക്കാര്യം മസ്‌ക് പ്രഖ്യാപിച്ചതാണ്. ഇപ്പോഴിതാ സ്വപ്‌നതുല്യമായ മറ്റൊരു പ്രഖ്യാപനം അദ്ദേഹം നടത്തിയിരിക്കുന്നു. 

കമ്പനിയുടെ 1000 സ്റ്റാര്‍ഷിപ്പുകള്‍ ഉപയോഗിച്ച് ഒരു ചൊവ്വാ നഗരം നിര്‍മിക്കാന്‍ തനിക്ക് സാധിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. സ്‌പേസ് എക്‌സിന്റെ വിക്ഷേപണ പദ്ധതികളെക്കുറിച്ചുള്ള ഒരാളുടെ ട്വീറ്റിനടിയിലാണ് അദ്ദേഹം ഇത് കമന്റ് ചെയ്തത്. 

സൗരയൂഥത്തില്‍ ജീവസാന്നിധ്യത്തിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ഗ്രഹമാണ് ചൊവ്വ. ഏറെക്കാലമായി അതിനുള്ള തെളിവുകള്‍ കണ്ടെത്താനും മനുഷ്യന് ഒരു ഗ്രഹാന്തര കുടിയേറ്റം സാധ്യമാവുമോ എന്ന് കണ്ടെത്താനുമുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

സുസ്ഥിരമായ ഒരു ചൊവ്വാനഗരം നിര്‍മിക്കാന്‍ ആയിരം സ്റ്റാര്‍ഷിപ്പുകള്‍ ആവശ്യമായിവരുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഗ്രഹങ്ങള്‍ നേര്‍രേഖയില്‍ വരികയുള്ളു എന്നതിനാല്‍ പത്ത് ലക്ഷം ടണ്‍ പേലോഡ് ചൊവ്വയിലെ ആല്‍ഫ ബേസിലെത്തിക്കാന്‍ 20 വര്‍ഷമെങ്കിലും എടുക്കും. ഒരു സുസ്ഥിര നഗരം സ്ഥാപിക്കാന്‍ അത് മതിയാവുമെന്ന് പ്രതീക്ഷിക്കുന്നു. 

അസംഭവ്യമെന്ന് കരുതുന്ന ഇത്തരം കണക്കുകൂട്ടലുകളും പ്രഖ്യാപനങ്ങളുമാണ് ഇലോണ്‍ മസ്‌കില്‍ നിന്നും എപ്പോഴും ഉണ്ടാവാറ്. പലതും അദ്ദേഹം യാഥാര്‍ഥ്യമാക്കിയിട്ടുമുണ്ട്. ചൊവ്വയിവലേക്ക് ആളെ അയക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. കാര്യങ്ങള്‍ പദ്ധതിപ്രകാരം മുന്നോട്ട് പോയാല്‍ 2022-ല്‍ സ്‌പേസ് എക്‌സ് സഞ്ചാരികളെ ചൊവ്വയിലെത്തിക്കും. 

മനുഷ്യന്റെ ബഹിരാകാശ യാത്ര സുഗമമാക്കാന്‍ ഒരു സ്റ്റാര്‍ഷിപ്പ് നിര്‍മിച്ചുവരികയാണ് ഇപ്പോള്‍ കമ്പനി. ഇതിന്റെ ആദ്യ പടി കമ്പനി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

Content Highlights: Elon musk says A thousand ships will be needed to create a sustainable Mars city