ട്വിറ്ററില്‍ മസ്‌ക് എന്തിന് വേണ്ടി വാദിച്ചോ അവ തന്നെയാണ് ഇപ്പോള്‍ തിരിഞ്ഞു കൊത്തുന്നത്


ബി.എസ്. ബിമിനിത്‌എലോൺ മസ്‌ക് | Photo: AFP

'കാശത്തേക്ക് റോക്കറ്റ് അയക്കുന്നവന് ഭൂമിയില്‍ ആരേയും പേടിക്കാനില്ല' എന്നു പറഞ്ഞാല്‍ അത് സ്‌പേസ് എക്‌സ്, ടെസ്ല തുടങ്ങിയ ആകാശത്തും ഭൂമിയിലും ഒരേപോലെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച കമ്പനികളുടെ ഉടമയും ശതകോടീശ്വരനും സര്‍വോപരി 'കിറുക്കനു'മായ എലോണ്‍ മസ്‌കിനേക്കുറിച്ചായിരിക്കും എന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. ട്വിറ്ററിനെ ഇന്നു കാണുന്ന കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് കൊട്ടിഘോഷിക്കപ്പെട്ട അദ്ദേഹത്തിന്റെ ആ കൂസലില്ലായ്മയാണ്. സമൂഹത്തിന്റെ 'ശക്തി'യെ നന്നായി മുതലെടുത്ത, സോഷ്യല്‍ മീഡിയ എന്ന ഇക്കാലത്തെ വലിയ ബിസിനസ് മോഡലുകളില്‍ ഒന്നിന്റെ ദൗര്‍ബല്യം കൂടി വെളിപ്പെടുത്തുന്നതാണ് മസ്‌കിന്റെ ട്വിറ്റര്‍ ഏറ്റെടുക്കലും അന്നുമുതല്‍ തുടരുന്ന പ്രതിസന്ധികളും.

ഒമ്പതു മാസം കൊണ്ടാണ് ലോകത്തെ ആദ്യത്തെ സോഷ്യല്‍ മീഡിയ കമ്പനികളിലൊന്നായ ട്വിറ്ററിന്റെ ഓഹരികള്‍ എലോണ്‍ മസ്‌ക് വാങ്ങിക്കൂട്ടുന്നതും, 9.1 ശതമാനം ഓഹരികളോടെ (264 കോടി ഡോളര്‍ മൂല്യം) ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ക്ഷണിക്കപ്പെടുന്നതും. മസ്‌ക് ട്വിറ്റര്‍ നേതൃത്തിലേക്ക് വരാതിരിക്കാന്‍ വിപണിയില്‍ 'പോയിസണ്‍ പില്‍' പ്രയോഗമുള്‍പ്പടെ നടത്തിയെങ്കിലും ആറുമാസം നീണ്ട നാടകങ്ങള്‍ക്കൊടുവില്‍ 4300 കോടി ഡോളറിന് ട്വിറ്റര്‍ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. അന്നു മുതല്‍ അപ്രവചനീയവും, ചടുലവുമായ ഇടപെടലുകള്‍ ട്വിറ്ററിനെ കൊണ്ടെത്തിച്ചത് കടുത്ത പ്രതിസന്ധിയിലാണ്. ട്വിറ്റര്‍ ഏറ്റെടുക്കുത്തിന് തൊട്ടു മുമ്പ് ഒരു സിങ്കുമായി (വാഷ് ബേസിന്‍) സാന്‍ഫ്രാന്‍സിസ്‌കോയിലെ ആസ്ഥാനത്തെത്തിയ മസ്‌ക് ആ വീഡിയോ പങ്കുവെച്ച് പുതിയ പദവിയുമായി പൊരുത്തപ്പെടാനാണ് (Sink in) എന്ന് ട്വീറ്റ് ചെയ്തു. അത് ഞെട്ടലിന്റെ തുടക്കം മാത്രമായിരുന്നു.

ഇന്റര്‍നെറ്റിന്റെ വികാസകാലത്ത് അതിന്റെ എല്ലാ ഗുണങ്ങളുടേയും പങ്കുപറ്റിയാണ് എലോണ്‍ മസ്‌ക് എന്ന സംരംഭകന്റെ വളര്‍ച്ച. ട്വിറ്ററില്‍ 80 മില്യണ്‍ ഫോളോവേഴ്‌സുള്ള അദ്ദേഹം വൈറല്‍ എന്ന സോഷ്യല്‍ മീഡിയയുടെ സവിശേഷത ആവോളം ആസ്വദിച്ചയാളുമാണ്. ട്വിറ്റര്‍ ഏറ്റെടുക്കല്‍ വിവാദങ്ങളുടെ കാലത്ത് സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ട്വിറ്ററിന്റെ അന്നത്തെ സി.ഇ.ഒ പരാഗ് അഗ്രവാളിന്റെ മറുപടിക്ക് അറപ്പും തമാശയും ആക്രമണോത്സുകതയും ഒന്നിക്കുന്ന 'പൂപ്പ് ഇമോജി' യായിരുന്നു മസ്‌കിന്റെ മറുപടി. ഇന്നും ട്വിറ്റര്‍ വിവാദവുമായി ബന്ധപ്പെട്ടുള്ള ട്വീറ്റുകളോട് മസ്‌കിന്റെ സമീപനം ഇങ്ങനെയൊക്കെ തന്നെയാണ്. ചിലപ്പോള്‍ അക്രമാസക്തവും ചിലപ്പോള്‍ തമാശക്കാരനാകുകയും ചെയ്യുന്ന ഇലോണ്‍ മസ്‌ക് എന്ത് എപ്പോള്‍ ചെയ്യുമെന്നറിയാതെ ഭയന്നിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ആ ഭയമാണ് മാര്‍ക്കറ്റില്‍ ട്വിറ്ററിനെ ഇപ്പോള്‍ തളര്‍ത്തിക്കളയുന്നത്. ഉപയോക്താക്കളുടെ സ്വഭാവമാറ്റം പെട്ടെന്ന് സ്വാധീനിക്കുന്ന മാധ്യമമാണ് സോഷ്യല്‍ മീഡിയ എന്നതുകൊണ്ടു ത്‌ന്നെ ചെറിയ തിരിച്ചടികള്‍ അതി്ല്‍ വലിയ ആഘാതമേല്‍പ്പിക്കുകയും ചെയ്യുന്നു.

ട്വിറ്റര്‍ കൈപ്പിടിയിലൊതുക്കിയ മസ്‌കിന്റെ ആദ്യ കമന്റ് 'ആ പക്ഷി (ലോഗോ) സ്വതന്ത്രയായിരിക്കുന്നു' എന്നായിരുന്നു. പിന്നെ, തന്നെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് സി.ഇ.ഒ പരാഗ് അഗ്രവാളിനേയും, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗലിനേയും സ്ഥാനത്തു നിന്ന് നീക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അവരെ പുറത്തിറക്കുകയും ചെയ്തു. ഇതേരീതിയിലായിരുന്നു കമ്പനിയുടെ പോളിസി ചീഫ് വിജയ ഗഡ്ഡയേയും ജനറല്‍ കോണ്‍സല്‍ സിയാന്‍ എഡ്ഗറ്റിനേയും പുറത്താക്കിയത്. 3700 ഓളം വരുന്ന കമ്പനിയുടെ പകുതി ജീവനക്കാരേയും മസ്‌ക് പറഞ്ഞുവിട്ടു. ഈ സംഭവം കമ്പനിയില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ ചെറുതായിരുന്നില്ല.

ഇന്റര്‍നെറ്റിലെ എസ്.എം.എസ് എന്നറിയപ്പെടുന്ന ചെറിയ സന്ദേശങ്ങള്‍ ട്വീറ്റായിരുന്നു മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വരെ വിലക്കിയ ധീരതയും ട്വിറ്ററിന് ആരാധകരെയുണ്ടാക്കിക്കൊടുത്തു. അറബ് വസന്തമുള്‍പ്പെടെ അതേ സ്വഭാവമുള്ള നിരവധ ജനകീയ പ്രക്ഷോഭങ്ങള്‍ക്കു കാരണമായ ട്വിറ്ററിനെ അതിന്റെ അടിസ്ഥാന സ്വഭാവങ്ങളില്‍ നിന്നെല്ലാം പറിച്ചെടുത്ത് വീ ചാറ്റ് പോലെ എല്ലാ സേവനങ്ങളും ലഭിക്കുന്ന 'എവരിതിങ് ആപ്പാ'ക്കി മാറ്റുമെന്ന മസ്‌കിന്റെ പ്രഖ്യാപനവും ആരാധകര്‍ക്ക് അത്ര രസിച്ചിരുന്നില്ല. എന്നാല്‍ ട്വിറ്ററിന്റെ ഗതിയെ തന്നെ മാറ്റി മറിക്കാന്‍ പോന്ന തീരുമാനം മാസം എട്ടുഡോളര്‍ കൊടുത്താല്‍ ആധികാരികതയുടെ ചിഹ്നമായ ബ്ലൂടിക് ആര്‍ക്കും നല്‍കാമെന്ന തീരുമാനമായിരുന്നു. അത് ലോകം കണ്ട മികച്ച കോമഡികളിലൊന്നായി മാറുന്നതാണ് പിന്നീട് നമ്മള്‍ കണ്ടത്.

ബ്ലൂടിക്ക് ആര്‍ക്കും ലഭിക്കാമെന്നായതോടെ പോപ്പ് ഫ്രാന്‍സിസ് മുതല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ലിയു ബുഷ് വരെയുള്ളവരുടെ പേരില്‍ ബ്ലൂടിക്കുള്ള വ്യാജന്മാര്‍ ഇറങ്ങി. എന്തിന് മസ്‌കിന്റെ സ്വന്തം സ്ഥാപനമായ സ്‌പേസ് എക്‌സിന്റേയും ടെസ്ലയുടേയും പേരില്‍ വരെ 'ആധികാരിക വ്യാജന്മാ'രെത്തി. 'Missed killing iraqis എന്ന വ്യാജ ബുഷിന്റെ ട്വീറ്റിന് താഴെ വ്യാജ ടോണി ബ്ലെയര്‍ വന്ന് 'ശരിയാണെ'ന്ന് പറഞ്ഞു. ട്വിറ്ററില്‍ അത്യാവശ്യ ജോലി ചെയ്യാന്‍ ആളില്ലാത്തതിന്റെ എല്ലാ പ്രതിസന്ധിയും ആ സ്ഥാപനം ഇപ്പോള്‍ അനുഭവിക്കുന്നുണ്ട്. നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം ട്വിറ്ററിന്റെ പുതിയ എലോണ്‍ മസ്‌ക് പതിപ്പിനെ വംശീയതയുടേയും, വിദ്വേഷ പ്രചാരണങ്ങളുടേയും വേദിയാക്കുന്നു എന്നത് സത്യമാണ്. ഈ സാഹചര്യത്തിലാണ് ദിനം പ്രതിയെന്നോണം ട്വിറ്ററിലെ ഉന്നത സ്ഥാനത്ത് ബാക്കിയായവര്‍ കൊഴിഞ്ഞു പോകുന്നു എന്ന വാര്‍ത്ത പുറത്തുവരുന്നത്.

എന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന എലോണ്‍ മസ്‌ക് ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരേയും സ്പാം ബോട്ടുകള്‍ക്കെതിരേയും ശക്തമായ ഇടപെടല്‍ നടത്തിയ ആളാണ്. അതിനെതിരെയുള്ള നീക്കത്തില്‍ മസ്‌കിന് നീരസമുണ്ടായതിന്റെ പേരിലാണ് സി.ഇ.ഒയെ 'പിടിച്ച് പുറത്താക്കി'യതും. ആ മസ്‌കിന്റെ ശരിയല്ലാത്ത തീരുമാനങ്ങളുടെ പേരിലാണ് ട്വിറ്റര്‍ ഇപ്പോള്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. മസ്‌ക് എന്തിന് വേണ്ടി വാദിച്ചോ അവ തന്നെ അദ്ദേഹത്തെ തിരിഞ്ഞു കൊത്തുന്നത്.

ട്വിറ്ററിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ സ്ഥിരമായി പരസ്യം നല്‍കിയ സുപ്രധാന പരസ്യ ദാതാക്കള്‍ വിട്ടു നില്‍ക്കുകയാണ്. ദിനം പ്രതി ട്വിറ്ററിലെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. അതോടെ 237.8 ബില്യണ്‍ പ്രതിദിന ആക്ടീവ് യൂസര്‍മാരില്‍ നിന്നും 1.18 ബില്യണ്‍ വരുമാനമുണ്ടാക്കിയ ട്വിറ്റര്‍ നിലവില്‍ പരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ സ്വകാര്യതയുടേയും മറ്റും ലംഘനങ്ങളുടേ പേരില്‍ പിഴ ലഭിച്ച ബാധ്യതയടക്കം കടുത്ത സാമ്പത്തിക ബാധ്യതയുണ്ട്. വേണ്ടത്ര ജീവനക്കാരില്ലാത്തതും, ട്വിറ്റര്‍ പ്ലാറ്റ്‌ഫോമിലെ സാങ്കേതിക ബുദ്ധിമുട്ടുകളും, ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതും, വരുമാനക്കുറവും മൂലം കടക്കെണിയുടെ വക്കിലാണ് ട്വിറ്ററെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ പറയുന്നു. എലോണ്‍ മസ്‌ക് ട്വിറ്ററിന് ബാധ്യതയാണോ എന്ന ചോദ്യം പോലും അപ്രസക്തമാകുന്നു.

പിന്‍കുറിപ്പ്‌: 'എലോണിന് ട്വിറ്റര്‍ ഉപയോക്താക്കളെ ഉപയോഗിച്ച് എങ്ങനെ പണമുണ്ടാക്കണം എന്ന കാര്യത്തില്‍ മാത്രമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നിലപാടുകളിലോ, സര്‍ക്കാര്‍ വിമര്‍ശകരിലോ, വരുമാനം കിട്ടാത്ത നാടുകളിലെ കാര്യങ്ങളിലോ അദ്ദേഹം ശ്രദ്ധവെക്കുമെന്ന് തോന്നുന്നില്ല' എന്ന കമ്പനി അറ്റോര്‍ണി അയച്ച ആഭ്യന്തര സന്ദേശം അടുത്ത ദിവസം പുറത്തുവന്നിരുന്നു. ട്വിറ്റര്‍ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കാന്‍ ഈ ഉദാഹരണം തന്നെ മതിയാകും.

Content Highlights: Elon Musk's Twitter Takeover crisis

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented