സ്‌പേസ് എക്‌സ് ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന സാങ്കേതിക ലോകത്തെ സഹസ്രകോടീശ്വരനായ വ്യവസായി എലന്‍ മസ്‌കിന്റെ സ്വപ്‌നങ്ങളെ ഭ്രാന്തമെന്ന് വിളിച്ചത് അല്‍പം അതിശയോക്തി കലര്‍ത്തിയാണ്. സാധാരണക്കാരന്റെ സ്വപ്‌നങ്ങളേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നവയാണ് അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെന്ന് അവയെ കുറിച്ച് കേട്ടാല്‍ നിങ്ങള്‍ക്ക് മനസിലാവും. ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഇതിനോടകം അദ്ദേഹം ആരംഭിച്ചു കഴിഞ്ഞതാണ്.

space X
Screen Shot From SpaceX Video

 

ചൊവ്വാഗ്രഹത്തെ കയ്യടക്കുക

മനുഷ്യര്‍ ബഹുഗ്രഹവാസികളാകുന്ന കാലം വരുമെന്ന് എലന്‍ മസ്‌ക് ഒരിക്കല്‍ പറയുകയുണ്ടായി. ബഹിരാകാശ യാത്രയുടെ ചിലവ് കുറയ്ക്കുക എന്ന ആശയത്തിന് തുടക്കമിടുന്നത് സ്‌പെയ്‌സ് എക്‌സ് എന്റര്‍പ്രൈസ് ആണ്. അതിന്റെ ഭാഗമായാണ് ഒരിക്കല്‍ വിക്ഷേപിച്ച റോക്കറ്റുകള്‍ തിരിച്ചിറക്കാനും പുനരുപയോഗിക്കാനുമുള്ള സാങ്കേതിക വിദ്യ സ്‌പേസ് എക്‌സ് വിജയകരമായി വികസിപ്പിച്ചത്. ഇപ്പോഴിതാ ടണ്‍കണക്കിന് ഭാരം താങ്ങാന്‍ ശേഷിയുള്ള ശക്തിയേറിയ റോക്കറ്റ് പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ചൊവ്വാഗ്രഹത്തിലേക്ക് ചരക്കുകളെത്തിക്കാന്‍ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അഡെലെഡില്‍ നടന്ന 68-ാമത് അന്താരാഷ്ട്ര ആസ്‌ട്രോണമിക്കല്‍ കോണ്‍ഗ്രസില്‍ എലന്‍ മസ്‌ക് പറയുകയുണ്ടായി. മസ്‌ക് ലക്ഷ്യമിടുന്നത് ചൊവ്വാ ഗ്രഹത്തെയാണ്. അവിടെ മനുഷ്യ സാന്നിധ്യം ഉറപ്പിക്കുക. 2024 ഓടെ അത് സാധ്യമാവുമെന്നാണ് മസ്‌കിന്റെ പ്രതീക്ഷ.

Hyperloop
Image Credit: twitter.com/HyperloopOne

 

മണിക്കൂറില്‍ 1000 കിലോമീറ്ററിലേറെ  വേഗതയില്‍ ഭൂഗര്‍ഭപാതയിലൂടെയുള്ള സഞ്ചാരം

ഹൈപ്പര്‍ ലൂപ്പ് എന്ന പുത്തന്‍ അതിവേഗ ഗതാഗത സാങ്കേതികവിദ്യയുടെ ജനനം അങ്ങനെയാണ്. മണിക്കൂറില്‍ 1000 കിലോമീറ്ററിലേറെ വേഗത. ലോസ് ആഞ്ചല്‍സില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്കും ന്യൂയോര്‍ക്കില്‍ നിന്നും വാഷിങ്ടണ്‍ ഡിസിയിലേക്കും 30 മിനിറ്റുകൊണ്ട് സഞ്ചാരം. ഈ രണ്ട് പാതകളാണ് ഇപ്പോള്‍ ഹൈപ്പര്‍ലൂപ്പ് പദ്ധതിയിടുന്നത്. 

Tesla Gigafactory
Concept Tesla Giga Factory, Screen Shot from Tesla Video

 

ലോകത്താകമാനം വൈദ്യുതി

നേവാഡ മരുഭൂമിയ്ക്ക് നടുവില്‍ ടെസ്ലയുടെ ഒരു ഭീമന്‍ ബാറ്ററി ഫാക്ടറിയുണ്ട്. 'ജിഗാ ഫാക്ടറി വണ്‍' എന്ന ഈ പദ്ധതിയെ എലന്‍ മസ്‌ക് വിളിക്കുന്നത് ഏലിയന്‍ ഡ്രെഡ്‌നോട്ട് ( alien dreadnought ) എന്നാണ്. നിര്‍മ്മാണം പൂര്‍ത്തിയാവുമ്പോള്‍ 540,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പണിയുന്ന ലോകത്തെ ഏറ്റവും വലിയ കെട്ടിടമാവും ഇത്. ലോകത്താകമാനമുള്ള ലിഥിയം അയേണ്‍ ബാറ്ററി കളില്‍ നിന്നുള്ള വൈദ്യുതിക്ക് തുല്യമായ അത്രയും വൈദ്യുതി നിര്‍മ്മിക്കാന്‍ ശേഷിയുള്ള സ്ഥാപനവും.

Artificial Intelligance
Photo by: BSIP/UIG via Getty Images

 

തലച്ചോറിനെയും കമ്പ്യൂട്ടറിനേയും ബന്ധിപ്പിക്കുക

ജൈവിക ബുദ്ധിയെയും യാന്ത്രിക ബുദ്ധിയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ന്യൂറാലിങ്ക് എന്ന കമ്പനിയുടെ സ്ഥാപകരില്‍ ഒരാളാണ് എലന്‍ മസ്‌ക്. തലച്ചോറിനേയും കമ്പ്യൂട്ടറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ മനുഷ്യരുടെ ബുദ്ധിവികാസം, ഓര്‍മ ശക്തി വര്‍ധിപ്പിക്കുക, ഫലപ്രദമായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തമാക്കുക, അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കുക തുടങ്ങിയവ സാധ്യമാവും.

Satellites
Photo by: QAI Publishing/UIG via Getty Images

 

സ്റ്റാര്‍ ലിങ്ക് പദ്ധതി

ഭൂമിയ്ക്ക് ചുറ്റും ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ സ്ഥാപിച്ച് ഒരു ഉപഗ്രഹ ശൃംഖല സ്ഥാപിക്കുകയും അതുവഴി ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുകയും ചെയ്യുക. സ്റ്റാര്‍ ലിങ്ക് പദ്ധയിലൂടെ എലന്‍ മസ്‌ക് ലക്ഷ്യമിടുന്നത് ഇതാണ്. ഇന്റര്‍നെറ്റ് മാത്രമല്ല. ഭൗമ ചിത്രീകരണം റിമോട്ട് സെന്‍സിങ് ഉള്‍പടെയുള്ള കാര്യങ്ങളും ഈ പദ്ധതിയിലൂടെ മസ്‌ക് ലക്ഷ്യമിടുന്നു. 

Space X
InterCity Rocket Travel Concept, ScreenShot From SpaceX Video

 

റോക്കറ്റില്‍ ഒരു നഗരത്തില്‍ നിന്നും ബഹിരാകാശം കടന്ന് മറ്റൊരു നഗരത്തിലേക്ക് 

ഓസ്ട്രേലിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ ആസ്ട്രോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ ഒരു അതിശയകരമായ വാഗ്ദാനവുമായാണ് എലന്‍ മസ്‌ക് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ബഹിരാകാശത്തേക്ക് യാത്ര ചെയ്യാനുള്ള അതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ ഭൂമിയിലെ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് യാത്രചെയ്യാനാകുമെന്നായിരുന്നു ആ വാഗ്ദാനം. അത് എങ്ങനെ ആയിരിക്കുമെന്നതിന്റെ മാതൃകയും അദ്ദേഹം വേദിയില്‍ പ്രദര്‍ശിപ്പിച്ചു. കൂടിയത് 30 മിനിറ്റിനുള്ളില്‍ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് റോക്കറ്റുകള്‍ വഴി യാത്രചെയ്യാനാകുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഡല്‍ഹിയില്‍ നിന്നും ടോക്യോയിലേക്ക് വെറും 30 മിനിറ്റ് യാത്ര ചെയ്താല്‍ മതി. അതും വിമാനയാത്രയ്ക്ക് വേണ്ടിവരുന്ന അതേ ചിലവില്‍. റോക്കറ്റ് സാങ്കേതിക വിദ്യയില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ച സ്‌പേയ്‌സ് എക്‌സില്‍ നിന്നും അത്ഭുതങ്ങള്‍ ഇനിയും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.

Content Highlights: Elon Musk’s dream ideas SpaceX Falcon 9 Mars Mission Starlink