ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് ബഹിരാകാശം വഴി സഞ്ചാരം സാധ്യമാക്കുന്നതിനായി സ്‌പേയ്‌സ് എക്‌സ് നിര്‍മിക്കാനിരിക്കുന്ന യാത്രാവാഹനം ഇനി പുതിയ പേരില്‍ അറിയപ്പെടും. ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ് അഥവാ ബിഎഫ്ആര്‍ എന്ന പേര് മാറ്റി വാഹനത്തിന് 'സ്റ്റാര്‍ഷിപ്പ് ' എന്ന് പേര് നല്‍കിയതായി സ്‌പേയ്‌സ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് പറഞ്ഞു.

ഇതുവരെയും നിര്‍മിച്ചിട്ടില്ലാത്ത ഒരു വാഹനത്തിന്റെ പേര് എന്തുകൊണ്ടാണ് മാറ്റിയതെന്ന് മസ്‌ക് വ്യക്തമാക്കിയില്ല. എന്നാല്‍ സ്റ്റാര്‍ഷിപ്പിന്റെ റോക്കറ്റ് ബൂസ്റ്ററിനെ സൂപ്പര്‍ ഹെവി എന്നായിരിക്കും വിളിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയായാല്‍ 2023 ല്‍ പദ്ധതിയ്ക്ക് തുടക്കമിടാനാവുമെന്നാണ് സ്‌പെയ്‌സ് എക്‌സ് കരുതുന്നത്.

ഇത് നാലാം തവണയാണ് പ്രഖ്യാപിത ബഹിരാകാശ യാത്രാ വാഹനത്തിന്റെ പേര് സ്്‌പേസ് എക്‌സ് മാറ്റുന്നത്. മാര്‍സ് കോളോണിയല്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ (എം.സി.ടി.) എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീട് അത് ഇന്റര്‍ പ്ലാനറ്ററി ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം (ഐ.ടി.എസ്) എന്നാക്കി മാറ്റി. ശേഷമാണ് ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ് (ബി.എഫ്.ആര്‍)  എന്ന് പേര് മാറ്റിയത്. 

ഫാല്‍ക്കണ്‍ 9, ഫാല്‍ക്കണ്‍ ഹെവി വാഹനങ്ങള്‍ക്ക് സ്റ്റാര്‍ഷിപ്പ് പകരക്കാരനായി മാറും. 500 കോടി ഡോളറാണ് ഇത് നിര്‍മിക്കുന്നതിന് ചിലവ് കണക്കാക്കുന്നത്.

ആളുകളെ ഈ വാഹനത്തില്‍ കയറ്റി ബഹിരാകാശ യാത്ര സാധ്യമാക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം. ജപ്പാന്‍ വ്യവസായിയും കോടിശ്വരനുമായ യുസാകു മേസാവയായിരിക്കും ആദ്യ യാത്രക്കാരനെന്നും മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്. ചന്ദ്രനെ ചുറ്റിയുള്ള യാത്രയാണ് പദ്ധതിയിടുന്നതെങ്കിലും വാഹനം ചന്ദ്രനിലിറങ്ങില്ല. നൂറോളം യാത്രക്കാരെ ഒരേ സമയം ബഹിരാകാശത്തെത്തിക്കാന്‍ ഈ വാഹനത്തിന് ശേഷിയുണ്ടാകുമെന്ന് മസ്‌ക് മുമ്പ് പറഞ്ഞിരുന്നു.

Content Highlights: Elon Musk renames his BFR spacecraft Starship SpaceX