പ്രമുഖ വ്യവസായി എലന്‍ മസ്‌ക് തന്റെ സ്ഥാപനങ്ങളായ ടെസ്‌ലയുടേയും സ്‌പേസ് എക്‌സിന്റേയും ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്തു. തന്റെ ട്വിറ്റര്‍ ഫോളോവര്‍മാരുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഈ നീക്കം. 

വിവര വിശകലന സ്ഥാപനമായ കേബ്രിജ് അനലറ്റിക അഞ്ച് കോടിയോളം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി കൈക്കലാക്കിയ സംഭവം വിവാദമായതിന് പിന്നാലെ ഡിലീറ്റ് ഫേയ്‌സ്ബുക്ക് എന്ന് ഹാഷ്ടാഗ് കാമ്പയിന്‍ സോഷ്യല്‍  മീഡിയയില്‍ ശക്തി പ്രാപിച്ചിട്ടുണ്ട്.

വാട്‌സ്ആപ്പിന്റെ സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍ "It is time. #deletefacebook "എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് താഴെ ' എന്താണ്  ഫെയ്‌സ്ബുക്ക് ?' എന്നായിരുന്നു എലന്‍ മസ്‌കിന്റെ മറുപടി. ഈ കമന്റ് കണ്ട ഒരാള്‍ നിങ്ങൾ ആണാണെങ്കില്‍ സ്‌പേയ്‌സ് എക്‌സിന്റെ ഫെയ്‌സ്ബുക്ക് പേജ് നീക്കം ചെയ്യാമോ എന്ന് വെല്ലുവിളിച്ചു.

സ്പേയ്സ് എക്സിന് ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടെന്നുള്ളത് തനിക്കറിയില്ലായിരുന്നുവെന്നും തീർച്ചയായും താനത് നീക്കം ചെയ്യുമെന്നുമായിരുന്നു ഈ വെല്ലുവിളിയിക്കുള്ള മസ്‌കിന്റെ മറുപടി. താമസിയാതെ സ്‌പേസ് എക്‌സിന്റെ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടു. ഒപ്പം ടെസ്ലയുടേയും.

മുന്‍പെങ്ങും ഇല്ലാത്ത വിധം വലിയ ആഘാതമാണ് കേംബ്രിജ് അനലറ്റിക്ക വഴിയുണ്ടായ വിവര ചോര്‍ച്ച് ഫെയ്‌സ്ബുക്കിനുണ്ടാക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് സുരക്ഷയെ കുറിച്ചും നിലനില്‍പ്പിനെ കുറിച്ചും ഭാവിയെ കുറിച്ചുമെല്ലാമുള്ള സജീവ ചര്‍ച്ചകള്‍ ഇതോടുകൂടി ആരംഭിച്ചു. സാങ്കേതിക രംഗത്തെ പ്രമുഖരും നിരവധി ഭരണകൂടങ്ങളും ഫെയ്‌സ്ബുക്കിനെതിരെ കര്‍ശന നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: Elon Musk pulls Tesla and SpaceX from Facebook