ചാറ്റ് ബോട്ട് വിപ്ലവത്തിന് തുടക്കമിട്ട ഓപ്പണ്‍ എഐയ്ക്ക് പിന്നിലും മസ്‌കിന്റെ കൈകള്‍


2 min read
Read later
Print
Share

Photo: Elon Musk

താര നിക്ഷേപകരില്‍ ഒരാളാണ് ഇലോണ്‍ മസ്‌ക്. വമ്പന്‍ പദ്ധതികളും അവയിലൂടെ ആശ്ചര്യകരമായ മുന്നേറ്റങ്ങളും, ടെസ് ല, സ്‌പേസ് എക്‌സ്, സ്റ്റാര്‍ലിങ്ക്, ന്യൂറാലിങ്ക് തുടങ്ങി അദ്ദേഹത്തിന്റെ കീഴിലുള്ള വലിയ പദ്ധതികള്‍ പലതുണ്ട്. അതി നൂതന ആശയങ്ങളുടെ സാധ്യതകളറിഞ്ഞ് നിക്ഷേപം നടത്തുന്ന ഇലോണ്‍ മസ്‌ക് അതിവേഗ സഞ്ചാരം ലക്ഷ്യമിട്ടുള്ള ഹൈപ്പര്‍ലൂപ്പ് പദ്ധതിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകള്‍ ലക്ഷ്യമിട്ട് തുടങ്ങിയ ഓപ്പണ്‍ എഐയിലും ആദ്യ നിക്ഷേപകരില്‍ ഒരാളായിരുന്നു.

ഇന്ന് വളരെയേറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പണ്‍ എഐയുടെ മേധാവി ആയിരുന്നു ഇലോണ്‍ മസ്‌ക് എന്ന് പറഞ്ഞാല്‍ എത്രപേര്‍ക്ക് ഓര്‍മയുണ്ടാവും?

2015 ല്‍ ഓപ്പണ്‍ എഐയ്ക്ക് തുടക്കമിട്ടവരില്‍ ഒരാളാണ് ഇലോണ്‍ മസ്‌ക്. മസ്‌ക്, സാം ആള്‍ട്ട്മാന്‍, റെയ്ഡ് ഹോഫ്മാന്‍, ജസിക ലിവിങ്സ്റ്റണ്‍, ഇല്യ സുറ്റ്സ്‌കെവര്‍, പീറ്റര്‍ തീയെല്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് ഓപ്പണ്‍ എഐയ്ക്ക് തുടക്കമിട്ടത്. ഓപ്പണ്‍ എഐ എന്തായിരിക്കണം എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ച തീരുമാനങ്ങളില്‍ മസ്‌കിന് വലിയ പങ്കുണ്ട്. സിഇഒ സ്ഥാനത്തിരിക്കുമ്പോഴാണ് 2018 ല്‍ ഇലോണ്‍ മസ്‌ക് ഓപ്പണ്‍എഐയുടെ ഡയറക്ടര്‍ബോര്‍ഡില്‍ നിന്ന് രാജിവെച്ചത്.

ഭാവിയില്‍ മനുഷ്യവംശം നേരിടാന്‍ പോവുന്ന ഏറ്റവും വലിയ ഭീഷണിയായിരിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന അഭിപ്രായക്കാരനാണ് ഇലോണ്‍മസ്‌ക്. ചാറ്റ്ജിപിടി അവതരിപ്പിക്കപ്പെട്ടതിന് പിന്നാലെ ദുബായില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിലും അദ്ദേഹം ഇതേ വാദം ആവര്‍ത്തിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉയര്‍ത്തുന്ന ഈ ഭീഷണികള്‍ കൊണ്ടു തന്നെയാണ് ഓപ്പണ്‍ എഐ എന്ന ആശയത്തിലേക്ക് തങ്ങള്‍ എത്തിയതെന്ന് കമ്പനിയുടെ സഹ സ്ഥാപകരായ ഇലോണ്‍ മസ്‌കും, സാം ആള്‍ട്മാനും ഒരിക്കല്‍ പറയുകയുണ്ടായി.

ആര്‍ട്ടിഫിഷ്യലിന്റെ സുരക്ഷിതമായ ഉപയോഗവും അതില്‍ നിന്ന് മനുഷ്യനുണ്ടായേക്കാവുന്ന ഭീഷണികളില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും ഈ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഗവേഷണങ്ങള്‍ ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ഓപ്പണ്‍ എഐ എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്.

ബോര്‍ഡ് അംഗങ്ങളുമായി ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് മസ്‌ക് കമ്പനിയില്‍ നിന്ന് രാജിവെച്ചത് എന്നായിരുന്നു അന്നത്തെ വാര്‍ത്തകള്‍. സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ക്ക് വേണ്ടി സ്വന്തം നിലയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഗവേഷണങ്ങള്‍ നടത്തിയിരുന്ന ടെസ്ലയുടെ ഉടമയും മേധാവിയും കൂടിയായിരുന്നു അന്ന് ഇലോണ്‍ മസ്‌ക്.

ഒരു എഐ സ്ഥാപനത്തിന്റെ ഉടമ ഓപ്പണ്‍ എഐയുടെ മേധാവി ആയിരിക്കുന്നതില്‍ അന്ന് കമ്പനി ബോര്‍ഡ് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടാക്കിയിരുന്നുവെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 2018ല്‍ മസ്‌ക് ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനവും ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും രാജിവെച്ചത്. പിന്നീട് അദ്ദേഹം പൂര്‍ണമായും ഓപ്പണ്‍ എഐയില്‍ നിന്നും പുറത്തുപോയി.

ഇലോണ്‍ മസ്‌ക് പുറത്തുപോയതിന് ശേഷം 2019 ല്‍ ഓപ്പണ്‍ എഐ നോണ്‍ പ്രോഫിറ്റ് സ്ഥാപനം എന്നതില്‍ നിന്ന് മാറി ഒരു ഫോര്‍-പ്രോഫിറ്റ് സ്ഥാപനമായി മാറി. കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂടി വേണ്ടിയായിരുന്നു ഇത്. പിന്നീട് 2020 ലാണ് ജിപിടി-3 എന്ന ലാംഗ്വേജ് മോഡല്‍ ഓപ്പണ്‍ എഐ അവതരിപ്പിച്ചത്. ഇതിന്റെ അപ്‌ഡേറ്റഡ് പതിപ്പായ ജിപിടി 3.5 എന്ന ലാംഗ്വേജ് മോഡലിനെ അടിസ്ഥാനമാക്കിയാണ് 2022 ല്‍ ചാറ്റ് ജിപിടി അവതരിപ്പിച്ചത്.

നിലവില്‍ ഓപ്പണ്‍ എഐയുടെ സിഇഒ സാം ആള്‍ട്മാന്‍ ആണ്. മറ്റ് സഹസ്ഥാപകരായ ഗ്രെഗ് ബ്രോക്ക്മാനും (പ്രസിഡന്റ്) ഇല്യ സുറ്റ്‌സ്‌കെവറും (ചീഫ് സൈന്റിസ്റ്റ്) ഓപ്പണ്‍ എഐയുടെ നേതൃനിരയിലുണ്ട്.

2019 ല്‍ ഓപ്പണ്‍ എഐയില്‍ 100 കോടി ഡോളര്‍ നിക്ഷേപവും 2023 ല്‍ 1000 കോടി നിക്ഷേപവും നടത്തിയ മൈക്രോസോഫ്റ്റ് ആണ് ഓപ്പണ്‍ എഐയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ നിക്ഷേപകര്‍. മൈക്രോസോഫ്റ്റിന് പുറമെ, ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയായ ഇന്‍ഫോസിസും ഇന്ത്യന്‍ അമേരിക്കനായ വിനോദ് ഖോസ്ലയുടെ ഖോസ്ല വെഞ്ചേഴ്‌സും ഓപ്പണ്‍ എഐയിലെ കോര്‍പ്പറേറ്റ് നിക്ഷേകരാണ്. ഇവര്‍ക്ക് പുറമെ കമ്പനിയുടെ സഹസ്ഥാപകരായ റെയ്ഡ് ഹോഫ്മാന്‍, പീറ്റര്‍ തിയെല്‍ എന്നിവരും ജസിക്ക ലിവിങ്സ്റ്റണും കമ്പനിയിലെ വ്യക്തിഗത നിക്ഷേപകരാണ്.


Content Highlights: elon musk connection with chat gpt

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
AI
Premium

7 min

AI നാട്ടിലിറങ്ങുമ്പോള്‍ മനുഷ്യന് സംഭവിക്കുന്നത്‌

May 24, 2023


iPhone 14 series satellite connectivity what is it and how to use

2 min

ഐഫോണ്‍ 14-ലെ സാറ്റലൈറ്റ് കണക്റ്റിവിറ്റി കൊണ്ടുള്ള ഉപയോഗം എന്ത്?

Sep 10, 2022


mathrubhumi

1 min

മെഷീന്‍ ലേണിങ് വഴി നടിമാരുടെ പോണ്‍ വീഡിയോകള്‍ നിര്‍മ്മിക്കാനും സോഫ്റ്റ് വെയര്‍

Feb 2, 2018

Most Commented