തായ്‌ലാന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ സഹായകമായേക്കാവുന്ന ലോഹ പേടകത്തിന്റെ ചിത്രവും വീഡിയോയും പങ്കുവെച്ച് സ്‌പെയ്‌സ് എക്‌സ്, ടെസ്‌ല മേധാവി എലന്‍ മസ്‌ക്.  'കിഡ്‌സ് സൈസ് സബ് മറൈന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പേടകം ലോസ് ആഞ്ജലിസിലെ ഒരു ഹൈസ്‌കൂളിലുള്ള നീന്തല്‍ കുളത്തില്‍ പരീക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യം ട്വിറ്ററിലാണ് മസ്‌ക് പങ്കുവെച്ചത്.

തായ്‌ലാന്‍ഡിലെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്രദമായേക്കുമെന്ന പ്രതീക്ഷയില്‍ ഈ പേടകം അവിടേക്ക് അയച്ചിട്ടുണ്ട്. ഇത് 17 മണിക്കൂറുകള്‍ക്കുള്ളില്‍ അവിടെ എത്തുമെന്നും എലന്‍ മസ്‌ക് ട്വീറ്റ് ചെയ്തു. തായ്‌ലന്‍ഡിലല്ലെങ്കില്‍ സമാന സാഹചര്യം ഭാവിയിലെ്‌പ്പോഴെങ്കിലും ഉണ്ടായാല്‍ അവിടെ പേടകം ഉപയോഗിക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.

ഞായറാഴ്ച ഗുഹയ്ക്കകത്ത് അകപ്പെട്ട നാല് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. രണ്ട് മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെ ഓരോ കുട്ടികളെയായി ബഡ്ഡി ഡൈവിങ് വഴിയാണ് പുറത്തേക്ക് എത്തിച്ചത്. 

കിഡ് സൈസ് സബ്മറൈന്‍

പേര് പോലെ ഒരു കുഞ്ഞന്‍ മുങ്ങിക്കപ്പല്‍ തന്നെയാണ് ഈ ലോഹക്കുഴല്‍.  സ്‌പേയ്‌സ് എക്‌സിന്റെ ഫാല്‍ക്കന്‍ 9 റോക്കറ്റിന് വേണ്ടി ഉപയോഗിക്കുന്ന സില്‍വര്‍ ട്യൂബ് ഉപയോഗിച്ചാണ് ഈ കിഡ് സൈസ് സബ് മറൈന്‍ എലന്‍മസ്‌കിന്റെ സാങ്കേതിക വിദഗ്ദര്‍ നിര്‍മിച്ചത്. തായ്‌ലന്‍ഡിലെ അപകടം നടന്ന സ്ഥലത്തെ സാഹചര്യങ്ങളും പരിശോധിച്ച ശേഷമാണ് ഇതിന്റെ നിര്‍മാണം.

രണ്ട് മുങ്ങല്‍ വിദഗ്ദര്‍ക്ക് വലിച്ചുകൊണ്ടു പോകാന്‍ സാധിക്കും വിധം ഭാരം കുറഞ്ഞതും ഇടുങ്ങിയ പാതകളിലൂടെ കൊണ്ടുപോവാന്‍ കഴിയും വിധം വലിപ്പം കുറഞ്ഞതുമാണ് ഇത്. ഇതിനകത്താണ് രക്ഷപ്പെടുത്തേണ്ടയാളെ കയറ്റുക. കുഴലിന് പുറത്തായി ഓക്‌സിജന്‍ ട്യൂബുകളും ഘടിപ്പിച്ചിട്ടുണ്ടാവും. കൂര്‍ത്ത മുന്‍ ഭാഗമായതിനാല്‍ പാറകളില്‍ തട്ടി തടയുന്ന സാഹചര്യവും ഒഴിവാക്കാം. 

കഷ്ടിച്ച് ആറടി മാത്രം വലിപ്പമുള്ള ട്യൂബ് വെള്ളത്തില്‍ നിന്നും പുറത്തെടുക്കുന്നതും അതിനുള്ളില്‍ നിന്നും ഒരാള്‍ പുറത്തേക്ക് വരുന്നതുമാണ് മസ്‌ക് പങ്കുവെച്ച വീഡിയോയിലുള്ളത്.