എന്താണ് ഡിജിറ്റല്‍ ഇന്ത്യ? ഇന്റര്‍നെറ്റ് സാങ്കേതികതയുടെ സാധ്യതകളുപയോഗിച്ച് പൊതുജനത്തെക്കൂടി ഉള്‍പ്പെടുത്തി ഇന്ത്യയിലെ ഭരണസംവിധാനം സുഗമവും കാര്യക്ഷമവുമാക്കാന്‍ വിഭാവനംചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ നെടുംതൂണുകളായി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ഒന്‍പതു പ്രധാന ലക്ഷ്യങ്ങളാണ്. ബ്രോഡ്ബാന്‍ഡ് ഹൈവേകള്‍, മൊബൈല്‍ ലഭ്യത, പൊതുപ്രാപ്യമായ ഇന്റര്‍നെറ്റ്, പൊതുഭരണം, ഈഡെലിവറി, വിവരലഭ്യത, ഉല്‍പ്പാദനം, തൊഴിലവസരങ്ങള്‍ തുടങ്ങി, ഹ്രസ്വകാലയളവില്‍ പൂര്‍ത്തിയാക്കാവുന്ന സംവിധാനങ്ങളായ പൊതു വൈഫൈ ലഭ്യത, ബയോമെട്രിക് ഹാജര്‍ സംവിധാനം, ഈസ്‌കൂള്‍ പുസ്തകങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ഇതില്‍ പല കാര്യങ്ങളും പ്രാദേശികമായി വികസിപ്പിക്കാവുന്നതും സര്‍ക്കാര്‍ ഐടി സംരംഭങ്ങളേയും മറ്റ് ആഭ്യന്തരസ്ഥാപനങ്ങളെയും ഏല്‍പ്പിക്കാവുന്നതുമാണ്. 

ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിലിക്കണ്‍ വാലി സന്ദര്‍ശനം വിലയിരുത്തപ്പെടേണ്ടത്. 

'ഡിജിറ്റല്‍ ഇന്ത്യ' എന്നത് ഇവിടെ 'മേക്ക് ഇന്‍ ഇന്ത്യ' എന്ന പദ്ധതിയുടെ ആശയവുമായി പൊരുത്തപ്പെടുന്നില്ല. ഇന്ത്യയിലെ സംരംഭങ്ങളെത്തന്നെ ആശ്രയിച്ചുകൊണ്ടായിരുന്നില്ലേ നാം ഡിജിറ്റല്‍ ഇന്ത്യ പടുത്തുയര്‍ത്തേണ്ടിയിരുന്നത്? ഇവിടെത്തന്നെ അനേകം പുതിയ മാര്‍ക്ക് സക്കര്‍ബര്‍ഗുമാരും സുന്ദര്‍ പിച്ചായിമാരും വളര്‍ന്നുവരുന്നതായിരുന്നു അതിനുണ്ടാകുമായിരുന്ന മറ്റൊരാകര്‍ഷണം.

ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പോലെയുള്ള ഐടി ഭീമന്മാര്‍ക്ക് ഭരണനിര്‍വഹണത്തില്‍ പൊതുജനങ്ങളെ ഉള്‍ക്കൊള്ളിച്ച് എങ്ങനെയാണ് ക്രിയാത്മക പങ്കാളികളാവാന്‍ കഴിയുക? 'ഇന്റര്‍നെറ്റ് സ്വകാര്യത' എന്നത് ഇന്നത്തെക്കാലത്ത് ഒരു വിരുദ്ധോക്തി തന്നെയാണ്. നെറ്റ് ന്യൂട്രാലിറ്റിക്ക് തുരങ്കം വെയ്ക്കാനായി ഫെയ്‌സ്ബുക്ക് തന്നെ അവതരിപ്പിച്ച ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് ( Internet.org ) നേരിടുന്ന ഏറ്റവും വലിയ വിമര്‍ശനം തന്നെ അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് എന്നതാണ്. 

ഏതൊക്കെ സൈറ്റുകള്‍, ഏതൊക്കെ ഉള്ളടക്കങ്ങള്‍, ഏതു രീതിയില്‍, എപ്പോള്‍ ഉപയോഗിക്കണമെന്ന് ഫെയ്‌സ്ബുക്കും അതിന്റെ പങ്കാളികളും കൂടി തീരുമാനിക്കുന്ന രീതി എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. ഏതു രീതിയിലാണ് ഫെയ്‌സ്ബുക്ക് ഡിജിറ്റല്‍ ഇന്ത്യയെ സഹായിക്കാന്‍ പോകുന്നതെന്നു പൂര്‍ണ്ണമായി മനസ്സിലാകുന്നില്ല. എല്ലാവരും നവമാധ്യമങ്ങളില്‍ സജീവമാകണമെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായം പ്രത്യേകിച്ച് യാതൊരു വ്യക്തതയും ഇക്കാര്യത്തില്‍ നല്‍കുന്നുമില്ല. ഒരു നവമാധ്യമത്തിന് പൊതുഭരണകാര്യങ്ങളില്‍ ചെലുത്താവുന്ന ഇടപെടലുകളില്‍ പരിമിതികള്‍ ഉണ്ടുതാനും.

Sundar Pichai, Narendra Modi
ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. കടപ്പാട്: ഗൂഗിള്‍

 

ഡിജിറ്റല്‍ ഇന്ത്യയില്‍ പങ്കാളികളായിക്കൊണ്ട് ഗൂഗിള്‍ ആദ്യപടിയായി ഇന്ത്യയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം നല്‍കും. ഗൂഗിള്‍ പ്രഖ്യാപിച്ചതുപ്രകാരം രണ്ടു ഘട്ടങ്ങളായി ഇന്ത്യയിലെ 500 റയില്‍വേ സ്റ്റേഷനുകളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സര്‍വീസ് സൗജന്യമായി ലഭ്യമാക്കും. സര്‍വീസ് മാത്രമാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്. അതിനുവേണ്ട ആന്തരഘടനയും അനുബന്ധസൗകര്യങ്ങളും ഗവണ്മെന്റ് ഉത്തരവാദിത്തത്തില്‍ തന്നെയാവും പൂര്‍ത്തീകരിക്കേണ്ടത്. ഇതിന്റെ കരാര്‍ വ്യവസ്ഥകള്‍ ഈ ഘട്ടത്തില്‍ ഒരുപക്ഷേ രൂപപ്പെടുന്നതേ ഉണ്ടാകുന്നുള്ളൂ. 

ഗൂഗിള്‍ നിരത്തുന്ന പ്രതീക്ഷിത യാത്രക്കാരുടെ എണ്ണത്തില്‍ തന്നെയുണ്ട് അവര്‍ ലാക്കാക്കുന്ന കച്ചവടസാധ്യത. ആദ്യഘട്ടത്തിലെ 100 സ്റ്റേഷനുകള്‍ വഴിമാത്രം നിത്യേന യാത്ര ചെയ്യുന്ന ഒരുകോടി ജനങ്ങളെയാണ് ഗൂഗിള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. സ്വന്തം ഇന്റര്‍നെറ്റ് സര്‍വീസിലൂടെ യാത്രക്കാരുടെ കൂടുതല്‍ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാനും അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായ പരസ്യങ്ങള്‍ നല്‍കാനും, അതുവഴി മൊബൈല്‍ ആപ്പുകളും ഗൂഗിള്‍ സര്‍വീസുകളും വഴി നടത്തിപ്പ് ചെലവിന്റെ എത്രയോ മടങ്ങ് വരുമാനമുണ്ടാക്കാനും ഗൂഗിളിനു കഴിയും.

ബിസിനസ് എങ്ങനെ ചെയ്യണമെന്ന് ഗൂഗിളിനെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. യാതൊരു ലാഭേച്ഛയും കൂടാതെ ഗൂഗിള്‍ ഇന്ത്യയില്‍ സൗകര്യങ്ങള്‍ നല്‍കുമെന്നു കിനാവുകാണുന്നതിലും അര്‍ത്ഥമില്ല. പലരും വരികള്‍ക്കിടയില്‍ വായിക്കാതെ പോയത് സുന്ദര്‍ പിച്ചായി ഗൂഗിള്‍ ബ്ലോഗില്‍ തന്നെ എഴുതിയിട്ടുണ്ട്. അതു പ്രകാരം ഈ സര്‍വീസ് തുടക്കത്തില്‍ സൗജന്യവും പിന്നീട് സ്വാശ്രയവും ആയിരിക്കും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ടെന്‍ഡറുകളോ വിലയിരുത്തലോ ഇല്ലാതെ ഒരു സേവനത്തിന്റെ കുത്തക ചാര്‍ത്തിക്കൊടുക്കുന്നതിനു സമാനമായ നടപടി. അതായത് റെയില്‍വേ സ്റ്റേഷനില്‍ പ്രവേശനം കിട്ടാന്‍ വേണ്ടി ഗൂഗിള്‍ വീശിക്കാട്ടിയ പച്ചക്കൊടി മാത്രമാണ് സൗജന്യ ഇന്റര്‍നെറ്റ്.

WIFI Raiway Station, Google
ഗൂഗിളിന്റെ വൈഫൈ സേവനം ആദ്യം ലഭ്യമാകുന്ന ഇന്ത്യയിലെ റെയില്‍വെ സ്റ്റേഷനുകളുടെ രേഖാചിത്രം. കടപ്പാട്: ഗൂഗിള്‍

 

ചുരുക്കത്തില്‍ തുടക്കകാലത്ത് ഉപഭോക്താവിനും ദീര്‍ഘകാലത്തില്‍ സേവനദാതാവിനും ഗുണമുള്ള കാര്യമാണ് റെയില്‍വേയിലെ ഇന്റര്‍നെറ്റ് പദ്ധതി. ഇതുവഴി ഇന്ത്യയിലെ ആഭ്യന്തരവ്യവസായമേഖല പച്ചപിടിക്കുമെന്നു കരുതാന്‍ വയ്യ. പ്രാദേശികഭാഷകളിലേക്കുള്ള ഗൂഗിളിന്റെ ചുവടുമാറ്റത്തിനും ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധമില്ല. ഇത് എല്ലാ രാജ്യങ്ങളിലും തങ്ങളുടെ ഉപഭോക്തൃശൃംഖല വര്‍ധിപ്പിക്കാന്‍ എല്ലാ കമ്പനികളും ചെയ്യുന്നതാണ്. ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാനുള്ള ലെന്‍സ് ഒക്കെ എന്തായാലും ഗൂഗിള്‍ സ്വന്തം നിലയ്ക്കുതന്നെ വിപണിയില്‍ എത്തിക്കാന്‍ പോകുന്നവയാണ്.

ഇന്ത്യയില്‍ത്തന്നെ നിയന്ത്രിത ഇന്റര്‍നെറ്റ്, സ്വകാര്യതക്കു സ്ഥാനമില്ലാത്ത ബ്രൗസിങ് എന്നിവ കൊണ്ടുവരാന്‍ നിലവിലേതും മുന്‍കാലങ്ങളിലേതുമായ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റിലെ അഭിപ്രായസ്വാതന്ത്ര്യത്തിനു തടസ്സമാകുമെന്നതിനാല്‍ സുപ്രീംകോടതി ഇല്ലാതാക്കിയ സെക്ഷന്‍ 66 (എ) യുടെ പുതിയ പതിപ്പ് അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പ്രസ്താവിച്ചുകഴിഞ്ഞു. 

വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയില്‍, എന്‍ക്രിപ്റ്റ് ചെയ്ത സ്വകാര്യസന്ദേശങ്ങളെവരെ നിരീക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിനായി ഗവണ്മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി അമേരിക്കയിലെ സംരംഭകരെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങ് ജമ്മുകാശ്മീരില്‍ ഗവണ്മെന്റ് തന്നെ ഏര്‍പ്പെടുത്തിയ ഈകര്‍ഫ്യൂ കാരണം ജനങ്ങള്‍ക്ക് മൂന്നു ദിവസം ഇന്റര്‍നെറ്റ് ലഭ്യത തന്നെ ഉണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങളില്‍ ഗവണ്മെന്റിന്റെ ശ്രദ്ധ അടിയന്തിരമായി പതിയേണ്ടതാണ്.

ഏതു തരത്തിലാണ് ഈ അന്താരാഷ്ട്രഭീമന്മാര്‍ നമ്മുടെ ഗവണ്മെന്റിനെ സഹായിക്കുക എന്നത് കണ്ടറിയേണ്ട കാര്യമാണ്. വിദേശ കമ്പനികള്‍ ഇവിടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കട്ടെ. അവരെ ഇവിടേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള ഗതാഗതസൗകര്യങ്ങള്‍, സ്ഥലമെടുപ്പ്, വൈദ്യുതീകരണം, ജലലഭ്യത ആദിയായ അടിസ്ഥാന സൗകര്യ വികസനം ഇവിടെയുണ്ടാകട്ടെ. സിംഗപ്പൂരിലേയോ ഹോങ്കോങ്ങിലേയോ പോലെ പെട്ടെന്ന് പുതുസംരംഭങ്ങള്‍ തുടങ്ങാനുതകുന്ന രീതിയില്‍ ചട്ടങ്ങളുടെ നൂലാമാലകള്‍ സ്വയം അഴിയട്ടെ.

തുടക്കത്തില്‍ സബ്‌സിഡി നല്‍കിക്കൊണ്ട് ആഭ്യന്തര സേവനദാതാക്കളെ ഈ രംഗത്തേക്കു കൊണ്ടുവരാന്‍ ഡിജിറ്റല്‍ ഇന്ത്യക്കു കഴിയണം. ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ഇന്റര്‍നെറ്റ് രംഗത്തെ പരിചയം നമ്മുടെ നാട്ടിലെ നവസംരംഭകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിന് ഉതകുന്ന പദ്ധതികളാണ് നാം വിഭാവനം ചെയ്യേണ്ടത്. ഇന്ത്യ സ്വന്തമായി രൂപവല്‍ക്കരിക്കുന്ന ഒരു ഡിജിറ്റല്‍ ഇന്ത്യയ്ക്ക് സാങ്കേതികവശങ്ങളില്‍ വിദഗ്‌ദ്ധോപദേശം നല്‍കുന്ന രീതിയിലായിരിക്കണം മറ്റുള്ളവരുടെ സഹകരണം ഉറപ്പുവരുത്തേണ്ടത്, ഒപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിലും.

(തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഒരു സ്വകാര്യസ്ഥാപനത്തിലെ ടെക്‌നിക്കല്‍ ഡൊക്യുമെന്റേഷന്‍ മാനേജറും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഷന്‍ നേതാജി എന്ന ഗവേഷണസംഘത്തിന്റെ സ്ഥാപകാംഗവുമാണ് ലേഖകന്‍. ഈമെയില്‍: Sreejith@MissionNetaji.org).