ട്വിറ്റര്‍ വഴി ഗുരുതരമായ പല പ്രശ്‌നങ്ങളും പരാതികളും ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചൈയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തവണ 'ഗരുതരമായ' മറ്റൊരു പ്രശ്‌നമാണ് അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നത്. 

ഗൂഗിളിന്റെ ചീസ് ബര്‍ഗര്‍ ഇമോജിയില്‍ ചീസ് വെച്ചിരിക്കുന്നത് യഥാര്‍ത്ഥ സ്ഥാനത്തല്ലെന്നതായിരുന്നു ആ പ്രശ്‌നം. ഇത് കേട്ട് ചിരിക്കേണ്ട. ഈ വിഷയം വലിയ സംവാദ വിഷയമായി മാറി. ഒരുമാസം മുമ്പാണ് തോമസ് ബേക്ദല്‍ എന്നയാള്‍ ആപ്പിളിന്റേയും ഗൂഗിളിന്റേയും ബര്‍ഗര്‍ ഇമോജിയിലെ ചീസ് വെച്ചിരിക്കുന്നതിലുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിച്ചത്. 

ആപ്പിളിന്റെ ബര്‍ഗറില്‍ ചീസ് ബര്‍ഗറില്‍ മധ്യഭാഗത്തായാണ് വെച്ചിരിക്കുന്നത്. എന്നാല്‍ ഗൂഗിളില്‍ ഇത് താഴെ തട്ടിലും. ഇത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നായരുന്നു ബേക്ദലിന്റെ ട്വീറ്റ്.

ഇത് ട്വിറ്ററില്‍ വലിയ ചര്‍ച്ചാവിഷയമായി മാറി. ഒരു നല്ല ബര്‍ഗറില്‍ ചീസ്  എവിടെ വെക്കുന്നതാണ് ഉത്തമം എന്ന വിദഗ്ദാഭിപ്രായവുമായി നിരവധി പേര്‍ ഈ ചര്‍ച്ചയില്‍ പങ്കാളികളായി. ആന്‍ഡ്രോയ്ഡ് ബര്‍ഗര്‍ എന്ന പേരില്‍ സ്‌പെഷ്യല്‍ ബര്‍ഗര്‍ രംഗത്തിറക്കിയ സംഭവം വരെ ഉണ്ടായി.

 

അങ്ങനെ ഒടുവില്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഗൂഗിള്‍ പുതിയ ബര്‍ഗര്‍ ഉണ്ടാക്കി. ഇമോജി പീഡിയയാണ് ഗൂഗിള്‍ അവതരിപ്പിച്ച പുതിയ ഇമോജി ട്വീറ്റ് ചെയ്തത്. ആപ്പിള്‍ ഇമോജിയുടെ പോലെ മധ്യഭാഗത്ത് ചീസ് വെച്ചാണ് പുതിയ ബര്‍ഗര്‍ ഇമോജി ഗൂഗിള്‍ അവതരിപ്പിച്ചത്. ഇത് കൂടാതെ പകുതി നിറച്ച നിലയിലുണ്ടായിരുന്ന ബിയര്‍ ഗ്ലാസ് ഇമോജി മുഴുവനായി നിറച്ച ഗ്ലാസാക്കി മാറ്റിയിട്ടുമുണ്ട്. 

ആന്‍ഡ്രോയ്ഡ് 8.1 പതിപ്പിലാണ് പുതിയ ഇമോജി ലഭ്യമാവുക. ബീറ്റാ അപ്‌ഡേറ്റ് മാത്രമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. 

Content Highlights: Google, Sunder Pichai, Burger Emoji, Beer Emoji, Apple Emoji