മ്മെ വിട്ടുപോയ പ്രിയപ്പെട്ടവരെ പലരും ഇപ്പോള്‍ കാണുന്നത് പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളിലൂടെയാവും. ആ ചിത്രങ്ങള്‍ക്ക് ജീവന്‍വെച്ചിരുന്നുവെങ്കില്‍... അവര്‍ നമ്മളെ നോക്കി ഒന്ന് ചിരിച്ചിരുന്നുവെങ്കില്‍....

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിശ്ചലചിത്രങ്ങളെ ചലിപ്പിക്കാന്‍ സാധിക്കുന്ന ഡീപ്പ് നൊസ്റ്റാള്‍ജിയ എന്ന സൗകര്യമൊരുക്കുകയാണ് ഓണ്‍ലൈന്‍ ഫാമിലി ട്രീ സേവനമായ മൈ ഹെറിറ്റേജ്. ഇതുവഴി നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖചിത്രങ്ങളെ ചലിപ്പിക്കാന്‍ സാധിക്കും. ചിത്രങ്ങള്‍ കണ്ണുകളടയ്ക്കും, മുഖം ചരിച്ച് നോക്കും തലയാട്ടും. 

മൈ ഹെറിറ്റേജിന്റെ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ഡീപ്പ് നൊസ്റ്റാള്‍ജിയ ഉപയോഗിക്കാം. മുന്‍കൂട്ടി തയ്യാറാക്കിയ ആനിമേഷനുകളാണ് ചിത്രങ്ങള്‍ക്ക് നല്‍കുന്നത്.  ഈ സാങ്കേതികവിദ്യ പൊതുവ്യക്തിത്വങ്ങളുടെ ഡീപ്പ് ഫെയ്ക്ക് നിര്‍മിക്കാന്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് മൈ ഹെറിറ്റേജ് നല്‍കുന്നുണ്ട്. 

ഡീപ്പ് നൊസ്റ്റാള്‍ജിയ ഉപയോഗിക്കുന്നതിന് നിങ്ങള്‍ക്ക് സൗജന്യമായി അക്കൗണ്ട് നിര്‍മിക്കാം. എന്നാല്‍, സൗജന്യ ഉപയോക്താക്കള്‍ക്ക് പരിമിതമായ ആനിമേഷനുകളാണ് ലഭിക്കുക. സേവനം പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ആനിമേഷനുകള്‍ ലഭിക്കും. 

എന്തായാലും ഈ പുതിയ സംവിധാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധിയാളുകള്‍ ഇത് പരീക്ഷിച്ചു നോക്കി തങ്ങള്‍ നിര്‍മിച്ച വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട്. കുടുംബ ചരിത്രം രേഖപ്പെടുത്തിവെക്കുന്നതിനുള്ള ഫാമിലി ട്രീ സേവമാണ് മൈ ഹെറിറ്റേജ് വെബ്‌സൈറ്റില്‍ പ്രധാനം. ഇതില്‍ നിങ്ങളുടെ ജീവിച്ചിരിക്കുന്നതും മരിച്ചവരും ആയ കുടുബാംഗങ്ങളുടെ പേര് വിവരങ്ങള്‍ ശേഖരിച്ചുവെക്കാം. 

പഴയകാല ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ നിറമുള്ളതാക്കാനും കേടുവന്നു തുടങ്ങിയ ചിത്രങ്ങളെ മെച്ചപ്പെടുത്താനും ഇതില്‍ സാധിക്കും. ഡീപ്പ് നൊസ്റ്റാള്‍ജിയ ഫീച്ചര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ചില വീഡിയോകളാണ് താഴെ.

Content Highlights: deep nostalgia my heritage