ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധിയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്. ഡീപ്പ് ഫെയ്ക്ക് സാങ്കേതികവിദ്യയിലൂടെ യാഥാര്‍ത്ഥ്യത്തെ വെല്ലുന്ന വ്യാജ സൃഷ്ടികള്‍ നിര്‍മിക്കാന്‍ സാധിക്കും.

ഡീപ്പ് ഫെയ്ക്ക് സാങ്കേതികവിദ്യയില്‍ നിര്‍മിച്ച വാര്‍ത്താ അവതാരകരെ കുറിച്ചും ഇതേ ഡീപ്പ് ഫെയ്ക്ക് സാങ്കേതിക വിദ്യ വ്യാജപോണ്‍ നിര്‍മാണത്തിനായി ദുരുപയോഗം ചെയ്തതിനെ കുറിച്ചും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ഇപ്പോഴിതാ ആരുടേയും ശബ്ദം അതേപടി അനുകരിക്കാന്‍ സാധിക്കുന്ന ഒരു ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ രംഗപ്രവേശം ചെയ്തിരിക്കുന്നു. വോകോഡ് (vocode).

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയാണ് വോകോഡ് പ്രവര്‍ത്തിക്കുന്നത്. നിരവധി സെലിബ്രിറ്റികളുടെയും, രാഷ്ട്രീയക്കാരുടേയും, സാങ്കേതിക വ്യവസായ രംഗത്തെ പ്രമുഖരുടേയും ശബ്ദം അനുകരിക്കാന്‍ വോകോഡിന് സാധിക്കും. മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്‌സ്, അലന്‍ റിക്ക്മാന്‍, ബരാക്ക് ഒബാമ എന്നിവരെ പോലുള്ളവര്‍ ഈ പട്ടികയിലുണ്ട്. 

വോകോഡ് ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. ആരുടെ ശബ്ദമാണോ വേണ്ടത് അവരുടെ പേര് തിരഞ്ഞെടുക്കുക. എന്താണ് പറയേണ്ടത് എന്ന് ടൈപ്പ് ചെയ്ത് നല്‍കുക. താഴെയുള്ള സ്പീക്ക് ബട്ടന്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ ടൈപ്പ് ചെയ്ത വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ശബ്ദത്തില്‍ കേള്‍ക്കാനാവും. 

ശബ്ദങ്ങള്‍ ഫലപ്രദമായി അനുകരിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ഈ ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യയ്ക്ക് ചില പരിമിതികളുണ്ട്. അതില്‍ ആദ്യത്തേത്, ഇതിന് നമ്മള്‍ എഴുതി നല്‍കുന്ന എല്ലാ വാക്കുകളും വായിക്കാന്‍ വോകോഡിന് സാധിക്കില്ല. 

എങ്കിലും യഥാര്‍ത്ഥ വ്യക്തികളുടെ ശബ്ദം ഫലപ്രദമായി അനുകരിക്കാന്‍ വോക്കോഡിന് സാധിച്ചിട്ടുണ്ട്. അനുകരണം മികച്ചതായ ശബ്ദങ്ങള്‍ പ്രത്യേകം പട്ടികപ്പെടുത്തി നല്‍കിയിട്ടുണ്ട്.

Content Highlights: deep fake vocode voice mimicking tech