20 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളില്‍ നിന്നും നൂറിലധി കം ജിബി വരുന്ന വിവരങ്ങള്‍ ഡാര്‍ക്ക് കാരാകല് എന്ന സ്പൈവെയര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ദി ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷനും മൊബൈല്‍ സെക്യൂരിറ്റി സ്ഥാപനമായ ലുക്ക് ഔട്ടും പങ്കുവെച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
വാട്സ്ആപ്പ്, സിഗ്നല്‍, പോലുള്ള മെസേജിങ് ആപ്പുകളുടെ വ്യാജ പതിപ്പുകള്‍ വഴിയാണ് ഈ സ്പൈ വെയറുകള്‍ ഉപകരണങ്ങളിലേക്ക് കടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്ക, കാനഡ, ജര്‍മനി, ലെബനന്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നവിന്നുള്ളവരുടെ ഉപകരണങ്ങളില്‍ ഡാര്‍ക്ക് കാരക്കല്‍ സ്പൈ വെയര്‍ ബാധിച്ചിട്ടുണ്ട്. സൈനികര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരടക്കമുള്ളവരില്‍ നിന്നും കോള്‍ റെക്കോര്‍ഡുകള്‍, റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങള്‍, രേഖകള്‍, ഫോട്ടോസ് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടത്.
2012 മുതല്‍ ഡാര്‍ക്ക് കാരക്കല്‍ സ്പൈ വെയര്‍ നിലവിലുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഒരേ ഡൊമൈനില്‍ നിന്നും ഇത്തരത്തില്‍ വ്യത്യസ്തമായ നിരവധി സ്പെവെയര്‍ കാമ്പയിനുകള്‍ നടക്കുന്നതിനാല്‍ ഇതിനെ കണ്ടെത്തുക പ്രയാസമാണെന്നും അവര്‍ പറഞ്ഞു. ഇതേ രീതിയില്‍ ചാരവൃത്തി നടത്തുന്ന നിരവധി സ്പൈവെയറുകളില്‍ ഒന്നുമാത്രമാണ് ഡാര്‍ക്ക് കാരക്കല്‍ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വ്യാജ ആപ്ലിക്കേഷനുകള്‍ വഴി ഉപകരണങ്ങളിലേക്ക് പ്രവേശിക്കുന്നതിനാല്‍ ഫോണുകളിലെ ഡാറ്റ ഉപയോഗം, ക്യാമറ, സ്പീക്കര്‍ എന്നിവയടക്കം എല്ലായിടത്തേക്കുമുള്ള അനുവാദം (permissions) ഈ സ്പെവെയറുകള്ക്ക് ലഭിക്കുന്നു. കാരണം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സാധാരണമായി ചെയ്യുന്നതായതിനാല്‍ ഉപയോക്താക്കള്‍ ഈ വ്യാജ ആപ്ലിക്കേഷനുകള്‍ക്കും എളുപ്പത്തില്‍ ഫോണിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അനുവാദം നല്കുന്നു.
ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അത് പ്ലേസ്റ്റോറില്‍ നിന്നാണ് ഡൗണ്‍ലോഡ് ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണമെന്നും തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകളില്‍ നിന്നും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. മാത്രവുമല്ല ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകള്‍ അവയുടെ ഔദ്യോഗിക ഡെവലപ്പര്‍മാരില്‍ നിന്നുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..