ആരാണ് DB കൂപ്പര്‍?; അമേരിക്കൻ വ്യോമയാന ചരിത്രത്തിലെ തെളിയിക്കപ്പെടാത്ത ഒരേയൊരു എയർ പൈറസി കേസിന്റെ കഥ


നന്ദു ശേഖർ

കൂപ്പർ പതിയെ അവരുടെ അടുത്തേക്ക് തലചായ്ച വന്ന ശേഷം അയാൾ ശബ്ദമടക്കി പറഞ്ഞകാര്യം ഷാഫ്നറെ ഞെട്ടിച്ചു , “മിസ്, നിങ്ങൾ ആ കുറിപ്പ് നോക്കുന്നത് നന്നായിരിക്കും. എന്റെ കെെയിൽ ഒരു ബോംബ് ഉണ്ട്."

എഫ്ബിഐ പുറത്തുവിട്ട കൂപ്പറിന്റെ രേഖാചിത്രം | ചിത്രം: .fbi.gov|

24 നവംബർ 1971-ൽ, ഒരു കറുത്ത മഴക്കോട്ടും ഇരുണ്ട സ്യൂട്ടും ടെെയും ധരിച്ച ഒരാൾ അമേരിക്കയിലെ ഒറിഗോണിലെ പോർട്ട്‌ലാന്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തി. ഒരു കറുത്ത സ്യൂട്ട്കേസുമായി അയാൾ നോർത്ത് വെസ്റ്റ് ഓറിയന്റ് എയർലൈൻസ് കൗണ്ടറിൽ പോയി വാഷിംഗ്ടണിലെ സിയാറ്റിലിലേക്ക് വൺവേ ടിക്കറ്റ് ആവശ്യപ്പെട്ടു. അന്നത്തെക്കാലത്ത് ഒരു വ്യക്തിക്ക് എയർലൈൻ ടിക്കറ്റ് വാങ്ങുന്നതിനോ ഒരു വിമാനത്തിൽ കയറുന്നതിനോ യാതൊരു തിരിച്ചറിയൽ രേഖയും ആവശ്യമുണ്ടായിരുന്നില്ല. ഡാൻ കൂപ്പർ എന്ന് പേര് നൽകി അയാൾ ടിക്കറ്റെടുത്തു.

20 ഡോളർ പണമടച്ച് ടിക്കറ്റുമെടുത്ത് ബോയിംഗ് 727 വിമാനത്തിൽ 30 മിനിറ്റ് ദെെർഘ്യമുള്ള യാത്രയ്ക്കായി അയാൾ ഫ്ലൈറ്റ് 305-ൽ കയറി. ഉച്ചയ്ക്ക് 2:50നായിരുന്നു യാത്ര ഷെഡ്യൂൾ ചെയ്തിരുന്നത്. വിമാനത്തിന്റെ പിൻഭാഗത്ത് ഇരുന്നുകൊണ്ട് കൂപ്പർ ശാന്തമായി ഒരു സിഗരറ്റ് കത്തിച്ച് ഒരു ബോർബൺ വിസ്കിയും സോഡയും ഓർഡർ ചെയ്തു.

പറന്നുയർന്നതിന് തൊട്ടുപിന്നാലെ, കൂപ്പർ എയർഹോസ്റ്റസുമാരിൽ ഒരാളായ ഫ്ലോറൻസ് ഷാഫ്നറിന് ഒരു കുറിപ്പ് നൽകി. കുറിപ്പിൽ ഒരു പിക്കപ്പ് ലൈനും ഒരു ടെലിഫോൺ നമ്പറും അല്ലാതെ മറ്റൊന്നുമില്ലെന്ന് വിശ്വസിച്ച ഷാഫ്നർ അത് അവഗണിച്ചു. കൂപ്പർ പതിയെ അവരുടെ അടുത്തേക്ക് തലചായ്ച വന്ന ശേഷം ശബ്ദമടക്കി പറഞ്ഞകാര്യം ഷാഫ്നറെ ഞെട്ടിച്ചു , “മിസ്, നിങ്ങൾ ആ കുറിപ്പ് നോക്കുന്നത് നന്നായിരിക്കും. എന്റെ കെെയിൽ ഒരു ബോംബ് ഉണ്ട്." കുറിപ്പിൽ കൃത്യമായി രേഖപ്പെടുത്തിയ വാക്കുകൾ എന്തായിരുന്നു എന്നത് അജ്ഞാതമാണ്, കാരണം കൂപ്പർ പിന്നീട് അത് തിരിച്ചുവാങ്ങിയിരുന്നു.

DB COoper
എഫ്ബിഐ പുറത്തുവിട്ട കൂപ്പറിന്റെ രേഖാചിത്രം | ചിത്രം: .fbi.gov/

എയർ ഹോസ്റ്റസ് ഭയത്തോടെ തിരിഞ്ഞുനോക്കിയപ്പോൾ കൂപ്പർ ശാന്തമായി കെെവശമുള്ള സ്യൂട്ട്കേസ് തുറന്നു. ചില ചുവന്ന നിറത്തിലുള്ള വയറുകളും ഒരു കൂട്ടം കമ്പികളും ഒരു യന്ത്രത്തിൽ ഘടിപ്പിച്ചിരുന്നതാണ് അവർ കണ്ടത്. തുടർന്ന് കൂപ്പർ തന്റെ ആവശ്യങ്ങൾ അവരോട് പറഞ്ഞു. സിയാറ്റിലിൽ ലാൻഡ് ചെയ്യുമ്പോൾ 2 ലക്ഷം ഡോളറും നാല് പാരച്യൂട്ടുകളും വിമാനത്തിൽ എത്തിക്കണം. വിമാനത്തിന് ഇന്ധനം നിറയ്ക്കാൻ ഒരു ഇന്ധന ട്രക്ക് തയാറായി നിൽക്കണമെന്നും അയാൾ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ വിമാനം തകർത്ത് 36 യാത്രക്കാരെയും 6 ജീവനക്കാരെയും കൊല്ലുമെന്നായിരുന്നു ഭീഷണി.

ഷാഫ്നർ കൂപ്പറിന്റെ ആവശ്യങ്ങൾ പൈലറ്റിനെ അറിയിച്ചു. എയർ ട്രാഫിക് കൺട്രോളിനും ബന്ധപ്പെട്ട അധികാരികൾക്കും പെെലറ്റ് വിവരം കൈമാറി. നോർത്ത് വെസ്റ്റ് ഓറിയന്റിന്റെ പ്രസിഡന്റ് പണം കൊടുക്കാമെന്ന് അംഗീകരിക്കുകയും ചെയ്തു. രണ്ട് മണിക്കൂർ ആകാശത്ത് ചുറ്റിക്കറങ്ങിയ ശേഷം വിമാനം വൈകുന്നേരം 5:39 ന് സിയാറ്റിലിൽ ഇറങ്ങി. അപ്പോഴേക്കും അധികൃതർ കൂപ്പറിന്റെ ആവശ്യങ്ങളെല്ലാം തയാറാക്കിയിരുന്നു.

ശാന്തമായ ഒരു ഭാഗത്തേക്ക് എയർ ടാക്സി ആവശ്യപ്പെട്ട കൂപ്പർ, അമേരിക്കൻ സ്നൈപ്പർമാരുടെ കാഴ്ച മറയ്ക്കാൻ കോക്ക്പിറ്റ് ലൈറ്റുകൾ ഓഫാക്കണമെന്ന് പെെലറ്റുമാരോട് ആവശ്യപ്പെട്ടു. നോർത്ത് വെസ്റ്റ് എയർലൈനിന്റെ ഒരു ജീവനക്കാരൻ വിമാനത്തെ സമീപിക്കുകയും സീരിയൽ നമ്പറുകൾ "L" ൽ ആരംഭിക്കുന്ന 10,000 ഇരുപത് ഡോളർ നോട്ടുകൾ കൈമാറുകയും ചെയ്തു. കൂടാതെ ഒരു പ്രാദേശിക സ്കൈഡൈവിംഗ് സ്കൂളിൽ നിന്ന് കൊണ്ടുവന്ന പാരച്യൂട്ടുകളും കെെമാറി. തന്റെ ആവശ്യങ്ങൾ അം​ഗീകരിച്ചതോടെ അപ്പോൾ തന്നെ 36 യാത്രക്കാരെയും ഷാഫ്നർ ഉൾപ്പെടെ രണ്ട് ജീവനക്കാരെയും വിട്ടയച്ചു.

tie
കൂപ്പര്‍ ഉപേക്ഷിച്ചുപോയ ടെെ ചിത്രം: fbi.gov/

വിമാനത്തിൽ ഇന്ധനം നിറച്ചുകൊണ്ടിരിക്കെ മെക്സിക്കോ സിറ്റിയിലേക്ക് വിമാനം പറപ്പിക്കാൻ കൂപ്പർ പൈലറ്റുമാരോട് പറഞ്ഞു. മറ്റൊരു സ്റ്റോപ്പില്ലാതെ വിമാനത്തിന് മെക്സിക്കോയിൽ എത്താൻ സാധ്യമല്ലെന്ന് അവർ കൂപ്പറിനെ ഉപദേശിച്ചു. നെവാഡയിലെ റെനോ-താഹോ വിമാനത്താവളത്തിൽ ഇന്ധനം നിറച്ചതിന് ശേഷം മെക്സിക്കോയിലേക്ക് പറക്കാമെന്ന് പെെലറ്റുമാർ സമ്മതിച്ചു. പിന്നീട് വിമാനം ഉയർന്നുപൊങ്ങിയ ശേഷം 10,000 അടിയിൽ താഴെ മണിക്കുറിൽ 200 കിലോമീറ്റർ വേഗതയിൽ പറക്കാൻ ആവശ്യപ്പെട്ടു. അതേസമയം അടുത്തുള്ള വ്യോമസേനാ താവളത്തിൽ നിന്നുള്ള രണ്ട് യുദ്ധവിമാനങ്ങൾ ഇവരെ പിന്തുടരുന്നുണ്ടായിരുന്നു.

എല്ലാ ജീവനക്കാരോടും കൂപ്പർ കോക്ക്പിറ്റിലേക്ക് കയറാൻ ആവശ്യപ്പെട്ടു. അതിനുമുമ്പ്, കൂപ്പർ അരയിൽ എന്തോ കെട്ടുന്നത് അവർ കണ്ടിരുന്നു. അത് പണം അടങ്ങിയ ബാഗ് ആണെന്ന് ജീവനക്കാർക്ക് മനസിലായി. കോക്ക്പിറ്റിന്റെ വാതിലിൽ അഴികളൊന്നും ഇല്ലാത്തതിനാൽ, പുറകിൽ കൂപ്പർ എന്താണ് ചെയ്യുന്നതെന്ന് ജീവനക്കാർക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. രാത്രി 8 മണിയോടെ പിൻഭാഗത്തെ എയർസ്റ്റെയറുകൾ താഴ്ത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന കോക്ക്പിറ്റിലെ അപായ ലൈറ്റുകൾ തെളിഞ്ഞു. രാത്രി 8:13ന് വിമാനത്തിന്റെ വാൽ ഭാ​ഗത്ത് നിന്ന് പെട്ടെന്ന് മുകളിലേക്ക് ഒരു ചലനം അനുഭവപ്പെട്ടതായും ജീവനക്കാർ പറയുന്നു. എന്നാൽ വിമാനത്തെ പിന്തുടർന്ന ജെറ്റുകൾ വിമാനത്തിൽ നിന്ന് ഒന്നും പുറത്തേക്ക് പോകുന്നതായി കണ്ടില്ലെന്നും അറിയിച്ചു.

search map
സംഭവവുമായി ബന്ധപ്പെട്ട് എഫ്ബിഐ പുറത്തുവിട്ട റൂട്ട്മാപ്പ് | https://www.fbi.gov/

രണ്ട് മണിക്കൂറിന് ശേഷം വിമാനം വിജയകരമായി റെനോ എയർപോർട്ടിൽ ഇറക്കി. എഫ്ബിഐ ഏജന്റുമാരും ലോക്കൽ പോലീസും വിമാനം വളഞ്ഞു. തുടർന്ന് അവർ വിമാനത്തിനുള്ളിൽ തിരച്ചിലുകളും നടത്തി. എന്നാൽ വിമാനത്തിനുള്ളിൽ എവിടെയും കൂപ്പറിനെ കണ്ടില്ല. സിഗരറ്റ് കുറ്റികൾ, പിന്നീട് ഭാഗിക ഡിഎൻഎ സാമ്പിൾ ലഭിച്ച ഒരു കറുത്ത ക്ലിപ്പ്-ഓൺ ടൈ, രണ്ട് പാരച്യൂട്ടുകൾ, 66 അജ്ഞാത വിരലടയാളങ്ങൾ എന്നിവ മാത്രമാണ് കൂപ്പറിന്റേതായി വിമാനത്തിൽ അവശേഷിച്ചിരുന്നത്.

ഒറിഗോൺ സ്വദേശിയായ ഡിബി കൂപ്പർ എന്നയാളെയാണ് ആദ്യം അന്വേഷണസംഘം ചോദ്യം ചെയ്തത്. ഹൈജാക്കർ തന്റെ യഥാർത്ഥ പേര് ഉപയോഗിച്ചിരിക്കാമെന്ന അനുമാനത്തിലായിരുന്നു ഇത്. എന്നാൽ ഇയാളല്ല ഹെെജാക്കർ എന്നു പെട്ടന്ന് തന്നെ തെളിഞ്ഞെങ്കിലും മാധ്യമങ്ങൾ ഇയാളെ കുറ്റവാളിയായി ചിത്രീകരിക്കുകയും വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

തുടർന്നുള്ള മാസങ്ങളിലും വർഷങ്ങളിലും 800-ലധികം ആളുകളെ പോലീസ് ചോദ്യം ചെയ്തു. കൂപ്പർ പാരച്യൂട്ടിൽ ലാൻഡ് ചെയ്ത സ്ഥലം കണ്ടെത്താൻ സംഭവം പോലീസ് പുനസൃഷ്ടിക്കുകയും പ്രദേശത്ത് സമ​ഗ്രമായ തിരച്ചിലുകൾ നടത്തുകയും ചെയ്തു. എന്നാൽ കൂപ്പറിന്റെയോ പാരച്യൂട്ടിന്റേയോ പൊടിപോലും അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല.

1980 ഫെബ്രുവരിയിൽ, ബ്രയാൻ ഇൻഗ്രാം എന്ന എട്ടുവയസ്സുകാരൻ, കൂപ്പറിന് കൊടുത്ത ഡോളർ നോട്ടുകളുടെ സീരിയൽ നമ്പറുകളുമായി സാമ്യമുള്ള ദ്രവിച്ചുതുടങ്ങിയ മൂന്ന് പാക്കറ്റ് നോട്ടുകൾ കണ്ടെത്തി. മൊത്തം 5,800 ഡോളറാണ് കണ്ടെത്തിയത്. എന്നാൽ ഈ കണ്ടുപിടിത്തം ഉത്തരങ്ങളേക്കാളേറെ കൂടുതൽ ചോദ്യങ്ങളാണ് അന്വേഷണസംഘത്തിന് മുന്നിൽ ഉയർത്തിയത്.

neck tie dollar
കൂപ്പറിന്‍റെ ടെെയും 1980 ഫെബ്രുവരിയിൽ കണ്ടെത്തിയ ഡോളറുകളും | ചിത്രം: fbi.gov/

തുടക്കത്തിൽ തന്നെ എഫ്ബിഐ വിശ്വസിച്ചത് കൂപ്പർ വിമാനത്തിൽ നിന്നുള്ള വീഴ്ചയെ അതിജീവിച്ചിരുന്നില്ല എന്നാണ്. കനത്ത മഴയുള്ള രാത്രിയിൽ ഏകദേശം മെെനസ് 7 ഡിഗ്രി സെൽഷ്യസ് കാലാവസ്ഥയിൽ കോട്ടും സുരക്ഷാ ഹെൽമറ്റും ധരിക്കാതെയുള്ള ചാട്ടം അതിജീവിക്കാൻ കൂപ്പറിന് ഒരിക്കലും ആകില്ലെന്ന് എഫ്ബിഐ വാദിച്ചു.

കൂപ്പറിന് നൽകിയ നാല് പാരച്യൂട്ടുകളിൽ കൂപ്പർ തിരഞ്ഞെടുത്തത് ഏറ്റവും മോശമായ രണ്ടെണ്ണമായിരുന്നെന്ന് അധികൃതർ പറയുന്നു. അതിനാൽ തന്നെ പാരച്യൂട്ട് ഉപയോ​ഗിച്ചുള്ള പരിചയമോ വീഴ്ചയെ അതിജീവിക്കാൻ വേണ്ടത്ര അറിവോ കൂപ്പറിനില്ലായിരുന്നുവെന്നും അവർ പറയുന്നു. ഇനി അഥവാ കൂപ്പർ വീഴ്ചയെ അതിജീവിച്ചാലും തണുത്തുറഞ്ഞ പർവത മേഖലയെ അതിജീവിക്കാൻ സാധ്യതയില്ലെന്നും എഫ്ബിഐ വിലയിരുത്തി.

parachite
കൂപ്പര്‍ ഉപേക്ഷിച്ച് പോയ പാരച്യൂട്ട് ബാഗ് | ചിത്രം fbi.gov/

50 വർഷമായിട്ടും ഹൈജാക്കുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുപ്രസിദ്ധി മോഹിച്ച് ഡിബി കൂപ്പർ ആണെന്ന് അവകാശപ്പെട്ട് ഒന്നിലധികം ആളുകൾ മുന്നോട്ട് വന്നുവെങ്കിലും വിരലടയാള പരിശോധനയിലും ഡിഎൻഎ ടെസ്റ്റിലും ഇവരിൽ ആരും തന്നെ യഥാർത്ഥ കൂപ്പർ അല്ലെന്ന് തെളിയുകയായിരുന്നു. 2016 ജൂലൈ 8ന് 45 വർഷത്തിന് ശേഷം, എഫ്ബിഐ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചതായി അറിയിച്ചു.

അമേരിക്കൻ വ്യോമയാന ചരിത്രത്തിൽ തെളിയിക്കപ്പെടാത്ത ഒരേയൊരു എയർ പൈറസി കേസാണ് കുപ്രസിദ്ധമായ ഡിബി കൂപ്പർ വിമാനം റാഞ്ചൽ കേസ്.

Content Highlights: D B cooper, the man who left without a trace; only unsolved air piracy case in history of America

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented