നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി രോഗബാധിതനായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ ട്രാക്കിങ് നടത്തും. ഉറവിടം ഇപ്പോഴും അജ്ഞാതമായി തുടരുന്ന സാഹചര്യത്തിലാണ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നത്.
വിദ്യാർഥിയുടെ സാന്നിധ്യമുണ്ടായിരുന്ന മൂന്ന് ജില്ലകളിലും നിരന്തരപരിശോധന നടത്തിയിട്ടും വൈറസിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവർഷം കേരളത്തിൽ റിപ്പോർട്ടുചെയ്ത കേസുകളിലും വൈറസ് ബാധ എങ്ങനെയുണ്ടായി എന്നതിന് ഇതുവരെ തൃപ്തികരമായ ഉത്തരം കിട്ടിയിട്ടില്ല. വരുംവർഷങ്ങളിലും നിപ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെത്തുടർന്ന് ഉറവിടം കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് കേന്ദ്രസംഘം.
വിദ്യാർഥി സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം
നിപ ബാധിച്ച വിദ്യാർഥി പറവൂരിലെ വീട്ടിലും തൊഴിൽപരിശീലനം തേടിയ തൃശ്ശൂരിലും തൊടുപുഴയിലെ പെരുമ്പള്ളിച്ചിറയിൽ വാടകയ്ക്കുതാമസിച്ചിരുന്ന സ്ഥലത്തുമാണ് കേന്ദ്രസംഘം പരിശോധന നടത്തിയത്. പനി ബാധിച്ച കാലയളവിലോ അതിന് തൊട്ടുമുമ്പോ വിദ്യാർഥി സഞ്ചരിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്താനാണ് ശ്രമം.
തൊടുപുഴയിൽ പഠിക്കുന്ന യുവാവ് ഇന്റേൺഷിപ്പിന് തൃശ്ശൂരിലെത്തിയത് മേയ് 20-നാണ്. മൂന്നുദിവസം പിന്നിട്ടപ്പോഴാണ് പനിയെത്തുടർന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുന്നത്. പനി കുറയാത്തതിനാൽ പറവൂരിലെ വീട്ടിലേക്കുമടങ്ങി. തുടർന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും പനി കുറഞ്ഞില്ല. തുടർന്നാണ് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സ തേടുന്നത്.
ഇതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പനി ബാധിച്ച അവസ്ഥയിൽ യുവാവ് വീട്ടിലുണ്ടായിരുന്നു. ഇതിനിടെ മറ്റെവിടെയെങ്കിലും വിദ്യാർഥി സഞ്ചരിച്ചിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. മേയ് 15-നുശേഷമുള്ള വിദ്യാർഥിയുടെ മൊബൈൽഫോൺ വിളികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. മൊബൈൽ ലൊക്കേഷൻ ട്രാക്ക്ചെയ്ത് യുവാവ് സഞ്ചരിച്ച സ്ഥലങ്ങൾ കണ്ടെത്താനാണ് ശ്രമം.
ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് എന്നിവ ചേർന്ന് ഈ മേഖലകളിലെ മൃഗങ്ങളുടെ സ്രവങ്ങളും രക്തസാമ്പിളുകളും ശേഖരിച്ചിരുന്നു. വവ്വാലുകളുടെ കാഷ്ഠം, പന്നികളിൽനിന്നും പശുക്കളിൽനിന്നും രക്ത സാമ്പിൾ എന്നിവയാണ് ശേഖരിച്ചത്. സംഘം ശേഖരിച്ച സാമ്പിളുകളുടെ ഫലം അടുത്ത ദിവസങ്ങളിൽ വരും. എന്നാൽ, നിലവിൽ എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ ഇതുവരെ ഒരു മൃഗത്തിനും അസ്വഭാവിക ലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ. ജയചന്ദ്രൻ പറയുന്നു.
കഴിഞ്ഞവർഷം നിപ മരണമുണ്ടായ കോഴിക്കോട് സൂപ്പിക്കടയിൽ പഴംതീനി വവ്വാലുകളാണ് വൈറസ് വാഹകരെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയിൽനിന്ന് എങ്ങനെ രോഗം മനുഷ്യരിലേക്ക് എത്തിയെന്നത് സ്ഥിരീകരിക്കാനായിട്ടില്ല.
Content Highlights: cyber tracking to find the origin of nipah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..