കൊച്ചി: കേരളത്തിലെ പ്രശസ്തമായ സര്‍വകലാശാലയില്‍നിന്ന് ജീവനക്കാരുടെ ആധാര്‍ നമ്പര്‍ മുതല്‍ വീട്ടുവിലാസംവരെ എളുപ്പം ചോര്‍ത്താമെന്ന് കണ്ടെത്തി. വ്യക്തിവിവരങ്ങള്‍വരെ പൊന്നുംവിലയ്ക്ക് വിറ്റഴിക്കപ്പെടുന്ന കാലത്താണ് അശ്രദ്ധമായ രീതിയില്‍ ജീവനക്കാരുടെ ഡേറ്റാബേസിന്റെ കൈകാര്യം.

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പദ്ധതിയുടെ വിവരങ്ങളാണ് സൈബറിടത്തില്‍ സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നത്. ആധാര്‍, പാന്‍നമ്പര്‍, പി.എഫ്. നമ്പര്‍, രക്തഗ്രൂപ്പ്, വിലാസം, നോമിനിയെക്കുറിച്ചും പോളിസികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ എന്നിവയെല്ലാം ഇതിലുണ്ട്.

കോതമംഗലം എം.എ.കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഷൈനി ജോണിന്റെ നേതൃത്വത്തില്‍ ഗവേഷണത്തിനായി നടത്തിയ വിവരശേഖരണത്തിലാണ് ഈ സുരക്ഷാപാളിച്ച കണ്ടെത്തിയത്. ഇവര്‍ ശേഖരിച്ച വിവരങ്ങള്‍ സൈബര്‍ഡോമിന് കൈമാറി.

വിവരങ്ങള്‍ ചോര്‍ത്തല്‍ തുടര്‍ക്കഥ

വടക്കേയിന്ത്യയിലെ ഒരു ഡാമിന്റെ സെര്‍വറില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ശ്രമങ്ങളും അടുത്തിടെയുണ്ടായി. റാറ്റ് (റിമോട്ട് അഡ്മിനിസ്ട്രേഷന്‍ ടൂള്‍) എന്ന പ്രോഗ്രാമിലൂടെ വിവരശേഖരണത്തിനാണ് ഹാക്കര്‍മാര്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ശ്രമം പരാജയപ്പെടുത്തി.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് രാജ്യത്തെ 45.1 കോടി പേര്‍

രാജ്യത്ത് 45.1 കോടി ആളുകളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ആപ്പുകള്‍ക്കും വെബ്സൈറ്റുകള്‍ക്കുമെല്ലാം പിന്നാലെ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഷൈനി ജോണ്‍ ചൂണ്ടിക്കാണിക്കുന്നു. വന്‍കിട സ്ഥാപനങ്ങള്‍വരെ ഡേറ്റ കൈകാര്യത്തില്‍ അലംഭാവം കാണിക്കുന്നു. സുരക്ഷയ്ക്കുള്ള പല മാര്‍ഗങ്ങളും ആധുനിക സാങ്കേതികത നിര്‍ദേശിക്കുന്നുണ്ട്. ഇവയെല്ലാം ഉപയോഗപ്പെടുത്തണം.

ആര്‍ക്കെല്ലാമാണ് സ്വകാര്യ വിവരങ്ങള്‍ വരെ കൈമാറുന്നതെന്ന് ശ്രദ്ധിക്കണം. ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ പലതരത്തിലുള്ള അനുമതികള്‍ അവ തേടാറുണ്ട്. ആപ്പിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വിവരങ്ങള്‍ മാത്രമാണോ അതെന്ന് ഉറപ്പാക്കണമെന്നും ഷൈനി പറയുന്നു.

ഡാര്‍ക് വെബ്ബ്

ഇന്റര്‍നെറ്റിലെ അധോലോകം. നിയമവിരുദ്ധമായ സേവനങ്ങളുടെയും ഇടപാടുകളുടെയും കേന്ദ്രം. ലഹരിമരുന്ന് വില്‍പ്പന, അശ്ലീല വീഡിയോകള്‍, മനുഷ്യക്കടത്ത് തുടങ്ങിയവയെല്ലാം ഡാര്‍ക് വെബ്ബിന്റെ ചുവടുപിടിച്ച് നടക്കുന്നു. വ്യക്തിവിവരങ്ങളെല്ലാം ഇവിടെ ചൂടപ്പം പോലെ വിറ്റഴിയും. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ഇവിടെ ലഭിക്കും.

cyber crimes in kerala

ഡേറ്റ മോഷണം കുറ്റകൃത്യം

ഡേറ്റമോഷണം കുറ്റകൃത്യമാണ്. ഇതിന്റെ ഗൗരവം കേരളം ഇനിയും വേണ്ടവിധത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല. ഡേറ്റ വില്‍ക്കുന്ന വസ്തുവാണെന്നത് പലര്‍ക്കും അറിയില്ല. ഡേറ്റയുടെ അനധികൃത വില്‍പ്പനയിലൂടെ വന്‍തോതില്‍ പണം സമ്പാദിക്കുന്നവരുണ്ട്. അന്താരാഷ്ട്രതലത്തില്‍ ഇത്തരം സംഘം വളര്‍ന്നുവരുന്നുണ്ട്. ഡേറ്റ വില്‍പ്പന മറ്റിടങ്ങളിലേതുപോലെ ഇവിടെ വികസിച്ചിട്ടില്ല. എന്നാല്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളുടെ വില്‍പ്പന നടക്കുന്നുണ്ട്. നമ്മുടെ ഡേറ്റാബേസ് സുരക്ഷിതമാക്കേണ്ടതിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

-മനോജ് എബ്രഹാം, (എ.ഡി.ജി.പി., സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ )

 

Content Highlights : Cyber security Challenges