മുതലയുടെ തൊലി, 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച തലയോട്ടി, 137 വജ്രങ്ങള്‍ 17 ലക്ഷത്തിലധികം രൂപ വിലയുള്ള ഈ ഐഫോണ്‍ സ്വന്തമാക്കണമെങ്കില്‍ കേവലം ഐഫോണ്‍ ആരാധകന് മാത്രമായാല്‍ പോര. ഐഫോണിനോട് അടങ്ങാത്ത ആരാധനയും അതിലേറെ സമ്പത്തുമുണ്ടെങ്കില്‍ ഈ ഐഫോണ്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.
ജനപ്രിയ ഉപകരണങ്ങളുടെ ആഡംബര പതിപ്പുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന സ്വീഡിഷ് കമ്പനി ഗോള്‍ഡന്‍ കണ്‍സപ്റ്റ് ആണ് ഈ ഐഫോണ്‍ രൂപകല്പന ചെയ്തത്. ഇതുവരെ പുറത്തിറക്കിയതില്‍ ഇവരുടെ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടിയാണ് ഈ 'ഐഫോണ്‍ ഷുഗര്‍ സ്കള് എഡിഷന്'.
ഐഫോണ്‍ ടെന്‍ എക്സ് മാക്സിന്റെ പിന്‍ഭാഗമാണ് ഗോള്‍ഡന്‍ കണ്‍സപ്റ്റ് പുതുക്കിപ്പണിതത്. 18 കാരറ്റിന്റെ 110 ഗ്രാം സ്വര്‍ണം ഉപയോഗിച്ചാണ് ഇതിലെ തലയോട്ടി നിര്‍മിച്ചത്. ഗോള്‍ഡന്‍ കണ്‍സപ്റ്റിലെ കലാകാരന്റെ കരവിരുതാണിത്. തലയോട്ടിക്ക് മേല്‍ 137 വജ്രക്കല്ലുകളും പതിപ്പിച്ചിരിക്കുന്നു. മുതലയുടെ തൊലിയില്‍ നിര്‍മിച്ച കവചവും ഇതിന് നല്കിയിരിക്കുന്നു.
ഒട്ടും കോട്ടം തട്ടാത്ത കലാവിരുതാണ് ഈ ഐഫോണ്‍ എന്ന് ഗോള്‍ഡന്‍ കണ്‍സപ്റ്റ് പറയുന്നു. ലോകത്തെ അതിസമ്പന്നന്മാര് ആരെങ്കിലും ഇത് വാങ്ങാനെത്തുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
ഈ ആഡംബര മൊബൈല്‍ ഫോണിന് ഒരു വര്‍ഷം വാറന്റിയുണ്ട്. 30 ദിവസം തിരിച്ച് നല്‍കാനുള്ള സമയവും നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഐഫോണുകള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ഐഫോണ്‍ ഉപയോക്താവ് പ്രത്യേകിച്ചും സമ്പന്നരായവര്‍ മൂന്നോ നാലോ വര്‍ഷം കൊണ്ടുതന്നെ തങ്ങളുടെ ഫോണുകള്‍ പുതിയതിലേക്ക് മാറ്റാറുണ്ട്. ഈ സാഹചര്യത്തില്‍ ഐഫോണ്‍ ടെന്‍ എക്സ് മാക്സില്‍ ഇങ്ങനെ ഒരു ആഡംബര രൂപകല്പനയുടെ സാധ്യതയും സ്വീകാര്യതയും എത്രയുണ്ടാവുമെന്ന് കണ്ടറിയണം.
യൂട്യൂബ് ചാനലായ അണ്‍ബോക്സ് തെറാപ്പിയില്‍ ഈ ഫോണ്‍ ചിത്രീകരിച്ചിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും ആഡംബരമേറിയ ഐഫോണ്‍ എന്നാണ് ഈ ഐഫോണിനെ അണ്‍ബോക്സ് തെറാപ്പി യൂട്യൂബര്‍ വിശേഷിപ്പിക്കുന്നത്.
Content Highlights: Custom laxurious iPhone with 18k gold skull, alligator leather and 137 diamonds
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..