ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിന്റെ സ്രഷ്ടാവ് താനാണെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയന്‍ വ്യവസായി ക്രേഗ് റൈറ്റ് രംഗത്തെത്തി. ബിറ്റ്കോയിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്ന സതോഷി നകമാറ്റോ താന്‍തന്നെയാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. 

ബിറ്റ്‌കോയിന്‍ ( bitcoin ) സംബന്ധിച്ച് വര്‍ഷങ്ങളായി തുടരുന്ന ദുരൂഹതയ്ക്ക് ഈ വെളിപ്പെടുത്തല്‍ അന്ത്യംകുറിക്കുമെന്നാണ് കരുതപ്പെടുന്നത്.

തന്റെ വെളിപ്പെടുത്തലിനെ പിന്തുണയ്ക്കുന്ന തെളിവുകള്‍ റൈറ്റ്, ബിബിസിക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. റൈറ്റിന്റെ വെളിപ്പെടുത്തലിനെ പിന്താങ്ങി ബിറ്റ് കോയിന്‍ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ജോണ്‍ മോട്ടോണിസും രംഗത്തെത്തിയിട്ടുണ്ട്. 

ബിറ്റ്‌കോയിന് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് താനാണെന്നും എന്നാല്‍ മറ്റു ചിലരുടെ സഹായം ലഭിച്ചിരുന്നെന്നും റൈറ്റ് ബിബിസിയോട് വെളിപ്പെടുത്തി. ബിറ്റ്കോയിനുമായി ബന്ധപ്പെട്ട എല്ലാ തെറ്റിദ്ധാരണകളും കിംവദന്തികളും ഇല്ലാതാക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയതിനാലാണ് ഇപ്പോള്‍ താന്‍ സ്വയം വെളിപ്പെടുത്തുന്നതെന്ന് റൈറ്റ് പറയുന്നു. 

bitcoin

നാല്‍പ്പത്തഞ്ചുകാരനായ റൈറ്റ് ഓസ്ട്രേലിയന്‍ ഐടി-സെക്യൂരിറ്റി ഉപദേഷ്ടാവും സംരംഭകനുമാണ്. 'ക്രിപ്റ്റോകറന്‍സി'യുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. 

2008 ഒക്ടോബറില്‍ ബിറ്റ്കോയിന്‍ എന്ന ആശയം അവതരിപ്പിക്കപ്പെട്ടതു മുതല്‍ ബിറ്റ്‌കോയിന്റെ സ്ഥാപകനായി കരുതപ്പെട്ടിരുന്ന സതോഷി നകമാറ്റോയുടെ അസ്തിത്വം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലവിലുണ്ടായിരുന്നു. ലോക മാധ്യമങ്ങളും വ്യക്തികളും നകമാറ്റോയുടെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. 

ബിറ്റ്‌കോയിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തി എന്ന നിലയില്‍ റൈറ്റിന്റെ പേര് ചില മാധ്യമങ്ങള്‍ കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ടിരുന്നങ്കിലും അദ്ദേഹം അതിനോട് പ്രതികരിച്ചിരുന്നില്ല.

പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജാപ്പനീസ് തത്വചിന്തകനും വ്യാപാരിയും സ്വതന്ത്രവ്യാപാരത്തിന്റെ വക്താവുമായിരുന്ന തൊമിനാഗ നകമാറ്റോയുടെ സ്മരണാര്‍ത്ഥമാണ് ഈ പേര് താന്‍ ഉപയോഗിച്ചതെന്നാണ് ഇതു സംബന്ധിച്ച് റൈറ്റ് ഇപ്പോള്‍ പറയുന്നത്. 

ബാങ്കുകളുടെ സഹായമില്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് ബിറ്റ്കോയിന്‍. സുരക്ഷിതമായ സാമ്പത്തിക ഇടപാടുകള്‍ സാധ്യമാക്കുന്ന ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്ക് കേന്ദ്രീകൃതമായ ഒരു നിയന്ത്രണ സംവിധാനമില്ല. 

ഒരു ബിറ്റ്‌കോയിന്റെ മൂല്യം ഇപ്പോള്‍ ഏകദേശം 450 യു.എസ് ഡോളറാണ്.