കൊറോണവൈറസ് വ്യാപനത്തെ കുറിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ക്കെന്ന പേരില്‍ ഇതിനകം നിരവധി വെബ്‌സൈറ്റുകളും ആപ്പുകളും മറ്റ് സേവനങ്ങളും രംഗപ്രവേശം ചെയ്തിട്ടുണ്ട്. ആരോഗ്യ രംഗത്തെ അന്താരാഷ്ട്ര ദേശീയ ഏജന്‍സികള്‍ക്കും ഭരണകൂട സംവിധാനങ്ങള്‍ക്കും പുറമെ വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തെ തുടര്‍ന്ന് വിവിധ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകളും മറ്റ് ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനങ്ങളും കോവിഡ്-19 നെ കുറിച്ച് ശരിയായ വിവരങ്ങള്‍ നല്‍കുന്നതിനായി സ്വന്തം നിലയില്‍ വെബ് പേജുകള്‍ തുടങ്ങിയിട്ടുണ്ട്. ഇത്രയേറെ വെബ്‌സൈറ്റുകള്‍ കൊറോണവൈറസ് സംബന്ധിച്ച വിവരകൈമാറ്റം നടത്തുമ്പോഴും ആശയക്കുഴപ്പങ്ങള്‍ ഉണ്ടായേക്കാം.
ഈ അടിയന്തിര സാഹചര്യത്തില്‍ കോവിഡ്-19 നെ കുറിച്ചുള്ള ശരിയായ വിവരങ്ങളുടെ പ്രഥമ ഉറവിടം ലോകാരോഗ്യ സംഘടനയും രാജ്യത്തെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമാണ്. അതില്‍ മലയാളികള്‍ക്ക് ആശ്രയിക്കാവുന്ന ചില സേവനങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ലോകാരോഗ്യ സംഘടനയുടെ കോവിഡ്-19 വെബ്‌സൈറ്റ്
കോറോണ വ്യാപനത്തെ കുറിച്ചുള്ള അന്തര്‍ദേശീയ തലത്തിലുള്ള വാര്‍ത്തകളും വിവരങ്ങളും കണക്കുകളും നല്‍കുന്ന പ്രത്യേക വെബ് പേജ് ലോകാരോഗ്യ സംഘടന തയ്യാറാക്കിയിട്ടുണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച എണ്ണം, മരണ നിരക്ക്, ബാധിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം ഇവ വ്യക്തമാക്കുന്ന ഭൂപടം, വാര്‍ത്തകള്‍ എന്നിവ ഈ വെബ് പേജിലുണ്ട്.
ഭൂഖണ്ഡങ്ങളായും രാജ്യങ്ങളായും വേര്‍തിരിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ലഭിക്കും. ഇത് കൂടാതെ നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍, ഗതാഗത നിര്‍ദേശങ്ങള്‍, ഗവേഷണ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും തിരുത്തുന്ന വിശദീകരണങ്ങള്‍ എന്നിവ ഈ വെബ്‌സൈറ്റിലുണ്ട്.
ലോകാരോഗ്യ സംഘടനയുടെ വെബ് പേജ് സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക- https://www.who.int/emergencies/diseases/novel-coronavirus-2019
ഭാരത സര്‍ക്കാരിന്റെ മൈ ഗോവ് വെബ്‌സൈറ്റ്
ദേശീയ തലത്തിലെ കോവിഡ്-19 വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന പ്രത്യേക വെബ് പേജ് സര്‍ക്കാരിന്റെ മൈ ഗോവ്. ഇന്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം, മരണനിരക്ക്, രോഗം ഭേദമായവരുടെ കണക്ക് എന്നിവ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ഹെല്‍പ് ലൈന്‍ നമ്പറുകളും സംസ്ഥാന/ജില്ലാ തലങ്ങളിലെ ഹെല്‍പ് ലൈന്‍ നമ്പറുകളും ഈ വെബ്‌സൈറ്റില്‍ ലഭിക്കും.
കൊറോണ വൈറസ് എന്താണ്, എന്തെല്ലാം പ്രതിരോധ നടപടികള്‍ സ്വീകരിക്കണം, ഫെയ്‌സ് മാസ്‌ക് എങ്ങനെ വീട്ടില്‍ ഉണ്ടാക്കി ഉപയോഗിക്കാം, ലോക്ക് ഡൗണ്‍ എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത് തുടങ്ങിയവ ഉള്‍പ്പടെ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ ഈ വെബ് പേജിലുണ്ട്. വാട്‌സാപ്പ് വഴിയും, ടെലിഗ്രാം വഴിയും കേന്ദ്രസര്‍ക്കാര്‍ കോവിഡ്-19 വിവരങ്ങള്‍ കൈമാറുന്നുണ്ട്.
ഇത് കൂടാതെ ജനങ്ങളിലേക്ക് നേരിട്ട് വിവരങ്ങളെത്തിക്കാന്‍ സര്‍ക്കാരിന്റെ 'ആരോഗ്യസേതു' എന്ന മൊബൈല്‍ ആപ്ലിക്കേഷനും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ മലയാളം, തമിഴ്, ഹിന്ദി എന്നിവ ഉള്‍പ്പടെ 11 ഭാഷകളില്‍ ഇത് ഉപയോഗിക്കാം. കോവിഡ്-19 നിങ്ങളുടെ സമീപപ്രദേശങ്ങളിലെത്തിയിട്ടുണ്ടോ എന്നറിയാന്‍ സാധിക്കുന്ന കോവിഡ് ട്രാക്കര്‍ ആപ്ലിക്കേഷനാണിത്. ഉപയോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആപ്പിന്റെ പ്രവര്‍ത്തനം. നിങ്ങളില്‍ രോഗമുണ്ടോ എന്ന് വിലയിരുത്താനുള്ള സഹായവും ആപ്ലിക്കേഷന്‍ നല്‍കും.
മൈ ഗോവ്.ഇന്‍ കോവിഡ്-19 വെബ്‌സൈറ്റ് സന്ദര്‍ശിക്കുവാന്‍- https://www.mygov.in/covid-19/?cbps=1
ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍-
ആന്‍ഡ്രോയിഡ്: https://play.google.com/store/apps/details?id=nic.goi.aarogyasetu
ആപ്പിള്‍: https://apps.apple.com/in/app/aarogyasetu/id1505825357
കേരള സര്‍ക്കാരിന്റെ 'കോവിഡ്-19 ജാഗ്രത'
രാജ്യത്ത് ഏറ്റവും അധികം പ്രശംസ പിടിച്ചുപറ്റിയ പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാര്‍ കോവിഡ്-19 പ്രതിരോധത്തിനായി നടത്തിവരുന്നത്. സര്‍ക്കാരിന്റെ കോവിഡ്-19 ജാഗ്രത എന്ന വെബ്‌സൈറ്റില്‍ കേരളത്തില്‍ നിന്നുള്ള കോവിഡ്-19 സംബന്ധിച്ച ആധികാരികമായ വിവരങ്ങള്‍ ലഭിക്കും. കോവിഡ്-19 വ്യാപനത്തെ കുറിച്ചുള്ള ജില്ലകള്‍ തിരിച്ചുള്ള കണക്കുകള്‍ ഈ വെബ്‌സൈറ്റിലുണ്ട്. ഇത് കൂടാതെ കൊറോണ വൈറസിനെ കുറിച്ച് സര്‍ക്കാരില്‍ നിന്നുള്ള അറിയിപ്പുകള്‍, യാത്രക്കാരുടെ അറിവിലേക്കുള്ള വിവരങ്ങള്‍, നിരീക്ഷണത്തിലുള്ളവര്‍ ചെയ്യേണ്ട കാര്യങ്ങള്‍, സന്ദര്‍ശകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ജനങ്ങള്‍ക്ക് സമഗ്രമായ വിവരങ്ങള്‍ ലഭിക്കുന്ന ജിഓകെ ഡയറക്ട് എന്ന ആപ്പും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനങ്ങളുടെ ഫെയ്‌സ്ബുക്ക് ലിങ്കുകളും ഈ ആപ്പില്‍ ലഭിക്കും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും ഇതില്‍ വിവരങ്ങള്‍ ലഭ്യമാണ്.
സര്‍ക്കാരിന്റെ കോവിഡ്-19 ജാഗ്രത വെബ്‌സൈറ്റ്- https://covid19jagratha.kerala.nic.in/home/
ജിഓകെ ഡയറക്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍-
ആന്‍ഡ്രോയിഡ്- https://play.google.com/store/apps/details?id=com.qkopy.prdkerala&hl=en_IN
ആപ്പിള്‍- https://apps.apple.com/us/app/gok-direct/id1502436125
ലോകാരോഗ്യ സംഘടനയുടേയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും പേരില്‍ വാട്‌സാപ്പിലും മറ്റ് സോഷ്യല്‍മീഡിയാ സേവനങ്ങളിലും പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ വസ്തുത പരിശോധിക്കാതെ പങ്കുവെക്കുകയോ വിശ്വസിക്കുകയോ അരുത്. പകരം അതാത് ഏജന്‍സികളുടെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് വസ്തുത ഉറപ്പുവരുത്തുക.
Content Highlights: corona virus covid-19 pandemic websites and apps for authorized info and directions