പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
നാട്ടിലെ പ്രമാണിയുടെ ഏകമകളുടെ ആറ്റുനോറ്റിരുന്ന കല്യാണം ആര്‍ഭാടമില്ലാതെ നടത്തേണ്ടിവന്നതു മുതല്‍ കൊറോണ വൈറസിന്റെ ഉദ്ഭവം ലാബില്‍നിന്നാണോ എന്ന് അന്വേഷിക്കുമെന്ന യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവന വരെ... സാഹിത്യകാരനെന്ന് സ്വയം അവകാശപ്പെടുന്ന സുഹൃത്തിന്റെ പുതിയ രചനയിലെ 'ആഴവും പരപ്പും' തൊട്ട് കോപ്പ അമേരിക്ക ഫുട്ബോളില്‍ ചിലിക്കെതിരെ ലയണല്‍ മെസ്സി ഫ്രീ കിക്കിലൂടെ നേടിയ ഗോള്‍ വരെ... ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്.
അന്തിച്ചര്ച്ചയെന്നും ചായക്കട ചര്‍ച്ചയെന്നും കേട്ടുമാത്രം പരിചയമുള്ള മലയാളിക്ക് പുതിയൊരു ചര്‍ച്ചാവേദി രൂപപ്പെട്ടുകഴിഞ്ഞു -'ക്ലബ്ബ് ഹൗസ്'.കോവിഡിന്റെയും ലോക്ഡൗണിന്റെയും വര്‍ക്ക്അറ്റ് ഹോമിന്റെയും ഫലമായി മുറിഞ്ഞുപോയ ചര്‍ച്ചകള്‍ പൂര്‍വാധികം ശക്തിയോടെ മുറുകിയതോടെ പുതിയ 'സൈബര്‍ കൊമ്പി'ല്‍ ചേക്കേറിയിരിക്കുകയാണ് മിക്കവരും.
പാട്ട് പാടാനും ഒ.ടി.ടി.റിലീസായ പുതിയ സിനിമയെക്കുറിച്ച് സംസാരിക്കാനും സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് വിശകലനം ചെയ്യാനുമെല്ലാം ജില്ലയില്‍നിന്ന് പുതിയ ക്ലബ്ബില്‍ 'അംഗത്വമെടുത്തത്' ഒട്ടേറെപ്പേര്‍.
എന്താണ് ക്ലബ്ബ് ഹൗസ്?
ശബ്ദത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹികമാധ്യമ ആപ്പാണ് ക്ലബ്ബ്ഹൗസ്. ഓഡിയോ ചാറ്റിങ്ങിലൂടെ സാധ്യമാകുന്ന ഒരു സൈബര്കൂട്ടായ്മ. 2020 മാര്‍ച്ചില്‍ ഐ.ഒ.എസ്. പ്ലാറ്റ്ഫോമില്‍ തുടങ്ങിയ ക്ലബ്ബ് ഹൗസ് 2021 മേയില്‍ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിലേക്കുമെത്തി. പേടിയോ സഭാകമ്പമോ കൂടാതെ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ ഈ തത്സമയ ശബ്ദ ചാറ്റിലൂടെയാവും. ആപ്പില്‍ ഒരുതരത്തിലുമുള്ള റെക്കോര്‍ഡിങ്ങും സാധ്യമല്ല.
ക്ലബ്ബ് ഹൗസില്‍ അംഗമാകാം
- മൊബൈല്‍ ഫോണില്‍നിന്ന് (ആന്‍ഡ്രോയ്ഡ് ആണെങ്കില്‍ പ്ലേ സ്റ്റോറില്‍നിന്ന് ഐ ഫോണാണെങ്കില്‍ ആപ്പ് സ്റ്റോറില്‍നിന്ന്) ക്ലബ്ബ് ഹൗസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം
- ആദ്യം ഫോണ്‍ നമ്പര്‍ നല്‍കുക. അപ്പോള്‍ ഒ.ടി.പി. നമ്പര്‍ ലഭിക്കും. തുടര്‍ന്ന് പേര്, യൂസര്‍ നെയിം, ഫോട്ടോ, താത്പര്യമുള്ള വിഷയങ്ങള്‍ എന്നിവ നല്‍കുക
- തുടര്‍ന്ന് നമ്മുടെ കോണ്ടാക്ടിലുള്ളവരും ക്ലബ്ബ് ഹൗസില്‍ അംഗത്വമുള്ളവരുമായവരെ ഫോളോ ചെയ്യാനുള്ള പേജിലെത്തും
- റഫറന്‍സ് /ഇന്‍വിറ്റേഷന്‍ വഴി മാത്രമാണ് പ്രവേശനം
- പ്രവേശനം നേടി പേജിലെത്തിയാല്‍ ചര്‍ച്ചകള്‍ നടക്കുന്ന വ്യത്യസ്ത റൂമുകള്‍ കാണാം. റൂമില്‍ കയറിയാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതെ കേള്‍വിക്കാരനായി തുടരാം
- ചര്‍ച്ചയില്‍ പങ്കെടുക്കാനായി 'റേസ് ദി ഹാന്‍ഡ്' എന്ന ബട്ടണ്‍ അമര്‍ത്തുക മോഡറേറ്റര്‍ തീരുമാനിച്ചാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുതുടങ്ങാം.
- 'ലീവ് ക്വയറ്റ്ലി' ബട്ടണ്‍ അമര്‍ത്തിയശേഷം റൂമില്‍നിന്ന് പുറത്തിറങ്ങാം
ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ ഏതെങ്കിലും വിഷയത്തെക്കുറിച്ച് നാം അഭിപ്രായപ്രകടനം നടത്തിയാല്‍ അത് അച്ചടിച്ചതുപോലെ നമ്മുടെ പ്രൊഫൈലിന് താഴെ രേഖപ്പെടുത്തപ്പെടും. എന്നാല്‍, ക്ലബ്ബ് ഹൗസില്‍ ഇത് പേടിക്കേണ്ട. പലതരം ആളുകളുമായും പ്രശസ്തരുമായും സംവദിക്കാനുള്ള മാര്‍ഗമാണ്.
മറ്റ് സാമൂഹിക മാധ്യമങ്ങളിലേതുപോലെ ഇവിടെയുമുണ്ട് തട്ടിപ്പിനുള്ള സാധ്യതകള്‍. ആള്‍മാറാട്ടമാണ് പ്രധാന വെല്ലുവിളി. ഈ ആപ്പില്‍ സെന്‍സര്‍ഷിപ്പോ ചെക്കിങ്ങോ ഇല്ലാത്തതിനാല്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയാനും വ്യക്തിത്വഹത്യ നടത്താനും സാധ്യതയേറെ.
ചര്‍ച്ചയുമായി മാതൃഭൂമി ഓണ്‍ലൈനും ക്ലബ്ബ് എഫ്.എമ്മും
ഇതുവരെയായി ആറ് ചര്‍ച്ചകളാണ് മാതൃഭൂമി ഓണ്‍ലൈന്‍ സംഘടിപ്പിച്ചത്. അഴിച്ചുപണിയണോ സാഹിത്യം സിനിമയാകുമ്പോള്‍, 50 വര്‍ഷങ്ങള്‍-സത്യനും മരണമില്ലാത്ത കഥാപാത്രങ്ങളും ആരൊക്കെ വാഴും ആരൊക്കെ വീഴും യൂറോയില്‍, കോവിഡ് 19- ആശങ്കയായി ഉയരുന്ന മരണം, എടുക്കാനുണ്ടോ എണ്ണം പറഞ്ഞ കഥകള്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച. നിരവധി പ്രഗല്ഭരാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. ക്ലബ്ബ് എഫ്.എമ്മും ചര്‍ച്ചകളുമായി രംഗത്തുണ്ട്.
Content Highlights: Clubhouse, Drop In Audio, invitation-only social media app
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..