ഓസ്‌ട്രേലിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ ആസ്‌ട്രോനോട്ടിക്കല്‍ കോണ്‍ഫറന്‍സില്‍ ഒരു അതിശയ വാഗ്ദാനവുമായാണ് സ്‌പേസ് എക്‌സിന്റേയും ടെസ്ലയുടേയും തലവന്‍ എലന്‍ മസ്‌ക് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. ബഹിരാകാശത്തേക്ക് യാത്ര ചെയ്യാനുള്ള അതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ ഭൂമിയിലെ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് യാത്രചെയ്യാനാകുമെന്നായിരുന്നു ആ വാഗ്ദാനം. അത് എങ്ങനെ ആയിരിക്കുമെന്നതിന്റെ മാതൃകയും അദ്ദേഹം വേദിയില്‍ പ്രദര്‍ശിപ്പിച്ചു.

കൂടിയത് 30 മിനിറ്റിനുള്ളില്‍ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് റോക്കറ്റുകള്‍ വഴി യാത്രചെയ്യാനാകുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഡല്‍ഹിയില്‍ നിന്നും ടോക്യോയിലേക്ക് വെറും 30 മിനിറ്റ് യാത്ര ചെയ്താല്‍ മതി. അതും വിമാനയാത്രയ്ക്ക് വേണ്ടിവരുന്ന അതേ ചിലവില്‍. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ അയക്കുന്നതിനുള്ള സാങ്കേതിക വിദ്യയെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മെഗാറോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശ വാഹനങ്ങളെ ഭ്രമണ പഥത്തില്‍ എത്തിക്കാനാകുമെന്നും ആ ബഹിരാകാശ വാഹനങ്ങള്‍ക്ക് ഭൂമിയിലെ നിശ്ചിത സ്ഥലത്ത് തിരിച്ചിറങ്ങാനും ശേഷിയുണ്ടാവുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഈ റോക്കറ്റും ബഹിരാകാശ വാഹനവും ഇപ്പോള്‍  സാങ്കല്‍പ്പികം മാത്രമാണ്. എന്നാല്‍ അടുത്ത ആറോ ഒമ്പതോ മാസത്തിനുള്ളില്‍ ഇവയുടെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് എലന്‍ മസ്‌ക് പറയുന്നു.

അതിശയകരമായൊരു യാത്രാ പദ്ധതിയാണ് ഇപ്പോള്‍ എലന്‍ മസ്‌കിന്റെ മനസിലുള്ളത്. അതിനെ പ്രവര്‍ത്തന മാതൃകയുടെ ദൃശ്യാവിഷ്‌കാരം അത് വ്യക്തമാക്കുന്നുണ്ട്. ആ ആശയം ഇങ്ങനെയാണ്. യാത്രക്കാരെ ഒരു വലിയ ബോട്ടില്‍ ജലാശയത്തില്‍ സ്ഥാപിച്ചിട്ടുള്ള വിക്ഷേപണ സ്ഥലത്തെത്തിക്കുന്നു. അവിടെയുള്ള ബഹിരാകാശ വാഹനത്തില്‍ യാത്രക്കാരെ കയറ്റി വിക്ഷേപണം നടത്തുന്നു. വാഹനം ബഹിരാകാശം ചുറ്റി ഭൂമിയിലെ മറ്റൊരു നഗരത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള വിക്ഷേപണ സ്ഥലത്ത് തിരിച്ചിറങ്ങുന്നു. 

ഈ രീതിയില്‍ യാത്ര ചെയ്യുമ്പോള്‍ ഹോങ്കോങ്ങില്‍ നിന്നും സിംഗപൂരിലേക്ക് 22 മിനിറ്റും, ലണ്ടനില്‍ നിന്ന് ദുബായിലേക്കോ ന്യൂയോര്‍ക്കിലേക്കോ 29 മിനിറ്റും ലോസ് ആഞ്ജലിസില്‍ നിന്നും ടോറന്റോയിലേക്ക് 24 മിനിറ്റും മാത്രം മതിയാവുമെന്നാണ് ദൃശ്യം അവകാശപ്പെടുന്നത്. 

സങ്കല്‍പ്പം മാത്രമായ നിരവധി സാങ്കേതിക വിദ്യകളെ യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ള എലന്‍ മസ്‌കും അദ്ദേഹത്തിന്റെ സ്‌പേസ് എക്‌സും ഈ യാത്രാ സംവിധാനവും താമസിയാതെ രംഗത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.