ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നത് സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നും മറ്റുമുള്ള വാദങ്ങള്‍ ഉയര്‍ത്തി വലിയ കോലാഹലങ്ങളാണ് നമ്മുടെ നാട്ടില്‍ ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. ആ സമയത്താണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള ചൈന അവരുടെ മുഴുവന്‍ പൗരന്മാരേയും നിരീക്ഷിക്കാന്‍ നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള നിരീക്ഷണ ക്യാമറകള്‍ രാജ്യമെമ്പാടും സ്ഥാപിക്കാന്‍ പദ്ധതിയിടുന്നത്.

ഗതാഗത നിയമം ലംഘിക്കുന്ന കാല്‍നടയാത്രക്കാരെ പിടികൂടാന്‍ നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഫെയ്‌സ് റെക്കഗ്നിഷന്‍ നിരീക്ഷണക്യാമറ പരീക്ഷിച്ചിരിക്കുകയാണ് ചൈന. സെന്‍സ്‌ടൈം എന്ന കമ്പനിയാണ് ഈ ക്യാമറ ചൈനയിലുടനീളം സ്ഥാപിച്ചിരിക്കുന്നത്.

യാത്രക്കാരുടെ മുഖം മാത്രമല്ല അയാളുടെ വയസ് എത്രയാണ്?, ഏത് ലിംഗത്തില്‍ പെടുന്നു?, അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രം ഏത് തരത്തിലുള്ളതാണ് എന്നത് പോലും ഈ ക്യാമറകള്‍ക്ക് തിരിച്ചറിയാനാവും. നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷയായി അവരുടെ ചിത്രവും വീഡിയോ ദൃശ്യങ്ങളും പരസ്യപ്പെടുത്തും. 20 യുവാന്‍  (194 രൂപ) പിഴയായി നല്‍കിയാല്‍ മാത്രമേ ഈ ചിത്രങ്ങള്‍ പിന്‍വലിക്കുകയുള്ളൂ. 

അതായത് ഇതിന് വേണ്ടി രാജ്യത്തെ എല്ലാ പൗരന്മാരെയും കുറിച്ചുള്ള വിവരങ്ങള്‍ ഇതിനായി ഉപയോഗിക്കപ്പെടും. ഒരോ പൗരനും എപ്പോഴും നിരീക്ഷണ വിധേയരായിരിക്കും.

അതേസമയം ആളുകളുടെ സ്വകാര്യതയെ കുറിച്ച് ആശങ്കകള്‍ ഉയരുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങളെ ചെറുക്കാനും കാണാതായവരെ കണ്ടെത്തുന്നതിനുമാണ് തങ്ങള്‍ ഈ സംവിധാനം ഉപയോഗിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ഈ സംവിധാനം തിരച്ചില്‍ എളുപ്പമാക്കുന്നതാണെന്നും പോലീസ് അഭിപ്രായപ്പെടുന്നു. 

ചൈനയില്‍ ആരംഭിക്കാനിരിക്കുന്ന ബൃഹദ് നിരീക്ഷണ സംവിധാനത്തിന്റെ തുടക്കം മാത്രമാണ് ഈ സാങ്കേതിക വിദ്യ.

വ്യക്തികളുടെ വിശ്വാസ്യത വിശകലനം ചെയ്യുന്നതിനായി അവരുടെ സോഷ്യല്‍ മീഡിയ, ഷോപ്പിങ് സൈറ്റുകള്‍, ഡേറ്റിങ് സൈറ്റുകള്‍ എന്നിവിടങ്ങളിലേതടക്കമുള്ള ഇടപെടലുകള്‍ സ്‌കോറിങ് അല്‍ഗരിതത്തിന്റെ സഹായത്തോടെ നിരീക്ഷിച്ച് ഒരു സോഷ്യല്‍ ക്രെഡിറ്റ് സിസ്റ്റം നിര്‍മ്മിച്ചെടുക്കാനും ചൈന പദ്ധതിയിടുന്നുണ്ട്.