യുക്രൈൻ യുദ്ധഭൂമിയിൽ സ്റ്റാർലിങ്കിന് എന്തു കാര്യം! 'ആകാശപ്പോരി'ൽ ഇനി ചൈനയും അമേരിക്കയും നേർക്കുനേർ


ബി.എസ് ബിമിനിത്

9 min read
Read later
Print
Share

Chris McGrath/Getty Images

ലോകം ആര്‍ജവത്തോടെ ഇടപെട്ടാല്‍ തീര്‍ന്നേക്കാവുന്ന യുദ്ധമെന്ന നിലയില്‍ മാത്രമല്ല, സാറ്റലൈറ്റ് ഇന്റര്‍നെറ്റിനെ കൂട്ടുപിടിച്ച് റഷ്യയെ വിറപ്പിച്ചുകളഞ്ഞ പോരാട്ടമെന്ന നിലയില്‍ കൂടി ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട് യുക്രൈനിലെ റഷ്യന്‍ അധിനിവേശം. ആശയവിനിമയ മാര്‍ഗങ്ങളെല്ലാം തകര്‍ത്ത് യുക്രൈനെ പതിറ്റാണ്ടുകള്‍ പിറകിലേക്ക് തള്ളിവിട്ട് റഷ്യ പടയോട്ടം നടത്തുമ്പോള്‍ യുക്രൈന്‍ സൈന്യത്തെ സഹായിച്ചത് സ്‌പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് (Starlink) ഉപഗ്രഹങ്ങളാണ്. ഹൈടെക് തന്ത്രങ്ങളുടെ പുതിയ അധ്യായം തുറന്ന യുദ്ധത്തില്‍ വിയര്‍ത്തത് റഷ്യയായിരുന്നുവെങ്കില്‍, വിറളി പിടിച്ചത് യുദ്ധത്തില്‍ നേരിട്ട് പങ്കാളിത്തമൊന്നുമില്ലാത്ത ചൈനയായിരുന്നു. ചൈന സടകുടഞ്ഞെഴുന്നേറ്റ് ലോ എര്‍ത്ത് ഓര്‍ബിറ്റ് (LEO) സാറ്റലൈറ്റ് റിസര്‍ച്ച് രംഗം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ശ്രമം തുടങ്ങിയതാണ് പിന്നീട് കണ്ടത്.

യുദ്ധഭൂമിയില്‍ എന്തുകൊണ്ടാണ് ഉപഗ്രഹ ഇന്റര്‍നെറ്റിന് ഇത്രയേറെ പ്രാധാന്യം കൈവന്നത്?. ചൈനയെ പ്രകോപിപ്പിക്കാന്‍ മാത്രം യുക്രൈനില്‍ സ്റ്റാര്‍ലിങ്ക് ചെയ്തത് എന്താണ്? യുദ്ധമേഖലയിലെ ആ ട്വിസ്റ്റ് എങ്ങനെയാണ് ചൈനക്ക് ഭീഷണിയാവുന്നത്?.

അനിവാര്യതയാണ് മനുഷ്യരാശിയെ പുതിയ കണ്ടുപിടിത്തങ്ങളിലേക്ക് നയിക്കുന്നത് എന്ന പഴമൊഴിക്ക് ഈ കാലത്തു നല്‍കാവുന്ന എണ്ണപ്പെട്ട ഒരു ഉദാഹരണം യുക്രൈനില്‍ സംഭവിച്ചതാണ്. ലോകത്തെ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത മേഖലകളില്‍ ആകാശത്തുനിന്ന് നേരിട്ട് കണക്ടിവിറ്റി ലഭ്യമാക്കുക എന്ന കച്ചവട ലക്ഷ്യത്തോടെ തന്നെയാണ് ആയിരക്കണക്കിന് സ്റ്റാര്‍ലിങ്ക് ഉപഗ്രങ്ങള്‍ (starlink constellation) അമേരിക്കന്‍ കമ്പനിയായ സ്‌പേസ് എക്‌സ് (Space X) ആകാശത്തേക്ക് വിക്ഷേപിച്ചത്. മൊബൈല്‍ ടവറുകളടക്കം, ആശയവിനിമയം നടത്താനുള്ള സമസ്ത മേഖലകളും നശിപ്പിക്കപ്പെട്ട ആ സന്ദിഗ്ദ ഘട്ടത്തില്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ യുക്രൈന്‍ സൈനികര്‍ക്ക് ജീവവായുവാകുകയായിരുന്നു.
സൈനികര്‍ക്ക് മാത്രമല്ല, പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ട ജനതക്കും. റഷ്യ ചുട്ടുചാമ്പലാക്കിക്കൊണ്ടിരുന്ന മേഖലകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ആസൂത്രിത നീക്കങ്ങളിലൂടെ അവരെ ചെറുക്കാന്‍ പോന്ന ഹൈടെക് യുദ്ധതന്ത്രം ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു പിന്നീട് യുക്രൈന്‍ സൈനികര്‍. ഇനി മുതല്‍ സ്റ്റാര്‍ലിങ്ക് എന്നു കേള്‍ക്കുമ്പോള്‍ ഇലോണ്‍ മസ്‌കിന്റെ പേരുകൂടി ചേര്‍ത്തുവായിക്കണം.

സ്റ്റാര്‍ലിങ്ക് കണക്ടിവിറ്റി എത്തിയതോടെ നിലച്ചു പോയ ഗതാഗത സംവിധാനങ്ങള്‍ വരെ സജീവമായി. ബങ്കറുകളില്‍ പോലും ഇന്റര്‍നെറ്റ് എത്തിയതോടെ സൈനിക നടപടികള്‍ കൂടുതല്‍ സൂക്ഷ്മവും കാര്യക്ഷമവുമാക്കി എന്നതായിരുന്നു ഏറ്റവും വലിയ നേട്ടം. റഷ്യന്‍ സൈനികനീക്കങ്ങളുടെ ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ വഴി ശേഖരിച്ച് ആസൂത്രിതമായായിരുന്നു യുക്രൈന്‍ സൈന്യത്തിന്റെ പിന്നീടുള്ള നീക്കങ്ങള്‍.

സൈനിക ഡ്രോണുകളെ പ്രവര്‍ത്തന സജ്ജമാക്കി ആകാശദൃശ്യങ്ങള്‍ ശേഖരിച്ചു തുടങ്ങിയെന്നതാണ് ഇതില്‍ എടുത്തു പറയേണ്ട കാര്യം. ആ ഡ്രോണ്‍ ദൃശ്യങ്ങളാണ് റഷ്യന്‍ മുന്നേറ്റത്തിന്റെ നേര്‍ചിത്രം സൈനികനേതൃത്വത്തിന് മുന്നില്‍ വരച്ചുകൊടുത്തത്. വിവരം ശേഖരിക്കാനും തിരിച്ചടിക്കാനും സിവിലിയന്‍ പിന്തുണയും സൈനികര്‍ക്ക് ലഭിച്ചു. അതിനൊപ്പം സോഷ്യല്‍ മീഡിയയിലൂടേയും പിന്നെ മുഖ്യധാരാ മാധ്യമങ്ങളിലൂടേയും റഷ്യയുടെ കൊടുംപാതകങ്ങള്‍ ലോകം മുഴുവന്‍ ലൈവായും അല്ലാതെയും കണ്ടത് റഷ്യക്ക് അന്താരാഷ്ട്ര സമൂഹത്തില്‍ വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ജനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദമിമിര്‍ സെലന്‍സ്‌കി രാത്രിയില്‍ ലോകത്തോട് സംസാരിച്ചുകൊണ്ടിരുന്നു.

അമേരിക്ക പോലും മുട്ടിനില്‍ക്കാന്‍ പത്തു തവണ ആലോചിക്കുന്ന റഷ്യയെ ഇലോണ്‍ മസ്‌ക് എന്ന കിറുക്കന്‍ കോടീശ്വരന്‍ അങ്ങനെയാണ് കടുത്ത പ്രതിസന്ധിയിലാക്കിയത്? ഗള്‍ഫ് മേഖലയിലേയും അഫ്ഗാനിസ്താനിലേയുമൊക്കെ യുദ്ധരംഗങ്ങളില്‍നിന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കിയ ഏകപക്ഷീയമായ വിവരങ്ങളായിരുന്നു പുറത്തുവന്നതെങ്കില്‍ ഇവിടെ സോഷ്യല്‍ മീഡിയയുടെ സാധ്യതകളുപയോഗിച്ച് ഒരു ശക്തിയുടേയും ഇടപെടലില്ലാതെ യുദ്ധരംഗത്തുനിന്നു നേരിട്ടുള്ള വിവരങ്ങളായിരുന്നു ലോകമറിഞ്ഞത്.

സ്റ്റാര്‍ലിങ്കും കയ്പറും മറ്റും

ഭൂമിയില്‍നിന്നു 300 മുതല്‍ 1200 മൈല്‍ വരെ ഉയരത്തില്‍ വിക്ഷേപിച്ചിട്ടുള്ള ചെറു ഉപഗ്രഹങ്ങളുടെ വലിയ കൂട്ടമാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കോണ്‍സ്റ്റലേഷനുകള്‍ (satellite internet constellation). സാധാരണ സാറ്റലൈറ്റുകള്‍ ഏതാണ്ട് 36000 കിലോ മീറ്റർ ഉയരത്തില്‍ ഭൂമിയെ വലംവെക്കുമ്പോള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് അംഗങ്ങളുള്ള ഇന്റര്‍നെറ്റ് കോണ്‍സ്റ്റലേഷനുകളുടെ ഭ്രമണപഥം താരതമ്യേന ഭൂമിയോട് അടുത്തായിരിക്കും. അതുകൊണ്ടുതന്നെ കുറഞ്ഞ ലേറ്റന്‍സിയും വേഗവുമുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകുകയും ചെയ്യും. ഒന്നിനു പകരം ഒരു കൂട്ടം ഉപഗ്രങ്ങള്‍ ഉള്ളതിനാല്‍ കണക്ടിവിറ്റി തകരാറിലാവാന്‍ സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ ഭൂമിയില്‍ നടക്കുന്ന യുദ്ധം ആകാശത്തെ സാറ്റലൈറ്റുകളെ ബാധിക്കില്ല. അതുകൊണ്ടു തന്നെയാണ് യൂറോപ്യന്‍ യൂണിയനും റഷ്യയും ചൈനയുമൊക്കെ ഈ മേഖലയില്‍ സജീവമായി രംഗത്തു വന്നത്.

തൊണ്ണൂറുകളില്‍ തന്നെ ഈ മേഖലയില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു തുടങ്ങിയിരുന്നെങ്കിലും 2010-ന് ശേഷം വണ്‍വെബ് (OneWeb), ഇലോണ്‍ മസ്‌കിന്റെ കമ്പനിയായ സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക്, ആമസോണിന്റെ പ്രൊജക്ട് കയ്പര്‍ (Kuiper), സാംസങ്ങിന്റേയും ബോയിങ്ങിന്റേയും പ്രോജക്ടുകള്‍ തുടങ്ങിയ സ്വകാര്യ സംരംഭങ്ങള്‍ രംഗത്തു വന്നതോടെയാണ് ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്നത്. 2019-ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്റ്റാര്‍ലിങ്കാണ് നിലവിലെ താരം. ഇപ്പോള്‍ നാലായിരത്തോളം പ്രവര്‍ത്തനസജ്ജമായ ഉപഗ്രഹങ്ങളുള്ള (42000 ആണ് ലക്ഷ്യം) സ്റ്റാര്‍ലിങ്ക് 53 രാജ്യങ്ങളില്‍ സേവനം നല്‍കുന്നുണ്ട്.

അടുത്ത കാലത്ത് ഇവയുടെ രാഷ്ട്രീയ പ്രാധാന്യം കൂടി മനസ്സിലാക്കി സര്‍ക്കാരുകളും കമ്പനികളും പുതിയ നീക്കങ്ങള്‍ നടത്തുന്നുമുണ്ട്. 650 എണ്ണം വരുന്ന വണ്‍വെബില്‍ (ഇന്ത്യയിലെ ഭാര്‍തി ഗ്ലോബലിനും പങ്കാളിത്തമുണ്ട്‌) ബ്രിട്ടിഷ് സര്‍ക്കാര്‍ ഓഹരികള്‍ സ്വന്തമാക്കിയതും, യൂറോപ്യന്‍ യൂണിയനും റഷ്യയുമൊക്കെ ഈ മേഖലയില്‍ കണ്ണുവെച്ചിരിക്കുന്നതുമൊക്കെ അതിന്റെ പുതിയ കാലത്തെ പ്രാധാന്യം വെളിപ്പെടുത്തുന്നു. യുക്രൈനില്‍ സ്റ്റാര്‍ലിങ്ക് സേവനം തുടങ്ങാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും യുദ്ധം പ്രതിസന്ധിയിലാക്കിയ അവിടേക്ക് പെട്ടെന്ന് സ്റ്റാര്‍ലിങ്ക് കണക്ഷന്‍ ലഭ്യമാക്കാന്‍ തീരുമാനമെടുത്തത് മണിക്കൂറുകള്‍ക്കുള്ളിലാണ്. ആശയവൈരുധ്യങ്ങള്‍ മാറ്റിവെച്ച് ഇലോണ്‍ മസ്‌കിനെ അങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് ഒറ്റ ട്വീറ്റാണ്.

ഒരേ ഒരു ട്വീറ്റ്

അസംഖ്യം മൊബൈല്‍ നെറ്റ്‌വർക്കുകളും, തലസ്ഥാനമായ കീവിലേയും കാര്‍ക്കീവിലേയും ടെലിവിഷന്‍ ടവറുമൊക്കെ തകര്‍ത്ത് റഷ്യ മുന്നേറുന്ന സമയത്ത്, ഇലോണ്‍ മസ്‌കിനെ ടാഗ് ചെയ്ത് യുക്രൈനിലെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ മന്ത്രി മിഖൈലോ ഫെഡറോവ് ഒരു ട്വീറ്റിട്ടു. '@ഇലോണ്‍ മസ്‌ക്, നിങ്ങള്‍ ചൊവ്വയില്‍ കോളനിയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ യുക്രൈനില്‍ റഷ്യ അധിനിവേശം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. നിങ്ങളുടെ റോക്കറ്റുകള്‍ ആകാശത്തുനിന്നു ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചിറങ്ങുമ്പോള്‍ റഷ്യന്‍ റോക്കറ്റുകള്‍ യുക്രൈനിലെ സാധാരണക്കാരെ ആക്രമിക്കുന്നു...' സ്റ്റാര്‍ലിങ്ക് സ്റ്റേഷനുകള്‍ യുക്രൈന് നല്‍കാനുള്ള നടപടിയുണ്ടാക്കണമെന്ന് അദ്ദേഹം മസ്‌കിനോട് പറഞ്ഞുതുടങ്ങിയത് ഇങ്ങനെയായിരുന്നു. പിന്നീടെല്ലാം മിന്നല്‍വേഗത്തിലായിരുന്നു.

യുക്രൈനിന്റെ ആകാശത്ത് സ്റ്റാര്‍ലിങ്ക് സ്റ്റേഷനുകള്‍ എത്തിക്കഴിഞ്ഞു, കൂടുതല്‍ സ്റ്റേഷനുകള്‍ ഉടനെത്തുമെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇലോണ്‍ മസ്‌കിന്റെ മറുപടിവന്നു. അതിന് വേണ്ട സാങ്കേതിക ഉപകരണങ്ങള്‍ പിന്നാലെ വരുമെന്നും. നല്ലൊരു ബിസിനസുകാരന്‍ കൂടിയായ മസ്‌ക് വാക്ക് പാലിച്ചു, ദിവസങ്ങള്‍ക്കുള്ളില്‍ ലോറികള്‍ നിറയെ പിസയുടെ വലിപ്പത്തിലുള്ള സ്റ്റാര്‍ലിങ്കിന്റെ കുഞ്ഞു ഡിഷുകളും റിസീവറുകളും യുക്രൈനിലെത്തി. പിന്നെ കണ്ടത് ചരിത്രം.

യുദ്ധഭൂമിയിലെ സൂപ്പര്‍സ്റ്റാര്‍

ഒരു കാറിന്റെ ചെറിയ ബാറ്ററി പോലും മതിയാകും സ്റ്റാര്‍ലിങ്ക് റിസീവറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍. ഈ സാധ്യതയാണ് സ്റ്റാര്‍ലിങ്കിനെ യുക്രൈന്‍ യുദ്ധഭൂമിയിലെ സൂപ്പര്‍സ്റ്റാറാക്കിയത്. റഷ്യയുടെ നെറ്റ്‌വര്‍ക്ക് ജാമറുകള്‍ക്ക് സ്റ്റാര്‍ലിങ്കിന്റെ സാങ്കേതികവിദ്യയെ മറികടക്കാനായില്ല എന്നത് അതിനെ കൂടുതല്‍ സ്വീകാര്യമാക്കി. 'ഉപഗ്രഹങ്ങളെ വെടിവെച്ചിടാന്‍' കെല്പുള്ള ചൈനക്ക് നാലായിരത്തോളം വരുന്ന സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ബോധ്യവും സൈനിക മേഖലക്ക് ആശ്വാസമാണ്. യുക്രൈനില്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റാര്‍ലിങ്ക് സോഫ്റ്റ്‌വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നു. 2.15 ലക്ഷം പേര്‍ (അതായത് ലോകത്ത് മൊത്തത്തില്‍ സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നവരില്‍ 58%) വരെ യുക്രൈനില്‍ സ്റ്റാര്‍ലിങ്ക് വഴി ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങി. വിദ്യാര്‍ത്ഥികളും സാധാരണക്കാരും യുക്രൈന്‍ പട്ടാളക്കാരുമെല്ലാം സ്റ്റാര്‍ലിങ്ക് ഉപയോക്താക്കളായി. അങ്ങനെ റഷ്യന്‍ ഹാക്കര്‍മാര്‍ തകരാറിലാക്കിയ കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്കുകള്‍ക്ക് ജീവന്‍വെച്ചു. അമേരിക്കന്‍ മിലിട്ടറി നെറ്റ്‌വര്‍ക്കില്‍ നിന്ന് പൊതുജനങ്ങളിലേക്ക് ഇറങ്ങിവന്ന സാങ്കേതിക വിദ്യയായിരുന്നു ഇന്റര്‍നെറ്റെങ്കില്‍, ലോകത്തിന്റെ പകുതിയോളം വരുന്ന ഇന്റര്‍നെറ്റെത്താത്ത മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ച മിലിട്ടറി നെറ്റ്വര്‍ക്കിലേക്ക് ചേക്കേറിയ നൂതന സാങ്കേതിക വിദ്യയായി മാറുകയായിരുന്നു സ്റ്റാര്‍ലിങ്ക്.

2022 ഏപ്രില്‍ ആറിന് സ്റ്റാര്‍ലിങ്കിന്റെ 5000 ടെര്‍മിനലുകളാണ് യുക്രൈനിന് ഉപയോഗിക്കാന്‍ നല്‍കിയത്. അതില്‍ 73 ശതമാനവും മാസവരി ഫീസ് വേണ്ടെന്നുവച്ച് സൗജന്യമായി നല്‍കിയതാണ്. ബാക്കിയുള്ളവയുടെ ചെലവ് വഹിച്ചത് USAID (United States Agency for International Development) ആണ്. ഫ്രാന്‍സും പോളണ്ടുമൊക്കെ ഇതില്‍ സഹകരിച്ചിരുന്നു. ഓഗസ്റ്റ് മാസമായതോടെ 20000 സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളാണ് യുക്രൈനില്‍ പ്രവര്‍ത്തനക്ഷമമായത്. ചൈനയെ പ്രകോപിപ്പിച്ച മറ്റൊരു കാരണം ഇതാണ്.

യുക്രൈനും തായ്​വാനും തമ്മില്‍

യുക്രൈനില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നതിനിടെ തായ്​വാനു മുന്നില്‍ ചൈന യുദ്ധഭീഷണി ഉയര്‍ത്തിയത് ഓര്‍ക്കുന്നുണ്ടാകും. തായ്​വാനോട് അമേരിക്ക അടുപ്പം കാണിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴൊക്കെ സൈനികമായോ അല്ലാതെയോ ചൈന ഭീഷണി മുഴക്കുന്നത് പതിവാണ്. ചൈനയും കൂട്ടരും അവരുടേതെന്നും തായ്​വാനും അവരെ പിന്തുണക്കുന്നവരും സ്വതന്ത്രമെന്നും കരുതുന്ന ഈ ദ്വീപിനെ കൈപ്പിടിയിലൊതുക്കാന്‍ അവര്‍ ആസൂത്രണം ചെയ്ത തന്ത്രങ്ങളിലൊന്ന് അവിടേക്കുള്ള കണക്ടിവിറ്റി വിച്ഛേദിക്കുക എന്നതായിരുന്നു. വിവര സാങ്കേതിക വ്യവസായ മേഖലയില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന തായ്​വാനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത് പ്രധാനമായും 15 അണ്ടര്‍വാട്ടര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വഴിയാണ്. തായ്പേയുടെ സെമി കണ്ടക്ടര്‍ വ്യവസായത്തിന്റെ ആണിക്കല്ലായ ഈ അണ്ടര്‍വാട്ടര്‍ കേബിള്‍ കണക്ടിവിറ്റി വിച്ഛേദിക്കുകയും അതുവഴി പ്രതിസന്ധി വളരുകയും ചെയ്താല്‍ അമേരിക്കയുടേയും ലോകത്തിന്റേയും തന്നെ സാമ്പത്തിക മേഖലയെ സാരമായി അത് ബാധിക്കും.

ഈ ഭീഷണി ഇല്ലാതാക്കാനുള്ള ശ്രമം വര്‍ഷങ്ങളായി തായ്​വാന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നുമുണ്ട്. സ്വന്തമായി അണ്ടര്‍വാട്ടര്‍ കേബിളുകള്‍ സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയ തായ്​വാന്‍ രാജ്യത്തിനകത്തും പുറത്തുമായി എഴുന്നൂറോളം ആന്റിനകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും തുടങ്ങിക്കഴിഞ്ഞു. ഉടന്‍ സാറ്റലൈറ്റ് കണക്ഷന്‍ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സ്റ്റാര്‍ലിങ്ക് തായ്​വാനെ ചേര്‍ത്തതിന് ഈ അവസരത്തില്‍ പ്രാധാന്യമേറെയാണ്. സ്റ്റാര്‍ലിങ്കിന്റെ സാങ്കേതികവിദ്യയുടെ കേമത്തം മാത്രമായിരുന്നില്ല ചൈനക്ക് തലവേദനയുണ്ടാക്കിയത്. യുക്രൈനില്‍ റഷ്യക്കുണ്ടായ അനുഭവം നാളെ തായ്​വാനില്‍ തങ്ങള്‍ക്കുമുണ്ടാകുമെന്ന തിരിച്ചറിവ് കൂടിയാണ് ചൈനയെ ഇത്രയേറെ പരിഭ്രാന്തരാക്കിയത്.

ചൈനയുടെ പേടി

ചൊവ്വയിലേക്ക് ആളെ അയക്കുന്ന കാര്യത്തില്‍ വരെ അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം ലോകപ്രശസ്തമാണ്. 2020-ല്‍ തന്നെ യു.എന്‍. ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയനില്‍ 12992 എണ്ണം വരുന്ന സാറ്റലൈറ്റ് കോണ്‍സ്റ്റലേഷനുള്ള അപേക്ഷ ചൈന കൊടുത്തു കഴിഞ്ഞതാണ്. തൊട്ടടുത്ത വര്‍ഷം ചൈന സാറ്റലൈറ്റ് നെറ്റ്​വർക്ക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന പേരില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വേണ്ടിയുള്ള പദ്ധതി ആവിഷ്‌കരിച്ചു. അതിന് പിന്നാലെയാണ് GW എന്ന ഓമനപ്പേരില്‍ ഗ്വോവാങ് (Guowang) പദ്ധതി തുടങ്ങുന്നത്. സര്‍ക്കാര്‍ - സ്വകാര്യ മേഖലകളിലെ ഏഴ് കമ്പനികളെങ്കിലും ചൈനയുടെ വിവിധ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതികള്‍ക്കായി രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് യുക്രൈന്‍ മണ്ണില്‍ സ്റ്റാര്‍ലിങ്ക് സ്‌കോര്‍ ചെയ്യുന്നത്. ആകാശം കീഴടക്കാനുള്ള തങ്ങളുടെ ആഗ്രഹത്തിനേറ്റ പ്രഹരം ചൈനയെ പ്രകോപിപ്പിച്ചു. അവര്‍ പരാതികളുമായി അന്താരാഷ്ട്ര വേദികളിലെത്തിയത് പിന്നീട് കണ്ടു.

ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ആകെ 50,000 സാറ്റലൈറ്റുകള്‍ക്ക് മാത്രമേ സ്ഥാനമുള്ളൂ എന്നും അതില്‍ 80 ശതമാനവും സ്റ്റാര്‍ലിങ്ക് കൈയടക്കുമെന്നുമാണ് ചൈനയുടെ വാദം. റേഡിയോ ഫ്രീക്വന്‍സിയുടെ കാര്യത്തിലും ഈ ആരോപണം അവര്‍ ഉന്നയിച്ചിട്ടുണ്ട്. അത് ആകാശത്ത് അമേരിക്കയുടെ കുത്തക സൃഷ്ടിക്കാന്‍ കാരണമാകുമെന്നും ചൈന പറയുന്നു. രണ്ട് വര്‍ഷം മുമ്പ് ചൈനീസ് സ്പേസ് സ്റ്റേഷന്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളിലൊന്നുമായി കൂട്ടിയിടിക്കാന്‍ പോയ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഈ സ്ഥലമില്ലാ വാദം ചൈന മുന്നോട്ടു വെക്കുന്നത്. എന്നാല്‍, എത്ര ഉപഗ്രഹങ്ങള്‍ വേണമെങ്കിലും വിക്ഷേപിക്കാവുന്ന ഒരു സൂപ്പര്‍ ഹൈവേയാണ് ലോ എര്‍ത്ത് ഓര്‍ബിറ്റെന്നാണ് മറുവാദം. ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോഴും അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 2000 ചെറു സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാനുള്ള നീക്കത്തിലാണ് ചൈന ഇപ്പോള്‍.

ഇനിയുമുണ്ട് ചൈനയെ ചൊടിപ്പിക്കുന്ന കാര്യങ്ങള്‍. സൈനിക - സര്‍ക്കാര്‍ മേഖലകളെ ലക്ഷ്യമിട്ട് എന്‍ക്രിപ്റ്റഡ് ഇന്റര്‍നെറ്റ് എന്ന വാഗ്ദാനത്തോടെ സ്റ്റാര്‍ഷീല്‍ഡ് (StarShield) എന്നൊരു സാറ്റലൈറ്റ് ഉപ പദ്ധതിയും ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ബാലിസ്റ്റിക് മിസൈലുകള്‍ക്കും ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കും ഫൈറ്റര്‍ ജെറ്റുകള്‍ക്കുമൊന്നും ഇനി അമേരിക്കയുടെ കണ്ണ് വെട്ടിക്കാനാകില്ല എന്നാണ് ഇതേത്തുടര്‍ന്ന് ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സ്പേസ് എന്‍ജിനീയറിങ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരോപിച്ചത്. ഫാല്‍ക്കണ്‍ 9 എന്ന, ആകാശത്തുനിന്ന് തിരിച്ചിറക്കി വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റുള്ള സ്പേസ് എക്സിനെ അത്ര എളുപ്പത്തില്‍ ജയിക്കാനാകില്ലെന്ന തിരിച്ചറിവുകൂടിയാണ് ചൈനയുടെ പരിഭ്രാന്തിക്ക് പിന്നില്‍ (സ്വന്തമായി ഈ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ചൈന ശ്രമിച്ചെങ്കിലും അത് വേണ്ടത്ര തൃപ്തികരമായിരുന്നില്ല). സ്റ്റാര്‍ലിങ്കിനെ പേടിക്കണമെന്ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മുന്നറിയിപ്പ് നല്‍കിയത് ഇവിടെ ചേര്‍ത്ത് വായിക്കണം.

മസ്‌കിന്റെ രാഷ്ട്രീയം

അമേരിക്കയെ പ്രതിരോധിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഇലോണ്‍ മസ്‌ക് എന്ന, ചൈനയടക്കം ലോകത്തിന്റെ പലയിടത്ത് പല ബിസിനസുകളുള്ള ശതകോടീശ്വരനെ നേരിടാനാകും എന്ന ബോധ്യം രാഷ്ട്രീയ ശക്തികള്‍ക്കുണ്ട്. അതാണ് യുദ്ധമേഖലയിലും ചൈന - തായ്​വാൻ സംഘര്‍ഷ മേഖലയിലും പിന്നീട് കണ്ടത്.

തായ്​വാനിൽ സേവനം തുടങ്ങാന്‍ സ്പേസ് എക്സ് നടപടി തുടങ്ങിയിട്ടില്ലെങ്കിലും ആ രാജ്യം അത് പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, ചൈനയിലെ ഷാങ്ഹായില്‍ ടെസ്‌ലയുടെ കൂറ്റന്‍ ഫാക്ടറിയുള്ളതും ലോക സമ്പദ് വ്യവസ്ഥയിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് അവരെന്നതും രണ്ടും കല്‍പ്പിച്ച് തായ്​വാന് അനുകൂല നിലപാടെടുക്കുന്നതില്‍നിന്നും ഇലോണ്‍ മസ്‌കിനെ പിന്നോട്ടു വലിക്കുന്ന ഘടകങ്ങളാണ്. അവിടെയാണ് ചൈന ഇടപെട്ടത്. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ തായ്​വാന് മേല്‍ ചൈനക്ക് ചില നിയന്ത്രണങ്ങള്‍ അനുവദിച്ചു നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം ഇലോണ്‍ മസ്‌ക് പറഞ്ഞത് ചൈനയുടെ സമ്മര്‍ദ്ദം കൊണ്ടാണെന്ന് വേണം കരുതാന്‍. യുക്രൈനില്‍ സ്റ്റാര്‍ലിങ്ക് താരമായിരുന്നിട്ടു പോലും ഇടയ്ക്കുവെച്ച്‌ പിന്നാക്കം പോയത് ഇലോണ്‍ മസ്‌കിന്റെ ബിസിനസ് സാമ്രാജ്യത്തിന് മേല്‍ റഷ്യ ഉയര്‍ത്തിയ ഭീഷണിയുടെ ഭാഗമാണെന്ന് വ്യാപകമായ ആക്ഷേപവും ഉയര്‍ന്നിരുന്നു. യുദ്ധം നിര്‍ണായകഘട്ടം പിന്നിടുമ്പോള്‍ യുക്രൈനില്‍ പലയിടത്തും സ്റ്റാര്‍ലിങ്ക് കണക്ടിവിറ്റിക്ക് സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിട്ടതും മസ്‌കിനെ പ്രതിക്കൂട്ടിലാക്കി.

യുക്രൈനിലെ സ്റ്റാര്‍ലിങ്ക് ഇടപെടലിന് ശേഷം ഇലോണ്‍ മസ്‌ക് കുട്ടിക്കളി കളിക്കരുതെന്ന് റഷ്യ ഭീഷണിയുടെ സ്വരത്തില്‍ പ്രസ്താവന ഇറക്കിയതും ഇതുമായി ചേര്‍ത്തുവായിക്കണം. സെനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ല സ്റ്റാര്‍ലിങ്ക് എന്നും സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ സ്റ്റാര്‍ലിങ്ക് കണക്ഷന്‍ നല്‍കൂ എന്നുമുള്ള പ്രസ്താവനയുമായി ഇലോണ്‍ മസ്‌ക് വന്നത് അതിന് ശേഷമാണ്. യുക്രൈനില്‍ സ്റ്റാര്‍ലിങ്ക് നല്‍കാന്‍ പ്രതിമാസം 20 മില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ കണക്ക്, അതിനാല്‍ യുക്രൈനില്‍ സേവനം നല്‍കുന്ന കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് അദ്ദേഹം നേരത്തേ സൂചന നല്‍കിയിരുന്നു. ക്രീമിയക്ക് മേലുള്ള അവകാശം പിന്‍വലിക്കുക, നാറ്റോയില്‍ അംഗത്വം എന്ന ലക്ഷ്യം ഉപേക്ഷിച്ച് ചേരികളിലൊന്നും ചേരാതെ നില്‍ക്കുക തുടങ്ങി നാലിന സമാധാന നിര്‍ദേശങ്ങളുമായി ഇലോണ്‍ മസ്‌ക് മുന്നോട്ടു വന്നതും വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. റഷ്യയുടെ ഭീഷണിക്ക് വഴങ്ങിയായിരുന്നു ഇതെന്നാണ് ഉയരുന്ന ആരോപണം.

ആകാശ സന്നാഹ മത്സരത്തില്‍ അനിഷേധ്യമായ ഒരു കണ്ണിയാണ് ഇലോണ്‍ മസ്‌ക്. മറ്റ് രാജ്യങ്ങള്‍ സജീവമായി ഈ രംഗത്തുണ്ടെങ്കിലും ഇപ്പോള്‍ മത്സരം സ്റ്റാര്‍ലിങ്കും ചൈനയും തമ്മിലാണ്. ബെയ്ജിങ്ങും വാഷിങ്ടണും എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ബഹിരാകാശ ഗവേഷണ വികസന രംഗത്ത് ബഹുദൂരം മുന്നേറിയ അമേരിക്കയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ചൈനയുടെ പുതിയ നീക്കങ്ങള്‍. ആ കിടമത്സരം എവിടെ ചെന്നെത്തുമെന്ന ആകാംക്ഷയിലാണ് ലോകം.


Note:Starlink is a game changer in the Ukraine-Russia war because it provides internet access to thousands of terminals on the ground that are connected to satellites in low Earth orbit. This is crucial for Ukraine's communications, military, and infrastructure that have been disrupted by Russia's invasion . Starlink also enables Ukraine to use drones to target Russian positions, which is a violation of SpaceX's policies . Starlink's presence in Ukraine fuels the cold war between the US and China, as both countries compete for dominance in space and cyberspace.

References:

1. China’s military aims to launch 13,000 satellites to rival Elon Musk’s Starlink - washingtonpost
2. Why China fears Starlink - The Economist.
3. Musk’s SpaceX says it can no longer pay for critical satellite services in Ukraine, asks Pentagon to pick up the tab - Cnn.com
4. www.spacex.com

Content Highlights: Why China fears Elon Musk's Starlink in the light of Ukraine-Russia war

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
AI
Premium

7 min

AI നാട്ടിലിറങ്ങുമ്പോള്‍ മനുഷ്യന് സംഭവിക്കുന്നത്‌

May 24, 2023


Artificial Intelligence
Premium

5 min

ഭീതിയും കൗതുകവുമല്ല വേണ്ടത്; ജീവിതത്തില്‍ AI എങ്ങനെ ഉപകാരപ്പെടും എന്ന് ചിന്തിക്കൂ

Mar 23, 2023


whatsapp

1 min

അയച്ചയാള്‍ അറിയാതെ, വാട്‌സാപ്പ് സന്ദേശങ്ങള്‍ വായിക്കാന്‍ മൂന്ന് വഴികള്‍

Jan 24, 2023


Most Commented