സാങ്കേതികരംഗത്തെ അമേരിക്കയുടെ ഓരോ നേട്ടവും വെല്ലുവിളിയായി കാണുന്നത് ചൈനയുടെ ശീലങ്ങളിലൊന്നാണ്. അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ സാങ്കേതിക ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ സമീപകാല നേട്ടങ്ങളും ചൈന വലിയ വെല്ലുവിളി ആയാണ് ഏറ്റെടുത്തിരിക്കുന്നത് എന്നതിനുള്ള തെളിവാണ് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചൈന എയറോസ്‌പേസ് സയന്‍സ്  ആന്റ് ടെക്‌നോളജി കോര്‍പറേഷന്റെ പുതിയ പ്രഖ്യാപനം. 

പുനരുപയോഗം സാധ്യമാകുന്ന റോക്കറ്റുകള്‍ അവതരിപ്പിച്ച് ലോകപ്രീതിയാര്‍ജിച്ച സ്‌പേസ് എക്‌സിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കൊനൊരുങ്ങുകയാണ് ചൈന. 2020 ഓടെ തങ്ങളുടെ ആദ്യ പുനരുപയോഗ റോക്കറ്റുകള്‍ അവതരിപ്പിക്കുമെന്നാണ് ചെന എയറോസ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി കോര്‍പറേഷന്റെ പ്രഖ്യാപനം. 

ബഹിരാകാശ റോക്കറ്റുകളുടെ നിര്‍മാണം ദശാബ്ദങ്ങളായി ഭീമമായ ചിലവുള്ള ഒന്നാണ്. ഇവയുടെ വിക്ഷേപണവും ഏറെ ചിലവുള്ളതാണ്. എന്നാല്‍ ഇത്രയും പണം മുടക്കി നിര്‍മിക്കുന്ന റോക്കറ്റുകളാവട്ടെ ഒറ്റത്തവണ ഉപയോഗിക്കാന്‍ മാത്രം സാധിക്കുന്നവയും. 

പുനരുപയോഗം സാധ്യമാവുന്ന റോക്കറ്റുകള്‍ എന്ന ആശയം കാലങ്ങളായി ഗവേഷകരുടെ മനസിലുള്ളതായിരുന്നു. 2011 ലാണ് സ്‌പേസ് എക്‌സ് ഈ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. 2015 ലാണ് സ്‌പേയ്‌സ് എക്‌സ് ആദ്യമായി വിക്ഷേപിച്ച റോക്കറ്റ് വിജയകരമായി തിരിച്ചിറക്കിയത്. പിന്നീടിങ്ങോട്ട് ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ആയ ഫാല്‍ക്കണ്‍ 9 എന്ന റോക്കറ്റിന്റെ വിക്ഷേപണം വരെ സ്‌പേസ് എക്‌സിന്റെ നേട്ടങ്ങളെത്തി. 
 
പുനരുപയോഗം സാധ്യമാകുന്ന റോക്കറ്റുകളുടെ വിക്ഷേപണം ചൈനയുടെ ബഹിരാകാശ നിലയമെന്ന സ്വപ്‌നത്തിലേക്കുള്ള നാഴികക്കല്ലാവും. ഇതുവരെ വിക്ഷേപിച്ചതില്‍ ചൈനയുടെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് 2016ല്‍ വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5 ആണ്. എന്നാല്‍ ഈ റോക്കറ്റിന്റെ രണ്ടാം വിക്ഷേപണത്തിനിടെ അത് കടലില്‍ പതിച്ചു.

ലോങ് മാര്‍ച്ച് 8 എന്ന പേരിലാവും ചൈനയുടെ ആദ്യ പുനരുപയോഗ റോക്കറ്റ് വിക്ഷേപിക്കുക. അതിന് ശേഷം പത്ത് വര്‍ഷത്തിനുള്ളില്‍ തന്നെ ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റ് എന്ന പേരില്‍ ലോങ് മാര്‍ച്ച് 9 റോക്കറ്റ് അവതരിപ്പിക്കാനും ചൈന പദ്ധതിയിടുന്നു.