ഡിജിറ്റല്‍ കറന്‍സികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ചൈന. ടെക്ക് കമ്പനികള്‍ക്കിടയില്‍ ക്രിപ്‌റ്റോകറന്‍സിയുടെ ഉപയോഗം വ്യാപകമായതിനെ തുടര്‍ന്നാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

സാധാരണ പണമിടപാടുകളേക്കാളും വേഗത്തിലും എളുപ്പത്തിലും യാതൊരു നിയന്ത്രണവുമില്ലാതെയും ഇടപാടുകള്‍ നടത്താമെന്നതാണ് ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഉപയോഗത്തിലേക്ക് ടെക്ക് കമ്പനികളെ അടുപ്പിക്കുന്നത്. പുതിയ ഡിജിറ്റല്‍ കറന്‍സികള്‍ രൂപപ്പെടുത്തിയാണ് സ്ഥാപനങ്ങള്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയത്. 39.5 കോടി ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയില്‍ ഈ വര്‍ഷം ഉണ്ടായത്.

ക്രിപ്‌റ്റോകറന്‍സി ഉപയോഗിച്ച് ശേഖരിച്ച ഈ തുക നിക്ഷേപകര്‍ക്ക് എത്രയും പെട്ടെന്ന് തിരികെ നല്‍കാനും വ്യക്തികളോടും സ്ഥാപനങ്ങളോടും ചൈനീത് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷിതമായ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ചൈനയുടെ പുതിയ നടപടി. 

ചൈനയുടെ തീരുമാനം ആഗോള തലത്തില്‍ വലിയ പ്രചാരമുള്ള ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യം വിപണിയില്‍ ഇടിയാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജനുവരിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ലംഘിച്ചാല്‍ നിരോധനമേര്‍പ്പെടുത്തുമെന്ന് ഡിജിറ്റല്‍ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ക്ക് ചൈനീസ് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഗോളതലത്തില്‍ തന്നെ ഇത്തരം പണമിടപാടുകളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ജൂലായില്‍ യുഎസ് എക്‌സ്‌ചേഞ്ച് കമ്മീഷനും ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു.