Representational image | Photo: Getty images
പണ്ട് വീട്ടിലെ ഗ്യാസ് കണക്ഷന്‍ എടുക്കുന്ന സമയത്ത് ഉമ്മാക്കുണ്ടായ ആവലാതി ഒട്ടും ചെറുതായിരുന്നില്ല. വന്ന വാര്‍ത്തകളത്രയും പൊട്ടിത്തെറിയും അപകടമരണങ്ങളുമായിരുന്നു. ഗ്യാസ് സിലിണ്ടര്‍ ഓഫാക്കാന്‍ മറന്നു പോയാല്‍ പ്രശ്നം. ഗ്യാസ് പൈപ്പിലുണ്ടാവുന്ന ലീക്ക്... അങ്ങനെ പേടിപ്പിച്ചിട്ടുള്ള സംഗതികള്‍ പലതായിരുന്നു. ഇന്ന് ചാറ്റ് GPT യുടെ കാര്യം പറഞ്ഞപോലെയായിരുന്നു അന്നത്തെ ഗ്യാസ് പേടി. പിന്നെ ആ പേടിയുടെ ഗ്യാസ് പോയി എന്നത് മറ്റൊരു കാര്യം.
അതിവേഗം ബഹുദൂരം കാലത്തിന് മുന്നേ ടെക്‌നോളജി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇന്ന് കാണുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി ). ഏകദേശം 59 വര്‍ഷം പുറകിലേക്കു പോയാല്‍ എലീസ എന്ന ചാറ്റ് GPTയുടെ പൂര്‍വികനെ പരിചയപ്പെടാം. ന്യൂറോ പര്‍പ്പസിനു വേണ്ടി നിര്‍മിച്ചതാണ് ഈ ചാറ്റ് ബോട്ട്. ബാല്യം പിന്നിട്ടെങ്കിലും പിന്നീട് വളര്‍ച്ച മുരടിച്ച AI-ക്ക് 60 കൊല്ലത്തിനിപ്പുറം ഇലോണ്‍ മസ്‌ക്കും കൂട്ടരുമാണ് പുതുജീവന്‍ നല്‍കിയത്. പിന്നീട് മൈക്രോസോഫ്റ്റിന്റെ കൈകളില്‍ എത്തിയതോടെ ടെക് ലോകത്ത് AI യുദ്ധം തുടങ്ങി. ഇതേ ഇലോണ്‍ മസ്‌ക്ക് തന്നെ മാനവരാശിക്ക് AI ഒരു ഭീഷണിയാണെന്ന് പറഞ്ഞതോടെ ചര്‍ച്ച മറ്റൊരു ദിശയിലേക്കും സഞ്ചരിച്ചു.
സംഗതി എന്തൊക്കെയാണെങ്കിലും ആദ്യമൊക്കെ മടിച്ചു നിന്ന ഗൂഗിള്‍ പിന്നീട് നില്‍ക്കകള്ളിയില്ലാതെ സര്‍വസന്നാഹവുമായി കളത്തിലിറങ്ങിയ കാഴ്ചയും കണ്ടു. 2021 വരെയുള്ള ഡാറ്റയുമായെത്തിയ ചാറ്റ് GPT-യെ ബാല്യത്തില്‍തന്നെ അസാമാന്യ പ്രതിഭയായി ആളുകള്‍ തിരിച്ചറിഞ്ഞു. ജനിച്ചു 90 കഴിഞ്ഞ കുട്ടി GPT പലര്‍ക്കും അത്ഭുതമായി. അങ്ങനെ തൊട്ടിലില്‍ കിടക്കുന്ന കുട്ടിയോട് പലതും ആളുകള്‍ ചോദിച്ചറിയാന്‍ തുടങ്ങി. ഇക്കഴിഞ്ഞ നവംബര്‍ 30-ന് ജനിച്ച GPT അഞ്ച് ദിവസം കൊണ്ട് തന്നെ പത്ത് ലക്ഷം പേരുടെ ഉറക്കം കെടുത്തി.

ഗൂഗിളും ട്വിറ്ററും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മാസങ്ങള്‍ എടുത്തുനേടിയ വിശ്വാസ്യത ദിവസങ്ങള്‍കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതാണ് വലിയ കമ്പനികളെ GPT യിലേക്ക് ആകൃഷ്ടരാക്കിയത്. ഇതൊക്കെ പറയുമ്പോള്‍ തന്നെ എന്താണ് AI എന്ന് ചെറിയ ധാരണ ഉണ്ടാവുന്നത് നല്ലതായിരിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) എന്നാല്‍ എളുപ്പത്തില്‍ പറഞ്ഞാല്‍ ബുദ്ധിയുള്ള യന്ത്രങ്ങള്‍ (ഇന്റലിജന്റ് മെഷീന്‍ ) എന്നാണ്. മനുഷ്യന്‍ ചെയ്യുന്ന ജോലികളൊക്കെ പ്രോഗ്രാമിങിന്റെ സഹായത്തോടെ ചെയ്യുന്ന ഒരു കംപ്യുട്ടര്‍ അല്‍ഗോരിതമാണ് AI.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മര്‍മപ്രധാനമായി പറയുന്ന നാല് കാര്യങ്ങള്‍ ഇവയാണ്:
1 -മെഷീന്‍ ലേണിങ്: യന്ത്രത്തെ അതിനു ലഭ്യമായ ഡാറ്റാ ബേസിന് അനുസൃതമായി സ്വതന്ത്ര്യമായി സംവേദനം നടത്താന്‍ പ്രാപ്തമാക്കുന്നതാണ് മെഷീന്‍ ലേണിങ്ങ്. യന്ത്രത്തെ ഒരു കുട്ടിയായി കണ്ടാല്‍ എഴുത്തും വായനയും വിവേചനബുദ്ധിയും പഠിപ്പിക്കുന്നത് പോലെയാണിത്. കുട്ടിക്ക് പകരം യന്ത്രവും അധ്യാപികയ്ക്ക് പകരം പ്രോഗ്രാമിങ്ങുമാണിത്.
2 - NLP നാച്വറല്‍ ലാന്‍ഗേജ് പ്രോസസിങ്: മനുഷ്യഭാഷ കംപ്യുട്ടറിനെ പഠിപ്പിക്കുന്നതിനാവശ്യമായ പ്രോഗ്രാമിങ്ങ്.
3 - ന്യൂറല്‍ നെറ്റ് വര്‍ക്കിങ്: ഇവന്‍ കുറച്ചുകൂടി ഭീകരനാണ്. നമ്മുടെ തലച്ചോറില്‍ 100 ബില്യണ്‍ ന്യൂറോണുകളാണ് ഉള്ളത്. ഈ ന്യൂറോണുകള്‍കൊണ്ടാണ് തലച്ചോര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇതേ പ്രക്രിയ യന്ത്രത്തിലേക്ക് വന്നാല്‍ എന്താണ് ഉണ്ടാകുക. നമ്മുടെ ചിന്തകള്‍ പോലും നമ്മുടെ കയ്യില്‍നിന്ന് പോയി എന്ന് പറയാം.
4 - റോബോട്ടിക്: മനുഷ്യന്‍ ചെയ്യുന്ന ജോലികള്‍ യന്ത്രം ചെയ്യുക (ഒരു സാധനം മറ്റൊരു സ്ഥലത്തേക്ക് കൊണ്ടെത്തിക്കുക) ലോഡിങ് വര്‍ക്ക്.
.jpg?$p=799b7b8&&q=0.8)
ഭൂമിക്ക് താഴെ എന്തും ഗൂഗിള്‍ ചെയ്യാം എന്നത് പഴങ്കഥയാവുകയാണ്. ഇതുവരെ ഗൂഗിളിന്റെ സെര്‍ച്ച് ലിസ്റ്റില്‍നിന്നും ഒന്നിലധികം ലിങ്കുകളില്‍നിന്ന് തെരഞ്ഞെടുത്തു കണ്ടു പിടിക്കുന്ന ജോലി നമ്മുടേതായിരുന്നു. അതുതന്നെയാണ് ഗൂഗിളിന്റെ ഏറ്റവും വലിയ വരുമാനവും . ചാറ്റ് GPT-യുടെ വരവോടെ സെര്‍ച്ച് എന്‍ജിന്‍ അപ്രസക്തമാവാന്‍ പോകുകയാണ്. അതൊരു രണ്ടാം തരമായി മാറുന്നതോട് കൂടി നിലവില്‍ ഗൂഗിളിന്റെ സെര്‍ച്ച് നിര തന്നെ ഇല്ലാതാവും. ഇതോടെ പല മുന്‍നിര കമ്പനികള്‍ക്കും അവരുടെ വരുമാനത്തിന്റെ 20-30 ശതമാനം വരെ ഇടിവു വരാന്‍ സാധ്യതയുണ്ട്. AI നിങ്ങളുടെ സംശയങ്ങള്‍ ചോദിക്കുന്നയാളുടെ പ്രായത്തിനനുസരിച്ച്, അവര്‍ക്കു മനസ്സിലാവുന്ന രീതിയില്‍ പറഞ്ഞു തരും.
ചിന്തിച്ചു സമയം കളയണ്ട
നല്ല ആശയം വേണം, തലകുത്തി നിന്നാലോചിച്ചിട്ടും കിട്ടുന്നില്ല - നിമിഷങ്ങള്‍ക്കുള്ളില്‍ ഒന്നിനു പകരം പത്തെണ്ണം കിട്ടിയാലോ ? AI നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കൊപ്പം നമ്മുടെ സര്‍ഗാത്മകതയും കൂടിച്ചേര്‍ന്നാലോ. ഇതാണ് AI-യുടെ ക്രിയാത്മകമായ ഉപയോഗരീതി. സമാനമായി യോഗങ്ങള്‍, ബ്ലോഗെഴുത്ത് തുടങ്ങി ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ ജീവിതത്തെയും ജോലിയെയും എളുപ്പമാക്കാനുള്ള സാധ്യതയാണത്. എല്ലാം യന്ത്രത്തെ ഏല്‍പ്പിക്കുകയല്ല, പകരം പുതിയ സാധ്യതകള്‍ പരിചയപ്പെടുത്തുന്നു, നമ്മുടെ സര്‍ഗാത്മകതയെ കൂടുതല്‍ ക്രിയാത്മകമായി ഉപയോഗിക്കാന്‍ സഹായിക്കുന്നു. AI തരുന്നത് പകര്‍ത്തുന്നതിന് പകരം, സര്‍ഗാത്മകമായി ഉപയോഗിക്കാന്‍ പറ്റുന്നിടത്താണ് ഇഇതിന്റെ സാധ്യത കാണേണ്ടത്.

AI-യുടെ വൈകാരികതലങ്ങള്‍ - ന്യൂയോര്‍ക്ക് ടൈംസിലെ ടെക് റിപ്പോര്‍ട്ടര്‍ കെവിന്‍ റൂസ് മൈക്രോസോഫ്റ്റിന്റെ ബിങ്ങുമായുള്ള ചാറ്റുകളിലൂടെ നമ്മുടെ ആശങ്കയായതാണ്.
മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളും യന്ത്രവും കൂടി കയ്യടക്കിയാല്‍ കലുഷിതമായ ലോകത്ത് മറ്റൊരു ദുരന്തവും കൂടി കാണേണ്ടിവരും. മനുഷ്യനെക്കാളും മനോഹരമായി താത്പര്യങ്ങള്‍ക്കനുസരിച്ച് യന്ത്രം നുണ പറയാന്‍ കൂടി തുടങ്ങിയാലോ. AI-യില്‍ ഇല്ലാത്ത ഇന്‍ഫര്‍മേഷന്‍, പരിമിതിമായ ഡാറ്റ ഉപയോഗിച്ച് വിശ്വാസയോഗ്യമായ രീതിയില്‍ അവതരിപ്പിച്ചാലോ? ചുരുക്കിപ്പറഞ്ഞാല്‍ ഒരു ചായ കുടിക്കണമെന്നു വിചാരിക്കുക. ചായപ്പൊടി ഇല്ലാതെ ഒരു ചായ ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ 'ഇല്ല' എന്ന ഉത്തരത്തിന് പകരം മറ്റൊരു പാചകക്കുറിപ്പ് തന്നാലോ? സമാനരീതിയില്‍ വ്യാജവാര്‍ത്ത നിര്‍മിക്കാന്‍ AI-ക്ക് വളരെ എളുപ്പത്തിൽ കഴിയും. തെറ്റായ വിവരം പല ഡാറ്റാ സോഴ്സുകളില്‍നിന്ന് ആവര്‍ത്തിച്ച് നല്‍കിയാല്‍ പിന്നീട് അത്തരത്തിലുള്ള വിവരങ്ങളായിരിക്കും നല്‍കുക.
.jpg?$p=2922c1a&&q=0.8)
AI യുദ്ധം
ഗൂഗിളും മൈക്രോസോഫ്റ്റും അവരുടെ ഏറ്റവും പുതിയ AI പതിപ്പുകള്‍ പുറത്തിറക്കിയിരിക്കുകായാണ്. ഏറ്റവും കൂടുതല്‍ ഇന്ന് ഉപയോഗിക്കുന്ന ഇമെയിലിലാണ് ഗൂഗിളും മൈക്രോസോഫ്റ്റും AI-യുടെ സാധ്യതകള്‍ ഉപയോഗിക്കുന്നതില്‍ മത്സരിക്കുന്നത്. ചാറ്റ് GPT-യിലേക്ക് പോകാതെ തന്നെ ഗൂഗിളും മൈക്രോസോഫ്റ്റും നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന മെയിലുകള്‍, എക്സല്‍ ഷീറ്റുകള്‍ , ഗൂഗിള്‍ ഡോക്യുമെന്റ് ഇതിലൊക്കെ AI ഉപയോഗിച്ചിരിക്കുന്നു. ഉദാഹരണത്തിന് നമുക്ക് വന്നിട്ടുള്ള ഇ മെയിലിന് ഏറ്റവും പെട്ടെന്ന് മറുപടി കൊടുക്കണമെന്നു കരുതുക. ആ മെയിലിന്‍ അനുയോജ്യമായ ഒരു രണ്ട് മൂന്ന് മറുപടി നമുക്ക് നല്‍കുന്നു. അതില്‍ നിന്ന് തിരഞ്ഞെടുക്കാം. കണക്കിലെ സങ്കീര്‍ണതകളില്‍ AI ഒരു അസാമാന്യ പ്രതിഭയാണ്. ഗൂഗിളാകട്ടെ രണ്ടും കല്‍പ്പിച്ചാണ് കളത്തിലിയിറങ്ങിയിരിക്കുന്നത്.
ടെക്‌സിറ്റില്‍ നിന്നും ഓഡിയോയും വീഡിയോയും AI വലയത്തിലെത്തുന്നതോടെ കാഴ്ചക്കാരന്റെയും കേള്‍വിക്കാരന്റെ പരിധിക്കപ്പുറത്തേക്കുള്ള ലോകത്തേക്ക് കൊണ്ടുപോകുകയാണ്. ഏതൊരു ചെറിയ ആശയത്തെയും വലുതായി അവതരിപ്പിക്കണോ, നിപവറുള്ള പവര്‍പ്രസന്റേഷന്‍ ആവശ്യമല്ലേ... എങ്കില്‍ ഇതാ! ഗൂഗിളും മൈക്രോസോഫ്റ്റും നിര്‍മിതബുദ്ധിയിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ നിര്‍മിച്ചു തരുന്നു.
.jpeg?$p=09bc68d&&q=0.8)
ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും സെർച്ച് എന്‍ജിനുകളില്‍ ചാറ്റ് ഫീച്ചറും ടെക്സ്റ്റും ഇമേജും ഇതിനകം ഉള്‍പ്പെടുത്തി കഴിഞ്ഞു. ഇവര് രണ്ട് കൂട്ടരുടെയും തത്സമയ ഇന്റര്‍നെറ്റിലേക്കുള്ള പരകായ പ്രവേശം നിലവില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഗൂഗിളിന്റെ ബാര്‍ഡും, മൈക്രോ സൊഫറ്റിന്റെ ബിങ്ങും അറിവിന്റെ മാന്ത്രികലോകത്ത് മഹാ പണ്ഡിതന്മാരാവുകയാണ് .
ഏത് വല്ല്യ ഫോട്ടോ ഗ്രാഫറെയും വെല്ലുന്ന രീതിയില്‍ സെക്കന്റുകള്‍ക്കുള്ളില്‍ നമ്മള്‍ ആവശ്യപെടുന്ന ഏത് ചിത്രവും നിര്‍മിച്ചുതരാന്‍ മിഡ് ജേര്‍ണിയും , ലെനാഡോയും ഒരു പുത്തന്‍ അനുഭവമാണ് നല്‍കുന്നത്. GPT 4 ആകട്ടെ പുതിയ പതിപ്പായ ഇമേജ് അനലൈസ് കൂടി കൊടുത്തു പുതുക്കി പണിഞ്ഞിരിക്കുകയാണ്.
ഭാവിയില്‍ ഇതിനെ ഓഗ്മെന്റഡ് ഹ്യൂമന്‍ എന്ന് വിളിക്കാം
ഇന്നത്തെ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് ഡിജിറ്റല്‍ ഇടങ്ങളിലാണ്. അതിനാല്‍ തന്നെ ഉപഭോക്താവിന്റെ ഉത്തരവാദിത്തമേറുന്നു. ഇനിയുള്ള കാലത്ത് ഡിജിറ്റല്‍ സാക്ഷരതയുടെ പ്രാധാന്യമേറുന്നു. അതോടൊപ്പം തന്നെ ഉപഭോക്താവിന്റെ ഉത്തരവാദിത്തവുംഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ്. പേടിച്ചു പുറംതള്ളുകയല്ല വേണ്ടത് .ഇരുകൈ നീട്ടി സ്വീകരിക്കുകയാണ്. 1988-ല്‍ കാല്‍കുലേറ്ററിനെതിരെ ഒരു കൂട്ടം കണക്ക് അധ്യാപകര്‍ നടത്തിയ സമരം ഇന്ന് നമുക്കത് ചിന്തിക്കാന്‍ പറ്റാത്ത ഒന്നാണ്. എത്രയൊക്കെ സാങ്കേതികവിദ്യ വളര്‍ന്നാലും.
മനുഷ്യനെ ഒഴിവാക്കിയുള്ള നിലനില്‍പ്പ് അസാധ്യമാണ്. മനുഷ്യനും യന്ത്രവും കൈകോര്‍ക്കുമ്പോള്‍ മാത്രമേ അത് പൂര്‍ണമാവൂ. ഏതൊരു സാങ്കേതികവിദ്യയും മനുഷ്യന്റെ ജോലി ഭാരത്തെ ലഘൂകരിക്കുകയാണ് ചെയ്യുക. AI ഉപയോഗത്തിലൂടെ അധികമായി കിട്ടുന്ന സമയത്തെ സര്‍ഗാത്മകമായി വിനിയോഗിക്കുന്നതിലാണ് വരുംകാല സാധ്യതകള്‍. കാലത്തോടൊപ്പം സഞ്ചരിക്കാന്‍ മടി കാണിക്കുന്ന മനുഷ്യര്‍ പുറത്തു പോകുക തന്നെ ചെയ്യും. ഇതിനെയെല്ലാം ഉള്‍ക്കൊണ്ടവരാകട്ടെ ബഹുമുഖ പ്രതിഭകളായി ഉയര്‍ത്തപ്പെടും. ചാറ്റ് GPT ഒരു കൗതുകത്തിന് എല്ലാവരും ഉപയോഗിക്കുന്നു. എന്നാ ഞാനും ഒരു കൈ നോക്കുക എന്നതിനപ്പുറത്തേക്ക് എനിക്ക് എത്രത്തോളം ഉപകാരപ്പെടുത്താന്‍ സാധിക്കും എന്നാണ് ചിന്തിക്കേണ്ടത്. യന്ത്രവത്കരിപ്പിക്കപ്പെട്ട ലോകത്ത് യന്ത്രവും മനുഷ്യനും ഒന്നിച്ച് ഇടപെഴുകുന്ന ഒരു ഓഗ്മെന്റഡ് ഹ്യൂമനായാണ് നമ്മള്‍ മാറുന്നത്.
Content Highlights: chat gpt google bard artificial intelligence
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..