നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയുടെ വികാസത്തിലൂടെ നേട്ടങ്ങളുണ്ടാക്കുന്നത് വ്യവസായ മേഖലയാണ്. നിര്‍മാണ ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ സ്വയം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ക്ക് സാധിക്കുമെന്ന് അവര്‍ തിരിച്ചറിയുന്നു. അക്കാരണം കൊണ്ടുതന്നെയാണ് വാണിജ്യ മേഖലയിലെ വിവിധ ഉപയോഗങ്ങള്‍ക്കായി നിര്‍മിതബുദ്ധി സാങ്കേതിക വിദ്യാ പരീക്ഷണങ്ങള്‍ സജീവമാവുന്നത്. 

നിര്‍മാണശാലകളിലെ സുപ്രധാന ഘട്ടങ്ങളിലൊന്നായ ഗുണമേന്മാ നിര്‍ണയത്തിന് മനുഷ്യരെ പകരം വെക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ അതിനായി നിര്‍മിതബുദ്ധി സാങ്കേതിക വിദ്യ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാം കോം ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ട് അപ്പ്. 

വാഹന നിര്‍മാണ വ്യവസായ രംഗത്തെയും സംഭരണ ശാലകളിലെയും ഗുണമേന്മാ പരിശോധനകള്‍ക്ക് വേണ്ടിയാണ് ക്യാംകോം സാങ്കേതിക വിദ്യ രൂപകല്‍പന ചെയ്തിരിക്കുന്നത്. മനുഷ്യര്‍ ചെയ്തിരുന്ന ഈ ജോലി പൂര്‍ണമായും ഓട്ടോമാറ്റിക് ആയി ചെയ്യാന്‍ ക്യാം കോമിന് സാധിക്കും. കോവിഡ് പകര്‍ച്ചാവ്യാധി പോലുള്ള സങ്കീര്‍ണ ഘട്ടങ്ങളില്‍ വ്യവസായങ്ങള്‍ക്ക് തടസമില്ലാതെ പ്രവര്‍ത്തനം തുടരാന്‍ ക്യാം കോമിലൂടെ സാധിക്കും. 

Car factory
Photo: Gettyimages

2017 ല്‍ അജിത് നായര്‍, മഹേഷ് സുബ്രമണ്യന്‍, ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് ക്യാം കോമിന് തുടക്കമിട്ടത്. ക്യാമറകളുടെ സഹായത്തോടെയുള്ള കംപ്യൂട്ടര്‍ വിഷനും നിര്‍മിതബുദ്ധിയും സംയോജിപ്പിച്ചാണ് ക്യാംകോം യാഥാര്‍ത്ഥ്യമാക്കിയത്. 

ഫാക്ടറികള്‍ക്ക് വേണ്ടി ക്യാമറകളും നിയന്ത്രിത ലൈറ്റുകളും ഘടിപ്പിച്ച് വലിയ ടണല്‍ മാതൃകയില്‍ സ്ഥാപിക്കാവുന്ന ഉപകരണമാണ് ക്യാം കോമിനുള്ളത്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷനും രൂപകല്‍പന ചെയ്തിട്ടുണ്ട്.

ഒന്നിലധികം സാങ്കേതിക വിദ്യകള്‍ ഇതില്‍ സന്നിവേശിപ്പിച്ചിട്ടുണ്ടെന്ന് ക്യാംകോം സഹസ്ഥാപകനായ അജിത് നായര്‍ പറഞ്ഞു. ക്യാംകോമിന് വേണ്ടി പുതിയതായി ഒന്നും സൃഷ്ടിച്ചിട്ടില്ല നിലവിലുള്ള സാങ്കേതിക വിദ്യകളെ പുനരവതരിപ്പിക്കുകയാണ് ചെയ്തത്. ക്യാംകോമിന് വേണ്ടി കമ്പനികള്‍ നിലവിലുള്ള പ്രവര്‍ത്തന രീതികളിലൊന്നും മാറ്റംവരുത്തേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

കംപ്യൂട്ടര്‍ വിഷന്‍ അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം ഏത് തരം ആവശ്യങ്ങള്‍ക്കും പ്രയോജനപ്പെടുത്താനാവുമെന്നും അതിനായുള്ള ശ്രമങ്ങളിലാണ് തങ്ങളെന്നും അജിത് നായര്‍ പറഞ്ഞു. 

ഫാക്ടറികള്‍, സര്‍വീസ് സെന്ററുകള്‍, ഇന്‍ഷറുന്‍സ് കമ്പനികള്‍, പഴയ വാഹനങ്ങളുടെ വില്‍പന കേന്ദ്രങ്ങള്‍, സംഭരണ ശാലകള്‍ എന്നിവിടങ്ങളില്‍ നിലവില്‍ ക്യാംകോം സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാവും. 

Camcom App
ക്യാ കോമിന്റെ മൊബൈൽ ആപ്ലിക്കേഷൻ | Photo: CamCom

നിര്‍മാണശാലകളില്‍

ഫാക്ടറികളില്‍ വാഹനനിര്‍മാണത്തിന് ഉപയോഗിക്കുന്ന അനുബന്ധ ഭാഗങ്ങളുടെ കേടുപാടുകള്‍ കണ്ടെത്തുന്നത് മുതല്‍ പൂര്‍ത്തിയായ വാഹനത്തിലെ നിര്‍മാണ തകരാറുകള്‍ കണ്ടെത്താനും ക്യാംകോമിന് സാധിക്കും. അതിനനുസരിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. 

കൂടാതെ, വാഹന നിര്‍മാതാക്കള്‍ വിമാനങ്ങളിലും, കപ്പലുകളിലും, റോഡ് മാര്‍ഗവുമെല്ലാമാണ് വാഹനങ്ങള്‍ വിതരണത്തിനായി എത്തിക്കുന്നത്. ഈ ചരക്ക് നീക്കത്തിനിടയിലും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടില്ലെന്ന് കണ്ടെത്താനും ക്യാം കോം സാങ്കേതിക വിദ്യ ഉപയോഗിക്കാം. 

സര്‍വീസ് സെന്ററുകളില്‍

വില്‍പന നടത്തിയ വാഹനങ്ങള്‍ സര്‍വീസിനായി വരുമ്പോള്‍ ഉപയോഗിച്ചു തുടങ്ങിയ വാഹനത്തിന്റെ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാന്‍ ക്യാം കോം പ്രയോജനപ്പെടുത്താം. കൃത്യമായ വിലയിരുത്തല്‍ ഇതുവഴി സാധ്യമാകുന്നു.  

ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ 

അതുപോലെ തന്നെ വാഹന ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വാഹനത്തിനുണ്ടായ തകരാറുകള്‍ എളുപ്പം കണ്ടുപിടിക്കാനും അതിനനുസരിച്ച് ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കാനും ഇതിലൂടെ സാധിക്കും. ഇന്‍ഷുറന്‍സ് അനുവദിച്ച് തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ അടുത്ത തവണത്തെ പരിശോധനയില്‍ അത് കണ്ടുപിടിക്കാനും നടപടി സ്വീകരിക്കാനും കമ്പനികള്‍ക്ക് ക്യാംകോം സഹായകമാണ്. 

യൂസ്ഡ് കാര്‍ വിപണിയില്‍

പഴയ വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് വാഹനങ്ങള്‍ക്കുമേലുള്ള കേടുപാടുകള്‍ കണ്ടുപിടിക്കാന്‍ ക്യാം കോമിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താം. ചതവുകളും, പോറലുകളും, പൊട്ടലുകളുമെല്ലാം അക്കവും അടയാളവുമിട്ട് ക്യാം കോം കാണിച്ചുതരും. 

Warehouse
Photo: Gettyimages

സംഭരണ ശാലകള്‍

സംഭരണ ശാലകളില്‍ ഉല്‍പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഹൈപ്പര്‍ ഇന്റലിജന്‍സ് ഓട്ടോമേഷന്‍ സംവിധാനമാണ് ക്യാം കോം ഒരുക്കുന്നത്. മനുഷ്യരുടെ ഇടപെടലും സ്വാധീനും ഇതില്‍ പരമാവധി ഒഴിവാക്കാന്‍ സാധിക്കും. മെഷീന്‍ വിഷന്‍ ക്യാമറകള്‍ ഉപയോഗിച്ചുള് പരിശോധന, അളവും ഗുണമേന്മയും പരിശോധന നല്ലത് തിരഞ്ഞെടുക്കുകയും ഒഴിവാക്കേണ്ടവ ഒഴിവാക്കുകയും ചെയ്യുന്നു.

CamCom Team
ക്യാം കോം ടീം അംഗങ്ങൾ| Photo:Camcom

"ലോകത്തിലെ ഏറ്റവും നല്ല ക്യാമറ നമ്മുടെയെല്ലാം കണ്ണുകളാണ്. എന്നാല്‍ ഏറ്റവും മോശം പ്രൊസസറാണ് നമ്മുടെ തലച്ചോര്‍. മനുഷ്യര്‍ക്ക് പലതിനോടും വിധേയത്വമുണ്ട്. ഒരു തീരുമാനമെടുക്കുമ്പോള്‍ വികാരങ്ങളുടേയും സാമൂഹ്യസാഹചര്യങ്ങളുടെയുമെല്ലാം സ്വാധീനത്തില്‍ മുന്‍വിധിയുണ്ടാവും. എന്നാല്‍ യന്ത്രത്തിന് ഈ പ്രശ്‌നമില്ല. മാത്രവുമല്ല നൂറു ശതമാനം സ്ഥിരതയുമുണ്ടാവും." അജിത് നായര്‍ പറയുന്നു

നിലവില്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന് വേണ്ടിയാണ് ക്യാം കോമിനെ തയ്യാറാക്കിയിരിക്കുന്നത് എങ്കിലും. വ്യോമയാന രംഗത്തെ ഗുണമേന്മാ പരിശോധനയ്ക്കും, തകരാറുകള്‍ കണ്ടെത്തുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: camcom automotive warehousing quality checking ai technology