WiFi

ഏഷ്യയില്‍ ഒറ്റ തറവാട്ടില്‍ നിന്ന് മാത്രമേ രണ്ടുപേര്‍ നൊബേല്‍ പുരസ്‌ക്കാരം നേടിയിട്ടുള്ളൂ. പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ സി വി രാമന്റെ തറവാടിനാണ് ഈ അപൂര്‍വ ബഹുമതി. രാമന്‍ നൊബേല്‍ പുരസ്‌കാരം നേടി, കൂടാതെ അദ്ദേഹത്തിന്റെ ജേഷ്ഠന്‍ സി എസ് അയ്യരുടെ മകന്‍ സുബ്രഹ്മണ്യന്‍ ചന്ദ്രശേഖറും ആ ബഹുമതി കരസ്ഥമാക്കി. 

നോബേല്‍ ജേതാക്കളായ ഇരുവരുടെയും വേരുകള്‍ സ്ഥിതിചെയ്യുന്ന തമിഴ് ഗ്രാമങ്ങളില്‍ 'ലോക വൈഫൈ ദിന'ത്തില്‍ ( World WiFi Day ) വൈഫൈ എത്തുന്നു എന്നതാണ് വാര്‍ത്ത. ജൂണ്‍ 20 ആണ് 'വൈഫൈ ദിന'മായി വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് അലിയന്‍സ് ( WBA ) ആചരിക്കുന്നത്.

ക്ഷേത്രനഗരമായ തഞ്ചാവൂരില്‍ നിന്ന് വെറും 20 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതിചെയ്യുന്ന പുരശക്കുടി, അഗരമാങ്കുടി എന്നീ അയല്‍ഗ്രാമങ്ങളിലെ ആയിരത്തോളം കുടുംബങ്ങള്‍ ഇനി വൈഫൈ വഴി കണക്ട് ചെയ്യപ്പെടും. വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് അലിയന്‍സിന്റെ പിന്തുണയോടെ 'മൈക്രോസെന്‍സ് ഇന്ത്യ'യാണ് ഇരുഗ്രാമങ്ങളിലും വൈഫൈ സേവനം എത്തിക്കുന്നത്. 

ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം നേടിയ ഇരുശാസ്ത്രജ്ഞരുടെയും ഗ്രാമങ്ങളില്‍ വൈഫൈ കണക്ടിവിറ്റി വഴി വേള്‍ഡ് വൈഡ് വെബ്ബ് എത്തിക്കാന്‍ ഡബ്ല്യുബിഎ ആണ് ആവശ്യപ്പെട്ടതെന്ന്, മൈക്രോസെന്‍സ് മാനേജിങ് ഡയറക്ടര്‍ എസ്.കൈലാസനാഥന്‍ വാര്‍ത്താഏജന്‍സികളോട് പറഞ്ഞു.

C V Raman, S Chandrasekhar
സി വി രാമനും എസ് ചന്ദ്രശേഖറും

 

ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഹോട്ട്‌സ്‌പോട്ടുകള്‍ ഇരുഗ്രാമങ്ങളിലെയും വിവിധ ഭവനങ്ങളുടെ മേല്‍ക്കൂരയിലാകും സ്ഥാപിക്കുക. കര്‍ഷകര്‍, ഗ്രാമീണര്‍, വിദ്യാര്‍ഥികള്‍ -ഇങ്ങനെ വിവിധ വിഭാഗക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗം പ്രയോജനം ചെയ്യും. ഇന്റര്‍നെറ്റിന്റെ ഉപയോഗം വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകമാകുമെന്ന് അഗരമാങ്കുടിയിലെ ഹെഡ്മാസ്റ്റര്‍ എസ്. ക്രിസ്തുരാജ് പറഞ്ഞു. ഗ്രാമത്തില്‍ ഏതാണ്ട് മൂവായിരം പേരുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

പ്രകാശ പ്രകീര്‍ണനവുമായി ( light scattering ) ബന്ധപ്പെട്ട 'രാമന്‍ പ്രഭാവം' എന്ന പ്രതിഭാസം കണ്ടുപിടിച്ചതിനാണ് സി വി രാമന്‍ 1930 ല്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ നേടിയത്. ആ ബഹുമതി കരസ്ഥമാക്കുന്ന ആദ്യ ഏഷ്യക്കാരനായിരുന്നു രാമന്‍. അതേസമം, നക്ഷത്രങ്ങളുടെ അന്ത്യം സംബന്ധിച്ച 'ചന്ദ്രശേഖര്‍ പരിധി' കണ്ടെത്തിയതിനാണ് രാമന്റ സഹോദരപുത്രനായ ചന്ദ്രശേഖര്‍ 1983ല്‍ ഭൗതികശാസ്ത്ര നൊബേല്‍ നേടിയത്. 

അഗരമാങ്കുടി ഗ്രാമത്തിലാണ് രാമന്റെ വേരുകള്‍, പുരശക്കുടിയിലാണ് ചന്ദ്രശേഖരുടെ വേരുകള്‍ എത്തുന്നത്. ഇരുഗ്രാമങ്ങളിലും ഒരോ കിലോമീറ്റര്‍ ചുറ്റളവില്‍ വീതം വൈഫൈ കവറേജ് ലഭിക്കുമെന്ന് കൈലാസനാഥന്‍ പറഞ്ഞു. 

ഗ്രാമത്തില്‍ വൈഫൈ ഇന്റര്‍നെറ്റ് വേണമെന്നുള്ളവര്‍ ഒരു നിശ്ചിത നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കുകയാണ് വേണ്ടത്. മറുപടിയായി അവര്‍ക്ക് വൈഫൈ പാസ്‌വേഡ് കിട്ടും. അതുപയോഗിച്ച് ഇന്റര്‍നെറ്റിലേക്ക് ലോഗിന്‍ ചെയ്യാം. നിലവില്‍ വൈഫൈ സേവനം പൂര്‍ണമായും സൗജന്യമാണെന്ന് കൈലാസനാഥന്‍ അറിയിച്ചു.