ബെംഗളുരൂ: ബി.എസ്.എന്‍.എലിന്റെ് ഇന്‍ട്രാനെറ്റ് അഥവാ സ്വകാര്യ കമ്പ്യൂട്ടര്‍ ശൃംഖല ഹാക്ക് ചെയ്യപ്പെട്ടു. എലിയോട്ട് ആല്‍ഡേഴ്‌സണ്‍ എന്ന ഫ്രഞ്ച് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാണ് 47000 ഓളം ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബിഎസ്എന്‍എലിന്റെ കമ്പ്യൂട്ടര്‍ ശൃംഖല ഹാക്ക് ചെയ്തത്. 

ശൃംഖലയിലെ സുരക്ഷാ പിഴവ് ആല്‍ഡേഴ്‌സണ്‍ ബിഎസ്എന്‍എലിനെ അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ബിഎസ്എന്‍എല്‍ പ്രശ്‌നം പരിഹരിച്ചുവെന്ന് ആല്‍ഡേഴ്‌സണ്‍ ഞായറാഴ്ച ട്വീറ്റ് ചെയ്തു.

ഒരു പ്രത്യേക കോഡ് ഉപയോഗിച്ചാണ് ആല്‍ഡേഴ്‌സണ്‍ ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്കില്‍ കടന്നുകയറിയത്. ഇതുവഴി ബിഎസ്എന്‍എല്ലിലെ പഴയതും ഇപ്പോഴുള്ളതുമായ ജീവനക്കാരുടെ വിവരങ്ങള്‍ കാണാന്‍ ആല്‍ഡേഴ്‌സന് സാധിച്ചുവെന്ന് അദ്ദേഹം പറയുന്നു.

ഇത് തെളിയിക്കുന്നതിനായി ഞായറാഴ്ച ചില ബിഎസ്എന്‍എല്‍ ജീവനക്കാരുടെ പേര്, തസ്തിക, മൊബൈല്‍ നമ്പര്‍, ജനനതീയതി, വിരമിക്കല്‍ തീയതി, ഇമെയില്‍ അഡ്രസ്, തുടങ്ങിയ വിവരങ്ങള്‍ ഇയാള്‍ തങ്ങളുമായി പങ്കുവെച്ചുവെന്നും അതില്‍ പന്ത്രണ്ടോളം ജീവനക്കാരെ നേരിട്ട് വിളിച്ച് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ട്വിറ്റര്‍ വഴിയാണ് ആല്‍ഡേഴ്‌സണ്‍ ബി.എസ്.എന്‍.എലിനെ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ബിഎസ്എന്‍എല്‍ ഐടി സംഘവുമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചത്.

ഇതുമാത്രമല്ല ബിഎസ്എന്‍എലിന്റെ intranetuk.bsnl.co.in , intranethr.bsnl.co.in  എന്നീ വെബ്‌സൈറ്റുകളില്‍ മുമ്പ് റാന്‍സം വെയര്‍ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും അത് താന്‍ ശ്രദ്ധയില്‍ പെടുത്തുന്നത് വരെ ബിഎസ്എന്‍എല്‍ അറിഞ്ഞിരുന്നില്ലെന്നും ആല്‍ഡേഴ്‌സണ്‍ പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ ബി.എസ്.എന്‍.എല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: BSNL intranet hacked; company fixes leak after alert by researcher