സ്‌ട്രേലിയന്‍ നിര്‍മിത ആളില്ലാ സൈനിക വിമാനമായ 'ലോയല്‍ വിങ്മാനെ' അടിസ്ഥാനമാക്കിയാണ് യുഎസ് എയര്‍ഫോഴ്‌സിന് വേണ്ടി സ്‌കൈബോര്‍ഗ് പ്രോട്ടോ ടൈപ്പ് നിര്‍മിക്കുകയെന്ന് വിമാന നിര്‍മാണ കമ്പനിയായ ബോയിങ്. 

50 വര്‍ഷത്തിലേറെയായി ഓസ്‌ട്രേലിയയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച ആദ്യത്തെ സൈനിക വിമാനമായ ''ലോയല്‍ വിങ്മാന്‍'' ശനിയാഴ്ചയാണ് ആദ്യ പറക്കല്‍ നടത്തിയത്. ബോയിംഗ് ടെസ്റ്റ് പൈലറ്റ് മോണിറ്ററിങിന്റെ മേല്‍നോട്ടത്തില്‍ സൗത്ത് ഓസ്ട്രേലിയയിലെ ഒരു ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനിലായിരുന്നു ഇത്. 

11.6 മീറ്റര്‍ നീളവും, 3704 കിമീ റേഞ്ചില്‍ പറക്കാനും സാധിക്കുന്ന ബോയിങിന്റെ ലോയല്‍ വിങ്മാന്റെ മുന്‍ ഭാഗത്ത് വിവിധ പേലോഡുകള്‍ വഹിക്കാനാവും. ഇതിന് ആയുധങ്ങള്‍ വഹിക്കാനും സാധിക്കും. മനുഷ്യ പൈലറ്റുകള്ള യുദ്ധവിമാനങ്ങള്‍ക്ക് ഒരു പരിചയായി പ്രവര്‍ത്തിക്കാന്‍ ഇതിനാവും. 

ബോയിങ്, ജനറല്‍ അറ്റോമിക്‌സ് എയറോനോട്ടിക്കല്‍ സിസ്റ്റംസ്, ക്രാറ്റോസ് ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി സൊലൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ക്ക് ഡിസംബറിലാണ് ആളില്ലാ വിമാനങ്ങളുടെ പ്രോട്ടോടൈപ്പ് നിര്‍മിക്കുന്നതിനായി കോടിക്കണക്കിന് ഡോളറിന്റെ കരാറുകള്‍ നല്‍കിയത്. 

ബോയിങ് ലോയല്‍ വിങ്മാന്‍ പ്രൊജക്ട് എന്ന പേരില്‍ അറിയപ്പെടുന്ന ബോയിങ് എയര്‍പവര്‍ ടീമിങ് സിസ്റ്റം ആയിരിക്കും സ്‌കൈ ബോര്‍ഗിന് അടിസ്ഥാനമെന്ന് ബോയിങ് എയര്‍പവര്‍ ടീമിങ് പ്രോഗ്രാം ഡയറക്ടര്‍ ഷെയ്ന്‍ അര്‍നോട്ട് പറഞ്ഞു. തീര്‍ച്ചയായും യുഎസ് ഒരു വലിയ വിപണിയാണെന്നും അവിടെ നിന്നും കരാര്‍ നേടുന്നതിലാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. 

ലോകമെമ്പാടുമുള്ള സൈനികര്‍ തങ്ങളുടെ വിഭവങ്ങള്‍ വര്‍ധിപ്പിക്കാന്‍ വിലകുറഞ്ഞതും സുരക്ഷിതവുമായ മാര്‍ഗ്ഗങ്ങള്‍ തേടുന്നതിനാല്‍ പ്രതിരോധ കരാറുകാര്‍ വലിയ രീതിയില്‍ ഓട്ടോണമസ് സാങ്കേതിക വിദ്യയില്‍ നിക്ഷേപം നടത്തുന്നുണ്ട്. 

യുഎസിന്റെ ശക്തരായ സഖ്യരാജ്യമായ ഓസ്‌ട്രേലിയ യുഎസിന് പുറത്തുള്ള ബോയിങിന്റെ ഏറ്റവും വലിയ ആസ്ഥാനമാണ്. 

റോയല്‍ ഓസ്‌ട്രേലിയന്‍ എര്‍ഫോഴ്‌സിന് വേണ്ടി മൂന്ന് ലോയല്‍ വിങ്മാന്‍ എയര്‍ക്രാഫ്റ്റ് വാങ്ങുന്നതിനായി 8.9 കോടി യുഎസ് ഡോളര്‍ ചിലവാക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഭരണകൂടം ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. 

ജനുവരിയില്‍ സ്പിരിറ്റ് എയറോസിസ്റ്റംസിന്റെ ബെല്‍ഫാസ്റ്റ് എന്ന ആളില്ലാ വിമാനത്തിന് വേണ്ടി ബ്രിട്ടനും 4.2 കോടി ഡോളറിന്റെ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. 

ഓസ്‌ട്രേലിയയില്‍ നടന്ന ലോയല്‍ വിങ്മാന്റെ പരീക്ഷണ പറക്കല്‍ വലിയ വിജയമായിരുന്നു. സ്വന്തം ഊര്‍ജത്തില്‍ മുന്‍ കൂട്ടി നിശ്ചയിച്ച വഴിയില്‍ പറന്നുയര്‍ന്ന വിമാനം വ്യത്യസ്ത വേഗതയിലും ഉയരത്തിലും പറന്ന് കഴിവ് തെളിയിച്ചു. 

മൂന്ന് ലോയല്‍ വിംങ്മാന്‍ വിമാനങ്ങള്‍ ഈ വര്‍ഷം ടീം ഫ്‌ലൈറ്റിംങിനായി ഓസ്‌ട്രേലിയന്‍ വ്യോമസേനയ്ക്ക് ഉപയോഗിക്കുമെന്നും ഓസ്‌ട്രേലിയയ്ക്ക് ആറ് വിമാനങ്ങള്‍ വേണമെന്നും ഷെയ്ന്‍ അര്‍നോട്ട് പറഞ്ഞു, 

16 ലോയല്‍ വിംങ്മാന്‍ ജെറ്റുകള്‍ വരെ പൈലറ്റ് ഉള്ള വിമാനങ്ങള്‍ക്കൊപ്പം ദൗത്യത്തിനായി പോകാമെന്നും ബോയിംഗ് അറിയിച്ചു.

Content Highlights: Boeing to base US Air Force skyborg prototype on Australian pilotless jet