കൂടുതല്‍ സൗകര്യങ്ങളും കൂടുതല്‍ പ്രവര്‍ത്തനവേഗവും വാഗ്ദാനം ചെയ്തുകൊണ്ട് എല്ലാ ഗാഡ്ജറ്റുകളും പുത്തന്‍ പതിപ്പുകളിറക്കാന്‍ മത്സരിക്കുകയാണിപ്പോള്‍. ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ വിന്‍ഡോസും ആന്‍ഡ്രോയ്ഡും ഐ.ഒ.എസുമൊക്കെ ഇങ്ങനെ സ്വയം പരിഷ്‌കരിക്കപ്പെടുന്നുണ്ട്. അക്കൂട്ടത്തിലേക്ക് ചേരുകയാണ് വയര്‍ലെസ് സാങ്കേതികവിദ്യയായ ബ്ലൂടൂത്തും. 

ബ്ലൂടൂത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ബ്ലൂടൂത്ത് 5 ജൂണ്‍ 16 ന് പുറത്തിറങ്ങി. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയുടെ നിയന്ത്രണസമിതിയായ ബ്ലൂടൂത്ത് സ്‌പെഷല്‍ ഇന്ററസ്റ്റ് ഗ്രൂപ്പ് (എസ്.ഐ.ജി.) എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മാര്‍ക്ക് പവലാണ് പുതിയ പതിപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചത്. 

ലോകമെങ്ങുമായി 30,000 കമ്പനികള്‍ ബ്ലൂടൂത്ത് സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഉപയോക്താക്കളുടെ കൈകളിലേക്കെത്താന്‍ ഇനിയും മാസങ്ങള്‍ പിടിക്കുമെങ്കിലും ബ്ലൂടുത്ത് 5ലെ പുത്തന്‍ സൗകര്യങ്ങള്‍ ടെക് ലോകത്ത് ഇപ്പോഴേ ചര്‍ച്ചയായിക്കഴിഞ്ഞു. 

മുന്‍പതിപ്പുകളേക്കാള്‍ ബ്ലൂടൂത്ത് 5 നെ മുന്നില്‍ നിര്‍ത്തുന്ന അഞ്ച് ഘടകങ്ങള്‍ പരിശോധിക്കാം-

1. ഇരട്ടി റേഞ്ച്: ഒരു ഡിവൈസില്‍ നിന്ന് മറ്റൊന്നിലേക്ക് എളുപ്പം ഡാറ്റ കൈമാറാനാണല്ലോ ബ്ലൂടൂത്ത് ഉപയോഗിക്കുന്നത്. ഗാഡ്ജറ്റിന്റെ ഗുണനിലവാരം അനുസരിച്ച് ചില്ലറ ഏറ്റക്കുറച്ചിലുണ്ടാകുമെങ്കിലും 200 അടി ദൂരമാണ് ഇപ്പോഴത്തെ ബ്ലൂടൂത്തിന്റെ പരിധി. 200 അടി കടന്നാല്‍ ഡാറ്റ കൈമാറ്റം നടക്കില്ലെന്നര്‍ഥം. എന്നാല്‍ പുതിയ പതിപ്പില്‍ റേഞ്ച് ഇരട്ടിയാകും. വൈഫൈ ഡയറക്ട് സംവിധാനത്തോട് കിടപിടിക്കുന്ന റേഞ്ചായിരിക്കും ബ്ലൂടൂത്ത് 5 സമ്മാനിക്കുകയെന്ന് മാര്‍ക്ക് പവല്‍ അവകാശപ്പെടുന്നു.

2. നാലിരട്ടി വേഗം: ഡാറ്റ കൈമാറ്റവേഗത്തിന്റെ കാര്യത്തില്‍ വൈഡയറക്ടിനോട് ഒരുകാലത്തും മത്സരിക്കാന്‍ ബ്ലൂടൂത്തിന് സാധിച്ചിരുന്നില്ല. 250 എംബിപിഎസ് ആണ് വൈഫൈ ഡയറക്ടിന്റെ വേഗമെങ്കില്‍, ബ്ലൂടൂത്ത് 4.0 യുടെ വേഗം 25 എംബിപിഎസ് ആണെന്നോര്‍ക്കുക. എന്നാല്‍, ഇപ്പോള്‍ ഉപയോഗത്തിലുള്ള ബ്ലൂടൂത്ത് 4.2 വെര്‍ഷനേക്കാള്‍ നാലിരട്ടി വേഗമായിരിക്കും പുതിയ പതിപ്പിനുണ്ടാകുക.

3. വിസ്തൃതിയേറിയ അഡ്വര്‍ട്ടൈസിങ് പാക്കറ്റ്: അഡ്വര്‍ട്ടൈസിങ് എന്ന വാക്കിന് ബ്ലൂടൂത്തിന്റെ ലോകത്ത് വേറൊരു അര്‍ഥമാണുള്ളത്. മറ്റൊരു ബ്ലൂടൂത്ത് ഡിവൈസുമായി പെയര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ പേര് നമ്മുടെ ഡിവൈസില്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടിട്ടില്ലേ? അതിനെയാണ് 'അഡ്വര്‍ട്ടൈസിങ്' എന്ന് വിളിക്കുന്നത്. 47 ബൈറ്റ്‌സ് ആണ് നിലവിലുളള ബ്ലൂടൂത്തിലെ അഡ്വര്‍ട്ടൈസിങ് പായ്ക്കറ്റ് സൈസ്. പുതിയ ബ്ലൂടൂത്തില്‍ ഇതിനായി കൂടുതല്‍ പായ്ക്കറ്റ് മാറ്റിവച്ചിട്ടുണ്ട്. മറ്റു ഡിവൈസുകളുടെ പേരും തരവുമല്ലാതെ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ ഇതുവഴി സാധിക്കും.  

4. എട്ടിരട്ടി മെസേജിങ് ശേഷി: നിലവിലുള്ള 4.2 പതിപ്പിനേക്കാള്‍ എട്ടിരട്ടി ബ്രോഡ്കാസ്റ്റ് മെസേജിങ് ശേഷിയുണ്ടാകും പുതിയ പതിപ്പിന്. കണക്ഷന്‍ലെസ് സേവനങ്ങള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട് ബ്ലൂടൂത്ത് 5. അപരിചിതമായ സ്ഥലങ്ങളില്‍ എത്തിപ്പെട്ടാല്‍ ഫോണിലെ ബ്ലൂടൂത്ത് ഒന്ന് ഓണാക്കിയാല്‍ മതി, പോവാനുള്ള വഴി കൃത്യമായ അറിയാന്‍ സാധിക്കും. 

5. പുതിയ ഹാര്‍ഡ്‌വേര്‍: പഴയ ബ്ലൂടൂത്ത് ഡിവൈസുകളുമായി ബ്ലൂടൂത്ത് 5നെ ബന്ധിപ്പിക്കാനാകുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ബ്ലൂടൂത്ത് 4.0 ഡിവൈസുകള്‍ക്ക് 4.1ലേക്കും 4.2ലേക്കുമൊക്കെ അപ്‌ഡേഷന്‍ സാധ്യമായിരുന്നു. എന്നാല്‍ ബ്ലൂടൂത്ത് 5.0 പതിപ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയ ഹാര്‍ഡ്‌വേര്‍ വേണ്ടിവരും. അതുകൊണ്ട് തന്നെ ഈ വര്‍ഷം പകുതിയോ അടുത്തവര്‍ഷമോ ആകും ബ്ലൂടൂത്ത് 5.0 വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകള്‍ വിപണിയിലെത്താന്‍.