ന്‍ഡ്രോയിഡിനെ ആപ്പിളിന്റെ ഒരേയൊരു എതിരാളിയായി വളരാന്‍ അനുവദിച്ചത് തനിക്ക് പറ്റിയ ഏറ്റവും വലിയ പിഴവാണെന്ന് മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. മൈക്രോസോഫ്റ്റ് ഇപ്പോഴും വളരെ ശക്തമായൊരു സ്ഥാപനമാണ്. 

ആന്‍ഡ്രോയിഡിന്റെ സ്ഥാനത്ത് മൈക്രോസോഫ്റ്റിന് എത്താന്‍ സാധിച്ചില്ല എന്നത് എക്കാലത്തെയും വലിയ പിഴവാണ്. ആപ്പിള്‍ പ്ലാറ്റ്‌ഫോമിന് പുറത്തുള്ള നിലവാരമുള്ള മൊബൈല്‍ പ്ലാറ്റ് ഫോം ആണ് ആന്‍ഡ്രോയിഡ്. മൈക്രോസോഫ്റ്റിന് തീര്‍ച്ചയായും കൈവരിക്കാനാവുമായിരുന്ന കാര്യമായിരുന്നു അത്. അദ്ദേഹം പറഞ്ഞു.

അതേസമയം വിന്‍ഡോസും ഓഫീസും മൈക്രോസോഫ്റ്റിനെ കാലത്തിനനുസരിച്ച് പുതിയ തലങ്ങളിലേക്കെത്തിക്കാന്‍ സഹായിച്ചുവെന്നും അതുകൊണ്ടുതന്നെ മൈക്രോ സോഫ്റ്റ് ഒരു മുന്‍നിര കമ്പനിയാണ് എന്നും ആന്‍ഡ്രോയിഡിനെ മറികടക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഏക മുന്‍നിര കമ്പനി ആവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വില്ലേജ് ഗ്ലോബല്‍ എന്ന സ്ഥാപനം സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ബില്‍ ഗേറ്റ്‌സ് തന്റെ നിരാശ തുറന്നുപറഞ്ഞത്. 

2003ല്‍ കാലിഫോര്‍ണിയയില്‍ പാലോ ആള്‍ട്ടോയില്‍ ആന്‍ഡി റൂബിന്‍, റിച്ച് മൈനര്‍, നിക്ക് സീയേഴ്‌സ്, ക്രിസ് വൈറ്റ് എന്നിവര്‍ തുടക്കമിട്ട ആന്‍ഡ്രോയിഡ് എന്ന സ്ഥാപനത്തെ 2005 ലാണ് ഗൂഗിള്‍ സ്വന്തമാക്കിയത്. ലിനക്‌സ് കെര്‍നല്‍ അടിസ്ഥാനമാക്കിയാണ് ആന്‍ഡി റൂബിന്റെ നേതൃത്വത്തില്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. 

ഇതേ കാലയളവില്‍ തന്നെ വിന്‍ഡോസ് മൊബൈലിനായുള്ള ശ്രമങ്ങളിലായിരുന്നു മൈക്രോസോഫ്റ്റ്. ആന്‍ഡ്രോയിഡിന് മുന്നില്‍ അടിപതറിയ നോക്കിയ ഫോണുകളെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തെങ്കിലും ആന്‍ഡ്രോയിഡിന്റെ വളര്‍ച്ചയ്ക്ക് മുന്നില്‍ വിന്‍ഡോസ് ഫോണുകള്‍ക്ക് അടിപതറുകയും 2017 ല്‍ വിന്‍ഡോസ് ഫോണുകളുടെ നിര്‍മാണവും വില്‍പനയും ഔദ്യോഗികമായി  അവസാനിപ്പിക്കുകയും ചെയ്തു. 

ഈ പരാജയത്തിന് മൈക്രോസോഫ്റ്റ് മുന്‍ സിഇഓ സ്റ്റീവ് ബാല്‍മെറിനെ കുറ്റപ്പെടുത്തുന്നവരുണ്ട്. വിന്‍ഡോസ് ഫോണുകളില്‍ ആന്‍ഡ്രോയിഡ് കൊണ്ടുവരണമെന്ന് അദ്ദേഹം ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. ആന്‍ഡ്രോയിഡിന് സ്റ്റീവ് ബാല്‍മെര്‍ അവസരം കൊടുക്കുകയായിരുന്നു എന്ന വിമര്‍ശനം ഇതോടെ ശക്തമായി. എന്നാല്‍ ആന്‍ഡ്രോയിഡിന് അവസരം ഒരുക്കിയതിന് സ്റ്റീവ് ബാല്‍മെറിനെ ബില്‍ഗേറ്റ്‌സ് പഴിച്ചില്ല.

Content Highlights: Bill Gates Says His Greatest Mistake android apple