വ്യാജവാര്‍ത്തകളുടെ പ്രചാരണം സോഷ്യല്‍ മീഡിയ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് വന്ന വ്യാജവാര്‍ത്തകളുടെയും പരസ്യങ്ങളുടെയും പേരില്‍ ഫെയ്‌സ്ബുക്ക് വിവാദകുരുക്കുകളിലകപ്പെട്ടിരുന്നു. വ്യാജവാര്‍ത്തകളുടെ പ്രചാരണം തടയാന്‍ നിര്‍മിതബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നായിരുന്നു ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം. 

എന്നാല്‍ അതേ നിര്‍മിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്താല്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കിയാലോ? 

നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച വാര്‍ത്താ അവതാരകനെകുറിച്ചുള്ള വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് നമ്മള്‍ കേട്ടത്. അതേ രീതിയില്‍തന്നെ വ്യാജവാര്‍ത്താ അവതരണങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയാണ് ബിബിസി.

ഇംഗ്ലീഷ് മാത്രം സംസാരിക്കാനറിയാവുന്ന ബിബിസിയുടെ വാര്‍ത്താ അവതരാകനായ മാത്യു അമ്രോലിവാല നിര്‍മിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്പാനിഷ്, മാന്‍ഡറിന്‍, ഹിന്ദി ഭാഷകളില്‍ ഉച്ചാരണ ശുദ്ധിയോടെ വാര്‍ത്ത വായിക്കുന്ന രംഗം സൃഷ്ടിച്ചെടുത്തു. 

സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് മറ്റ് ഭാഷകള്‍ സംസാരിക്കുന്നയാളുകളുടെ മുഖചലനങ്ങള്‍ കംപ്യൂട്ടര്‍ പകര്‍ത്തുകയും അത് മാത്യൂവിന്റെ മുഖത്ത് ചേര്‍ക്കുകയുമായിരുന്നു. വാക്കുകള്‍ ഉച്ചരിക്കുമ്പോഴുള്ള ചുണ്ടുകളുടെ ചലനവും മുഖചലനങ്ങളുമെല്ലാം ഇത്തരത്തില്‍ അദ്ദേഹത്തിന്റെ മുഖത്ത് സൃഷ്ടിക്കപ്പെട്ടു. 

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിന്തസിയ എന്ന സ്റ്റാര്‍ട്ട് അപ്പ് ആണ് ഈ ഫെയ്സ് മാപ്പിങ് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്. ഗുണകരമായ നിരവധി ആവശ്യങ്ങള്‍ക്ക് ഈ സോഫ്റ്റ്വെയര്‍ പ്രയോജനപ്പെടുത്താമെങ്കിലും വ്യാജവാര്‍ത്തകള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ ശ്രമകരമാക്കിയേക്കും.

Content Highlights: BBC newsreader 'speaks' Hindi mandarin spanish  languages that he can’t in real