ബിബിസിയുടെ അന്തര്‍ദേശീയ ന്യൂസ് വെബ്‌സൈറ്റ്് ടോര്‍ (Tor) വെബ്‌സൈറ്റിലും ലഭ്യമാക്കി. ഭരണകൂടങ്ങളില്‍ നിന്നുള്ള നിരോധനം മറികടക്കുന്നതിനാണ് ബിബിസിയുടെ ഈ നീക്കം. ഡാര്‍ക്ക് വെബ് പേജുകളിലേക്ക് പ്രവേശിക്കാന്‍ ഉപയോഗിക്കുന്ന അതീവ സ്വകാര്യത ഉറപ്പുവരുത്തുന്ന ടോര്‍ ബ്രൗസര്‍ വഴി നിരോധനമുള്ള രാജ്യങ്ങളില്‍ നിന്നും ബിബിസി വെബ്‌സൈറ്റ് തുറക്കാന്‍ സാധിക്കും.

ചൈന, ഇറാന്‍, വിയറ്റ്‌നാം പോലുള്ള രാജ്യങ്ങള്‍ ബിബിസി ന്യൂസ് വെബ്‌സൈറ്റിലേക്കുള്ള പ്രവേശനം രാജ്യത്ത് വിലക്കിയിട്ടുണ്ട്. 

bbc.co.uk/nesw,  bbc.com/news തുടങ്ങിയ യുആര്‍എലുകള്‍ക്ക് പകരം ടോര്‍ ബ്രൗസര്‍ ഉപയോക്താക്കള്‍ക്കായി പുതിയ  bbcnewsv2vjtpsuy.onion എന്ന വെബ് അഡ്രസ് ബിബിസി നിര്‍മിച്ചിട്ടുണ്ട്. ഈ ലിങ്ക് സാധാരണ വെബ് ബ്രൗസറുകളില്‍ പ്രവര്‍ത്തിക്കില്ല. 

ബിബിസിയുടെ അന്തര്‍ദേശീയ എഡിഷനാണ് ഡാര്‍ക്ക് വെബ് പതിപ്പില്‍ കിട്ടുക. ഈ വെബ്‌സൈറ്റ് വഴിയാണ് ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ഉള്‍പ്പടെ ലോകത്തെ വിവിധ ഭാഷകളില്‍ ബിബിസി വാര്‍ത്തകള്‍ നല്‍കുന്നത്. 

എന്താണ് ടോര്‍ ബ്രൗസര്‍?

ഒനിയന്‍ റൂട്ടര്‍ എ്ന്നറിയപ്പെടുന്ന ഒരു സോഫ്റ്റ് വെയറിന്റെ സഹായത്തില്‍ ഇന്റര്‍നെറ്റിലേക്ക് പ്രവേശനം നല്‍കുന്ന ബ്രൗസര്‍ ആണ് ടോര്‍ (Tor). ഒരുപാട് പാളികളുള്ള ഒരു പച്ചക്കറിയാണ് ഉള്ളി (ഒനിയന്‍). ഇതുപോലെ നിരവധി എന്‍ക്രിപ്ഷന്‍ ലെയറുകളുള്ള ശൃംഖലയാണ് ടോര്‍ ബ്രൗസറിനുള്ളത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാമ്പത്തിക പിന്തുണയില്‍ നാവല്‍ റിസര്‍ച്ച് ലബോറട്ടറിയാണ് ഇത് വികസിപ്പിച്ചത്. 

ഈ ബ്രൗസര്‍ വഴി ഇന്റര്‍നെറ്റില്‍ തിരയുന്ന ഉപയോക്താവിന്റെ യഥാര്‍ത്ഥ ലൊക്കേഷനും ഐഡന്റിറ്റിയും മറച്ചുവെക്കപ്പെടും. സാധാരണ വെബ്‌സൈറ്റുകള്‍ തന്റെ വ്യക്തിത്വവും വിലാസവും വെളിപ്പെടുത്താതെ സന്ദര്‍ശിക്കാനും, രാജ്യത്ത് നിരോധിക്കപ്പെട്ട വെബ്‌സൈറ്റുകള്‍ കാണാനും, രഹസ്യ വെബ്‌സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യാനുമെല്ലാം ഈ ബ്രൗസര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

ഓണ്‍ലൈന്‍ ഇടപാടുകളും ആശയവിനിമയങ്ങളും രഹസ്യവും സുരക്ഷിതവുമാക്കിവെക്കാന്‍ സൈനികര്‍,  മാധ്യമപ്രവര്‍ത്തകര്‍, ഭരണരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്്ഥരുമെല്ലാം ഈ ബ്രൗസര്‍ ഉപയോഗിക്കാറുണ്ട്. 

അതോടൊപ്പം തന്നെ ടോര്‍ ബ്രൗസര്‍ നല്‍കുന്ന രഹസ്യാത്മകത ദുരുപയോഗം ചെയ്ത് നിയമവിരുദ്ധ പ്രവൃത്തികളും നടക്കുന്നുണ്ട്. നിയമവിരുദ്ധ മയക്കുമരുന്നുകള്‍ വില്‍ക്കുന്ന വെബ്‌സൈറ്റുകള്‍, ചൈല്‍ഡ് പോണ്‍ വെബ്‌സൈറ്റുകള്‍, എന്നിവ കാണാനും സന്ദര്‍ശിക്കാനും ആളുകള്‍ ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. 

Content Highlights:BBC News launches 'dark web' page for Tor browser