ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പ്രശ്‌നക്കാരായ 21 ഗെയിമിങ് ആപ്ലിക്കേഷനുകളെ കണ്ടെത്തി സൈബര്‍ സുരക്ഷാ സ്ഥാപനമായ അവാസ്റ്റ്. അനധികൃത പരസ്യ വിതരണത്തിന് സഹായിക്കുന്ന ആഡ് വെയര്‍ സ്വഭാവമുള്ളവയാണ് ഈ ആപ്ലിക്കേഷനുകളെന്ന് അവാസ്റ്റ് പറയുന്നു. 

ഗെയിമുകളാണെങ്കിലും ആപ്ലിക്കേഷനു പുറത്ത് ഇവ അനാവശ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. സമാനമായ മറ്റ് ആപ്ലിക്കേഷനുകളും ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ ആളുകളെ ആകര്‍ഷിക്കുന്ന പരസ്യങ്ങളായിരിക്കും അതില്‍ ഭൂരിഭാഗവും. ഈ ഗെയിമുകളില്‍ ഭൂരിഭാഗവും ഇപ്പോഴും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

എന്നാല്‍ ഇവ വിവരങ്ങള്‍ ചോര്‍ത്തുകയോ മറ്റ് അപകടകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ലെന്ന് അവാസ്റ്റ് വ്യക്തമാക്കി. വരുമാനമുണ്ടാക്കുന്നതിനായി അനാവശ്യ പരസ്യങ്ങള്‍ ഫോണില്‍ പ്രദര്‍ശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. 

80 ലക്ഷം തവണയെങ്കിലും ഈ ആപ്ലിക്കേഷനുകള്‍  ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സെന്‍സര്‍ ടവറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

യൂട്യൂബ് വീഡിയോ പരസ്യത്തിലൂടെയാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ ആളുകളെ ആകര്‍ഷിക്കുക. അത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ പരസ്യത്തില്‍ കണ്ടപോലൊരു ഗെയിം ആയിരിക്കില്ല അത്. ഇന്‍സ്റ്റാള്‍ ചെയ്തതിന് പിന്നാലെ ഫോണില്‍ പരസ്യങ്ങള്‍ കൊണ്ട് നിറയുകയും ചെയ്യും.

സാധാരണ ആപ്പ് വിതരണക്കാരെ പോലെ തന്നെ ഇത്തരം ആഡ് വെയര്‍ ആപ്ലിക്കേഷനുകളും സമൂഹമാധ്യമങ്ങളിലൂടെയാണ് ആളുകളെ വലയിലാക്കുന്നത്. ഫോണില്‍ നിന്ന് നീക്കം ചെയ്യപ്പെടാതിരിക്കാന്‍ ഐക്കണുകള്‍ ഒളിപ്പിച്ചുവെക്കുക, നീക്കം ചെയ്യപ്പെടുന്നതിന് തടസം സൃഷ്ടിക്കാന്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ വിദ്യകള്‍ ഇവ പ്രയോഗിക്കുകയും ചെയ്യും. 

അവാസ്റ്റ് കണ്ടെത്തിയ പ്രശ്‌നക്കാരായ ആപ്ലിക്കേഷനുകള്‍ ഇവയാണ്

  1. Shoot Them
  2. Crush Car
  3. Rolling Scroll
  4. Helicopter Attack
  5. Assassin Legend
  6. Helicopter Shoot 
  7. Rugby Pass
  8. Flying Skateboard 
  9. Iron it 
  10. Shooting Run 
  11. Plant Monster 
  12. Find Hidden 
  13. Find 5 Differences 
  14. Rotate Shape 
  15. Jump Jump 
  16. Find the Differences – Puzzle Game 
  17. Sway Man 
  18. Money Destroyer 
  19. Desert Against 
  20. Cream Trip 
  21. Props Rescue

Content Highlights: avast discoverd 21 adware gaming apps