വിസ്‌കിയുടെ രുചിയും ഗുണവും തിരിച്ചറിയാന്‍ സാധിക്കുന്ന കൃത്രിമ നാവ് വികസിപ്പിച്ച് ഗവേഷകര്‍. ഭാവിയില്‍ വ്യാജ മദ്യം തിരിച്ചറിയാന്‍ ഈ സാങ്കേതികക വിദ്യയ്ക്ക് സാധിക്കും. 

വിവിധ ബാരലുകളില്‍ നിറച്ച ഒരേ ബ്രാന്റ് വിസ്‌കികള്‍ തമ്മിലുള്ള വ്യത്യാസം 99 ശതമാനം കൃത്യതയില്‍ തിരിച്ചറിയാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും. 12 വര്‍ഷം, 15 വര്‍ഷം 18 വര്‍ഷം പഴക്കമുള്ള ബാരലുകളില്‍ നിറച്ച മദ്യം തമ്മിലുള്ള വ്യത്യാസം പറയാന്‍ ഇതിന് സാഘിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 

ആര്‍ടിഫിഷ്യല്‍ ടങ്ക് എന്നാണ് ഗവേഷകര്‍ ഇതിനെ വിളിക്കുന്നത്. കാരണം മനുഷ്യന്റെ നാവിന് സമാനമായ പ്രവര്‍ത്തനമാണ് ഇതിന്. അതായത് കാപ്പിയുടെയും ആപ്പിളിന്റേയും വ്യത്യസ്ത രുചിയ്ക്ക് കാരണമായ രാസപദാര്‍ത്ഥങ്ങള്‍ തിരിച്ചറിയാന്‍ നമ്മുടെ നാവിന് സാധിക്കുന്ന പോലെ.

Artificial Toungue
Credit: University of Glasgow

രണ്ട് വ്യത്യസ്ത ലോഹ രസമുകുളങ്ങളാണ് ഈ കൃ്ത്രിമ നാവിനുള്ളത്. അവ ഓരോ സാമ്പിളിനേയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നല്‍കും. ലായനികള്‍ എങ്ങനെ പ്രകാശത്തെ ആകര്‍ഷിക്കുന്നു എന്നത് വിശകലനം ചെയ്ത് അവയിലെ ചില ഗുണങ്ങള്‍ തിരിച്ചറിയുന്നു. 

ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ അലസദയിര്‍ ക്ലാര്‍ക്കും സംഘവുംമാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിച്ച വിസ്‌കിയാണ് സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിനായി ഉപയോഗിച്ചത്. 

മദ്യമാണ് പരീക്ഷണത്തിനായി ഉപയോഗിച്ചതെങ്കിലും ഏത് ദ്രാവകവും 'രുചിക്കാന്‍' ഈ കൃത്രിമ നാവിന് സാധിക്കുംമെന്നും ഭക്ഷ്യസുരക്ഷ, ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കല്‍, വ്യാജ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ തിരിച്ചറിയല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനാവുമെന്നും ക്ലാര്‍ക്ക് പറഞ്ഞു.

Content Highlights: Artificial tongue could taste whisky and find differences