ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി 2018 ല്‍ മനുഷ്യ ജീവിതത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് കടന്നുവരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. പുതുവര്‍ഷത്തിലെ ആദ്യ ആഴ്ചതന്നെ ഇതുമായി ബന്ധപ്പെട്ട് ഒരു പുതിയ വാര്‍ത്തായണുള്ളത്
ഹൃദ്രോഗവും ശ്വാസകോശ അര്‍ബുദവും കൃത്യമായും വളരെ പെട്ടെന്നും കണ്ടെത്താന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ബ്രിട്ടനിലെ ഒരു കൂട്ടം ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു.
നിലവില്‍ ഹൃദയമിടിപ്പിന്റെ താളപ്പിഴകള്‍ സ്‌കാന്‍ ചെയ്ത് പരിശോധിച്ചാണ് ഡോക്ടര്‍മാര്‍ ഹൃദയത്തിന് പ്രശ്‌നമുണ്ടോയെന്ന് കണ്ടെത്തുന്നത്. ഇങ്ങനെ നടത്തുന്ന രോഗ നിര്‍ണയങ്ങളില്‍ അഞ്ചില്‍ ഒന്ന് തെറ്റാവാറാണ് പതിവ്.
പ്രശ്‌നമൊന്നുമില്ലെന്ന് ഡോക്ടര്‍ വിധിയെഴുതിയ ആള്‍ വീട്ടിലെത്തിയ ശേഷം ഹൃദയാഘാതം ഉണ്ടാവുകയും അവര്‍ക്ക് അടിയന്തിര ശസ്ത്രക്രിയ ചെയ്യേണ്ടിവരുന്ന സംഭവങ്ങളും സാധാരണമാണ്.
ബ്രിട്ടനിലെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റല്‍ വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമുപയോഗിച്ച് കൂടുതല്‍ കൃത്യമായ ഹൃദ്രോഗ പരിശോധന സാധ്യമാവും. ഡോക്ടര്‍ മാര്‍ക്ക് കാണാന്‍ സാധിക്കാത്ത അത്രയും വിശദമായ വിവരങ്ങള്‍ കണ്ടെത്താന്‍ ഈ സാങ്കേതിക വിദ്യയ്ക്കാവും. ഇങ്ങനെ വിശദ പരിശോധനയ്ക്ക് ശേഷം പ്രശ്‌നങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ 'പോസിറ്റീവ്' ആണെന്ന നിര്‍ദ്ദേശം തരും.
അള്‍ട്രോമിക്‌സ് ( Ultromics) എന്നാണ് ഇതിന് പേര്. ആറ് കാര്‍ഡിയോളജി യൂണിറ്റുകളില്‍ ഈ സംവിധാനം പരീക്ഷിച്ചുവരികയാണ്. മനുഷ്യ ഡോക്ടര്‍മാരേക്കാള്‍ മികച്ച രീതിയിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രൊഫസര്‍ പോള്‍ ലീസണ്‍ പറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ലീസണ്‍ പരിശോധിച്ച ആയിരം രോഗികളുടെ പരിശോധനാ വിവരങ്ങളാണ് ഈ സംവിധാനം തയ്യാറാക്കുന്നതിനായി ഉപയോഗിച്ചത്.
ബ്രിട്ടനിലെ തന്നെ ഒരു സ്റ്റാര്‍ട്ട് അപ്പ് വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന് ശ്വാസകോശ അര്‍ബുദം കണ്ടെത്താന്‍ സാധിക്കും. ശ്വാസകോശത്തിലെ കോശങ്ങളുടെ കൂട്ടങ്ങളും (large clumps) മുഴകളും (Nodules) കണ്ടെത്താന്‍ ഈ സംവിധാനത്തിന് സാധിക്കും.
ഇങ്ങനെയുള്ള കോശ സമൂഹങ്ങളും മുഴകളും പരിശോധിച്ചാല്‍ ഒരുപക്ഷെ മനുഷ്യ ഡോക്ടര്‍മാര്‍ക്ക് പ്രശ്‌നം കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം. എന്നാല്‍ തെറ്റുകൂടാതെ രോഗനിര്‍ണയം നടത്താന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്.
Content Highlights: Artificial intelligence system can diagnose heart disease, cancer