ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വികാരമുണ്ടോ? മനുഷ്യന് ഭീഷണിയോ ? - സിന്ധു രാമചന്ദ്രന് വിശദമാക്കുന്നു
ഷിനോയ് മുകുന്ദൻ
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വസ്റ്റ് ഗ്ലോബലിന്റെ തിരുവനന്തപുരം ഓഫീസിൽ ഡയറക്ടറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്റര്‍ ഓഫ് എക്സലന്‍സിന് നേതൃത്വം നല്‍കുന്നയാളുമാണ് സിന്ധു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിതബുദ്ധി അതിവേഗം വളരുകയാണ്. യന്ത്രങ്ങളുടെ ബുദ്ധിയാണ് നിര്‍മിതബുദ്ധി. പതിയെ പതിയ മനുഷ്യന്റെ ദൈനംദിന ജീവിതത്തിലേക്ക് അത് പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. സ്മാര്‍ട് ഉപകരണങ്ങളുടെ പ്രവര്‍ത്തനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ അടിസ്ഥാനമാക്കിയാണ്. കാലം കടക്കുമ്പോള്‍ പുതിയ വാണിജ്യ സാധ്യതകള്‍ ഈ മേഖലയില്‍ തുറക്കുകയാണ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി എഞ്ചിനീയറാണ് സിന്ധു രാമചന്ദ്രന്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വസ്റ്റ് ഗ്ലോബലിൽ ഡയറക്ടറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്റര്‍ ഓഫ് എക്സലന്‍സിന് നേതൃത്വം നല്‍കുന്നയാളുമാണ് സിന്ധു. ക്വസ്റ്റിന്റെ തിരുവന്തപുരത്തെ ഓഫീസിലാണ് സിന്ധു പ്രവർത്തിച്ചു വരുന്നത്.
തിരുവനന്തപുരം സ്വദേശിയായ സിന്ധു തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജില്‍ (സി.ഇ.ടി.) നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക്ക്. ബിരുദവും കേരള സര്‍വകലാശാലയില്‍നിന്നു ഡിജിറ്റല്‍ ഇമേജ് പ്രൊസസങില് എം.ടെകും. കരസ്ഥമാക്കിയിട്ടുണ്ട്. 2008 മുതല്‍ ക്വസ്റ്റിലുണ്ട്. ഇമേജ് പ്രൊസസിങ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകള്‍ കേന്ദ്രീകരിച്ചാണ് സിന്ധു പ്രവര്‍ത്തിച്ചു വരുന്നത്.
ഹെല്‍ത്ത് കെയര്‍, എനര്‍ജി, റെയില്‍, ഹൈടെക്, ഓട്ടോമോട്ടീവ്, മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണ നല്കി വരുന്ന സ്ഥാപനമാണ് ക്വസ്റ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പുതിയ കാല സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് സിന്ധു രാമചന്ദ്രന് മാതൃഭൂമി ഡോട്ട് കോമുമായി നടത്തിയ സംഭാഷണം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖല അടിസ്ഥാനപരമായി ലക്ഷ്യം വെക്കുന്നത് എന്താണ് ?
ചിന്തിച്ച് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനും നമ്മള് ഉപയോഗിക്കുന്നത് നമ്മുടെ ബുദ്ധിയാണ്. ആ ഒരു തലത്തിലേക്ക് കംപ്യൂട്ടറുകളെ, അല്ലെങ്കില്‍ യന്ത്രങ്ങളെ കൊണ്ടുവരികയാണ് ഈ സാങ്കേതിക വിദ്യയുടെ പ്രധാന ഉദ്ദേശ്യം.
ഒരു പാട് ഡാറ്റയില്‍നിന്ന് പാറ്റേണുകള്‍ പഠിക്കുന്ന അല്ഗൊരിതത്തിന് പിന്നീട് ലഭിക്കുന്ന ഡാറ്റയില്‍നിന്നും സമാനമായ പാറ്റേണുകള്‍ തിരിച്ചറിയാന്‍ സാധിക്കും. നമ്മള് കൊച്ചകുട്ടികളെ പഠിപ്പിക്കുന്ന രീതിയിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗൊരിതത്തെ പരിശീലിപ്പിക്കുന്നത്.
വിവിധ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പ്രയോജനപ്പെടുത്തുന്നുണ്ട്. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ പരിഹരിക്കല്‍, കൃത്യമായ അളവുകളെടുക്കല്, ആവര്‍ത്തിച്ചു വരുന്ന ജോലികള്‍ യന്ത്രങ്ങളെ ഏല്‍പ്പിക്കല്‍, വോയ്സ് അസിസ്റ്റന്റുകള്‍, പേഴ്സണലൈസേഷന്‍, കസ്റ്റമര്‍ എക്സ്പീരിയന്‍സ് തുടങ്ങിയ രംഗങ്ങളിലെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടും.
അത് പക്ഷെ മനുഷ്യനും എ.ഐയും തമ്മിലുള്ള മത്സരം എന്ന രീതിയിലല്ല. നമുക്കൊപ്പം എ.ഐയെ സഹായിയായി പ്രവര്‍ത്തിപ്പിക്കാം എന്നാണ് നോക്കുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
മനുഷ്യന്റെ ദൈനംദിന ജീവിതത്തെ മുഴുവനായി ഓട്ടോമേറ്റ് ചെയ്യാനാവുന്ന സാങ്കേതിക വിദ്യകള്‍ നിലവിലുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവി യെ എങ്ങനെ നോക്കിക്കാണുന്നു ?
നമ്മള് നേരത്തെ വോയ്സ് അസിസ്റ്റന്റിനെ കുറിച്ച് പറഞ്ഞു. കണക്കുകള്‍ നോക്കുകയാണെങ്കില്‍ നാലില്‍ ഒന്ന് എന്ന നിലയിലാണ് അമേരിക്കയില്‍ മുതിര്‍ന്ന പൗരന്മാരും പ്രായപൂര്ത്തിയായരും ഗൂഗിള്‍ ഹോം, എക്കോ പോലുള്ള സ്മാര്‍ട് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്. അതുപോലെ, സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍, വോയ്സ് അസിസ്റ്റന്റ് ഉപയോഗിക്കുന്നവര്‍ ഏകദേശം 92.3 ശതമാനം ആണെന്നാണ് പറയുന്നത്. അത്രത്തോളം അവര്‍ ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് ഈ കണക്കുകള്‍. ഇത്രയധികം ആളുകള്‍ അത് ഉപയോഗിക്കുന്നുണ്ടെന്ന് കാണുമ്പോള്‍ തന്നെ ഈ മേഖലയില്‍ കൂടുതല്‍ ഇനൊവേഷനുകള് സംഭവിക്കും. അത്തരം സാങ്കേതിക വിദ്യകള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനും കമ്പനികള്‍ ശ്രമിക്കും. കാറുകളുടെ കാര്യം തന്നെയെടുക്കാം. കാറില്‍ വോയ്സ് അസിസ്റ്റന്‍സുകള്‍ കാര്യമായി തന്നെ ഉപയോഗിക്കുന്നുണ്ട്. കാരണം വെറും വോയ്സ് കമാന്ഡിലുടെ മ്യൂസിക് പ്ലെയര്‍ നിയന്ത്രിക്കാം, എ.സി. നിയന്ത്രിക്കാം. അത് വേണമെങ്കില്‍ ഒരു പടികൂടി കടന്ന് നമ്മളുടെ മുഖഭാവം തിരിച്ചറിഞ്ഞ് നമുക്ക് ഇഷ്ടമുള്ള പാട്ട് പ്ലേ ചെയ്യണോ എന്ന് ചോദിക്കുന്ന തരത്തിലേക്ക് ചിന്തിക്കാനാകും വിധമുള്ള ഇനോവേഷനുകള് ഈ രംഗത്ത് കാണുന്നുണ്ട്. അങ്ങനെ കൂടുതല്‍ സൗകര്യങ്ങള്‍ ഇത്തരം സംവിധാനങ്ങളില്‍ നിലവില്‍വരും. ആ ഒരു രീതിയില്‍ തന്നെയാവും ഇത് മുന്നോട്ട് പോവുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് പറയുമ്പോള്‍ അതിന്റെ ഭീഷണികളെ കുറിച്ചും പറയാറുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യജീവിതത്തിന്റെ ഭാഗമായി മാറുമ്പോള്‍ എന്തെങ്കിലും ഭീഷണികളുണ്ടാവാന്‍ സാധ്യതയുണ്ടോ?
നമ്മള് നമ്മളുടെ എല്ലാ ഇന്ദ്രീയങ്ങളും ഉപയോഗിച്ചാണ് ഓരോ കാര്യങ്ങളും മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആ ഒരു രീതിയിലേക്ക് പരിണമിക്കുന്നത് വളരെ വിദൂരമായൊരു കാര്യമായാണ് എനിക്ക് തോന്നുന്നത്. അതേസമയം, ആരോഗ്യ, വ്യവസായ രംഗങ്ങളിലുള്‍പ്പടെ വലിയ രീതിയിലുള്ള ഉപയോഗങ്ങള്‍ ഇതിനുണ്ട്. ഉദാഹരണത്തിന് വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ സുരക്ഷയ്ക്കും അവരെ നിരീക്ഷിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ അടിയന്തിര സഹായങ്ങള്‍ എത്തിക്കുന്നതിനുമെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാനാവും. അപകടകരമായ ഇടങ്ങളിലേക്ക് മനുഷ്യര്‍ പോകാതെ തന്നെ അവിടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് ആവശ്യമായ നടപടികളെടുക്കുക തുടങ്ങിയ നല്ല കാര്യങ്ങളുണ്ട്. അങ്ങനെ മനുഷ്യന് സഹവര്‍ത്തിയായി എ.ഐ. മുന്നോട്ട് പോവുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
അടുത്തിടെ ഗൂഗിളിന്റെ ലാംഡ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സ്വന്തം വൈകാരികതയുണ്ടെന്ന് ഒരു ഗൂഗിള്‍ എഞ്ചിനീയര്‍ തന്നെ അഭിപ്രായപ്പെടുകയുണ്ടായി. അത്തരം വാദങ്ങളെ എങ്ങെയാണ് കാണുന്നത്?
ആശയവിനിമയം നടത്താന്‍ കഴിവുള്ള നൂതനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാതൃകകള്‍ ഗൂഗിള്‍ കൊണ്ടുവരുന്നുണ്ട്. മുമ്പ് തന്നെ വളരെ മികച്ച രീതിയില്‍ മെഷീന് ട്രാന്‍സിലേഷന്‍ കഴിവുള്ള ട്രാന്‍സ്ഫോര്‍മര്‍ മോഡല്‍ പോലുള്ള ലാംഗ്വേജ് മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍ എന്നതാണ് ലാംഡ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനെ പരിശീലിപ്പിച്ചിരിക്കുന്നത് മികവോടുകൂടിയുള്ള സംഭാഷണങ്ങള്‍ നടത്താനാണ്. നമുക്ക് തന്നെ അറിയാം നമ്മള് ഒരാളോട് സംസാരിക്കുമ്പോള്‍ പറയുന്ന ഏതെങ്കിലും ഒരു വാക്യത്തെ അടിസ്ഥാനമാക്കിയാവും ആ സംഭാഷണത്തിന്റെ ഗതി മുന്നോട്ട് പോവുക. ഒരു വിഷയത്തില്‍നിന്നു മറ്റൊരു വിഷയത്തിലേക്ക് മാറി മാറി പോവും. ആ ഒരു രീതിയില്‍ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ള മോഡലാണ് ലാംഡ. അക്കാരണം കൊണ്ടു തന്നെ വിവേകത്തോടുകൂടിയുള്ള പ്രതികരണം നടത്താന്‍ അത് പഠിച്ചിട്ടുണ്ട്. അതിന്റെ മറുപടികള്‍ വ്യക്തമായിരിക്കും. കേവലം ഉത്തരം പറയുക എന്നതിലുപരി പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് നമുക്ക് രസകരമെന്ന് തോന്നുന്ന മറ്റ് കാര്യങ്ങളും ചേര്‍ത്ത് പറയാനും അതിന് അറിയാം. മാത്രവുമല്ല വസ്തുതാപരമായി ശരിയായ കാര്യങ്ങളാണ് മറുപടി നല്‍കുക. ഇങ്ങനെ വിവേകത്തോടുകൂടിയ മറുപടികള്‍ തരുന്നതുകൊണ്ടാണ് അത് വൈകാരികമായി പെരുമാറുന്നുണ്ടോ എന്ന് തോന്നുന്നത്.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
5ജി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് വലിയ വിപ്ലവമുണ്ടാക്കും എന്ന് പറയപ്പെടുന്നുണ്ട്?
അതിവേഗ കണക്റ്റിവിറ്റിയുടെ കാര്യത്തിലാണ് അത് ഏറെ ഗുണം ചെയ്യുക. എ.ഐ. മോഡലുകളിലേക്ക് വളരെ പെട്ടെന്ന് തന്നെ വലിയ അളവിലുള്ള ഡാറ്റ കൈമാറ്റം സാധ്യമാക്കാനും 5ജി സഹായിക്കും. ഉദാഹരണത്തിന് ക്ലൗഡില്‍നിന്ന് എ.ഐ. മോഡലുകളിലേക്കും തിരിച്ചും ഡാറ്റ കൈമാറുന്നതിനും അതുവഴി എ.ഐ. മോഡലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിനും അതിവേഗ കണക്റ്റിവിറ്റി സഹായിക്കും
അല്‍ഗൊരിതങ്ങള്‍ മനുഷ്യരെ വിപരീതമായി സ്വാധീനിക്കുന്നുണ്ടോ ?
ഞാന്‍ മുമ്പും പറഞ്ഞു. മനുഷ്യന് സഹായം എന്ന രീതിയിലാണ് നാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കാണേണ്ടത്. അല്ലാതെ എന്തിനെങ്കിലും പകരമായോ, ഉള്ള കഴിവുകള്‍ മാറ്റാനോ വേണ്ടിയല്ല അത്.
ഈ മേഖല തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന തലമുറയോട് എന്താണ് പറയാനുള്ളത്?
മുഖ്യമായും ഇതിനോടൊരു താല്പര്യമുണ്ടാവണം. ഒരു പ്രത്യേക സാഹചര്യമോ പ്രശ്നമോ കാണുമ്പോള്‍ അവിടെ എങ്ങനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ഒരു മൂല്യം കൊണ്ടുവരാന്‍ കഴിയുക എന്ന് നമ്മള് തിരിച്ചറിയണം. അത്തരം ആശയരൂപീകരണത്തിന് സാധ്യമാകണമെങ്കില്‍ നമ്മള്‍ക്ക് ഈ മേഖലയോട് താല്പര്യം ഉണ്ടായിരിക്കണം. വായിക്കണം. സര്‍വകലാശാലകളിലെല്ലാം വലിയ രീതിയിലുള്ള ഗവേഷണങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് നടക്കുന്നുണ്ട്. അനവധി അല്‍ഗൊരിതങ്ങള്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഒരു പ്രശ്നം പരിഹരിക്കാന്‍ തന്നെ നിരവധി അല്ഗൊരിതങ്ങളുണ്ടാവും. അതില്‍ ഏതാണ് മികച്ചത് എന്ന് മനസിലാകുകയും അത് നമ്മുടെ ആവശ്യത്തിനനുസരിച്ച് മാറ്റാം എന്നെല്ലാം ചിന്തിക്കണം. എപ്പോഴും സ്വയം പുതുക്കിക്കൊണ്ടിരിക്കണം. കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍ എന്നിവയിലെല്ലാം പങ്കെടുത്ത് കമ്പനികളും സ്റ്റാര്‍ട്ട് അപ്പുകളുമെല്ലാം എന്താണ് ചെയ്യുന്നത് എന്ന് കണ്ടുമനസിലാക്കുക. എന്‍വിഡിയ, മൈക്രോസോഫ്റ്റ്, ആമസോണ്‍ പോലെ ഈ രംഗത്തെ വന്‍കിട സ്ഥാപനങ്ങള്‍ എന്തെല്ലാം കണ്ടുപിടുത്തങ്ങളാണ് നടത്തുത് എന്നെല്ലാം അറിയാന്‍ ശ്രമിക്കുക. എവിടെയെല്ലാം എ.ഐ. വിന്യസിക്കാന്‍ പറ്റും. നേരത്തെ 5ജിയുടെ കാര്യം പറഞ്ഞു. അത് നിലവില്‍ വരുമ്പോള്‍ എന്തെല്ലാം സാധ്യതകളുണ്ട്, എവിടെയെല്ലാം എ.ഐ. പ്രയോഗിക്കാന്‍ പറ്റും എന്നെല്ലാം ചിന്തിക്കണം. അതിന് നല്ല വായനയും സാങ്കേതികമായി സ്വയം നവീകരിച്ചുകൊണ്ടിരിക്കണം. അതിനെല്ലാം വേണ്ടത് താല്പര്യം തന്നെയാണ്.
നമ്മുടെ നാട്ടില്‍നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തേക്ക് എത്രത്തോളം ആളുകളെ കിട്ടുന്നുണ്ട് ? നിലവിലുള്ള വിദ്യാഭ്യാസ രീതികള്‍ അതിന് പ്രാപ്തമാണോ?
കേരളം എഞ്ചിനീയറിങ് വൈദഗ്ദ്ധ്യമുള്ളവരുടെ ഒരു ഹബ്ബാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ കോളേജുകളില്‍നിന്നു പുതിയ ആളുകളെ ജോലിക്കെടുക്കാന്‍ സാധിക്കുന്നുണ്ട്. കേരളത്തിന് പുറത്ത് ഈ മേഖലയില്‍ അവസരങ്ങളുള്ളതുകൊണ്ട് അവരെ നിലനിര്‍ത്തുകയെന്നത് ഒരു വെല്ലുവിളിയാണ്. ആ പ്രശ്നം നേരിടാന്‍ എ.ഐ. എഞ്ചിനീയര്‍മാരുടെ കൂട്ടായ്മ നിലനിര്‍ത്താനാവുന്ന കൂടിച്ചേരലുകളും കോണ്‍ഫറന്‍സുകളും കേരളത്തില്‍ ഇടക്കിടെ നടത്തേണ്ടതുണ്ട്. അതുവഴി കൂടുതല്‍ എഞ്ചിനീയര്‍മാര്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുകയും അവരെ കേരളത്തില്‍ തന്നെ നിലനിര്‍ത്താനുള്ള അവസരം ലഭിക്കുമെന്നാണ് തോന്നുന്നത്.
സന്ദർശകരോട് സംസാരിക്കുന്ന 'പെപ്പർ' എന്ന റോബോട്ട് Photo: Gettyimages
അതുപോലെ, വിദ്യാഭ്യാസ രീതികളുടെ കാര്യമെടുത്താല്‍, ഈ രംഗത്ത് നിരവധി കോഴ്സുകള്‍ ലഭ്യമാണ്. ബിരുദ കോഴ്സുകളില്‍ തിയറിയാണ് പഠിക്കുന്നത് എങ്കിലും പ്രൊജക്ടുകള്‍ക്കും മറ്റും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. ഇന്റേണ്‍ഷിപ്പ് സമയത്തും പരമാവധി പരിശീലനം നേടാന്‍ ശ്രമിക്കുക. അനുബന്ധ കോഴ്സുകള്‍ ചെയ്യുക.
വനിതകളുടെ സാന്നിധ്യം എത്രത്തോളമുണ്ട്? വെല്ലുവിളികള്‍?
ഈ രംഗത്ത് തുല്യപ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മിക്ക കമ്പനികളും വിവാഹം, പ്രെഗ്നന്‍സി ഉള്‍പ്പടെയുള്ള വ്യക്തിപരമായ കാരണങ്ങള്‍കൊണ്ട് കരിയര്‍ ബ്രേക്ക് വന്നാല്‍ പോലും അത്തരം ആളുകളെ വീണ്ടും പരിശീലിപ്പിച്ച് ജോലിക്കെടുക്കുന്നുണ്ട്. ഇക്കാരണം കൊണ്ടു തന്നെ അത്തരം പ്രശ്നങ്ങള്‍ അവര്‍ക്ക് നേരിടുന്നില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. മാര്‍ഗ നിര്‍ദേശം നല്കാന് പറ്റിയ ആളുകളെ കിട്ടേണ്ടതുണ്ടെന്ന് മാത്രം.
Content Highlights: artificial intelligence interview with sindhu ramachandran from quest global
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..