അമ്പതാണ്ട് മനുഷ്യൻ ചന്ദ്രനിൽ പോകാതിരുന്നത് എന്തുകൊണ്ട്? ആര്‍ട്ടെമിസ് നൽകുന്നു ഉത്തരം


ഷിനോയ് മുകുന്ദന്‍ചന്ദ്രനെ കുറിച്ചുള്ള കുടുതല്‍ വിശദമായ പഠനമാണ് ലക്ഷ്യം. മനുഷ്യന്‍ ഇതുവരെ എത്തിയിട്ടില്ലാത്ത ചന്ദ്രനിലെ വിവിധ പ്രദേശങ്ങളില്‍ ആര്‍ട്ടെമിസ് മനുഷ്യനെ എത്തിക്കും.

In Depth

twitter.com/NASA

നുഷ്യകുലത്തെ ഒന്നടങ്കം അത്ഭുതത്തിന്റെ പരകോടിയിലെത്തിച്ച നേട്ടമാണ് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കൈവരിച്ചത്. ഭൂമിയുടെ ഭ്രമണ പഥത്തിന് പുറത്ത് ഭൂമിയുടെ ഉപഗ്രഹത്തില്‍ മനുഷ്യനെയെത്തിക്കാന്‍ അക്കാലത്ത് അമേരിക്കയ്ക്ക് സാധിച്ചു. 1969 ജൂലായ് 20 ന് അപ്പോളോ 11 ദൗത്യത്തില്‍ ബഹിരാകാശ സഞ്ചാരികളായ നീല്‍ ആംസ്ട്രോങും ബസ് ആല്‍ഡ്രിനും അപ്പോളോ ലൂണാര്‍ മോഡ്യൂളില്‍ ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനില്‍ കാലുകുത്തി.

1972 ലെ അപ്പോളോ 17 ദൗത്യത്തിന് കൃത്യം 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടെമിസ് പദ്ധതിയിലൂടെ വീണ്ടും മനുഷ്യരെ ചന്ദ്രനിലെത്തിക്കുവാനുള്ള പദ്ധതിയിലാണ് നാസ. കൂടുതല്‍ വിപുലമായ ശാസ്ത്ര ഗവേഷണ പദ്ധതികളാണ് ഈ പദ്ധതിയിലൂടെ നാസ ലക്ഷ്യമിടുന്നത്

ഇത്രയും നാളത്തെ ഇടവേള എന്തുകൊണ്ടാകാം?

അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യന്റെ ഗ്രഹാന്തര യാത്രയ്ക്ക് 50 വര്‍ഷത്തിന്റെ ഇടവേള വന്നത് എന്തുകൊണ്ടാണ്? 1972-ലെ അവസാന അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക് പോകാന്‍ തുനിഞ്ഞിട്ടില്ല. അക്കാലത്ത് ബഹിരാകാശ ദൗത്യങ്ങളില്‍ അമേരിക്കയോട് മത്സരിച്ചിരുന്ന സോവിയറ്റ് യൂണിയനോ പിന്നീട് വന്ന റഷ്യയോ പില്‍കാലത്ത് ചൈനയോ ഇന്ത്യയോ ആ വഴിക്ക് തിരിഞ്ഞില്ല.

അതിനുള്ള പ്രധാന കാരണം ആ ദൗത്യത്തിന് ആവശ്യമായി വരുന്ന അതിഭീമമായ ചെലവു തന്നെയായിരുന്നു.ദൗത്യത്തിൽ മനുഷ്യന് ജീവൻ നിലനിർത്താൻ വെള്ളം, ഭക്ഷണം, ഓക്സിജൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുകയെന്നത് അതി സങ്കീർണമായൊരു കാര്യമാണ്. ചിലവിന്റെ പ്രധാന കാരണവും ഇത് തന്നെ. ഇക്കാരണത്താൽ റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പഠനങ്ങളാണ് രാജ്യങ്ങൾ നടത്തിവന്നത്. ലാന്ററുകൾ, റോവറുകൾ, ഓർബിറ്ററുകൾ എന്നിവയെല്ലാം അതിനായി ഉപയോഗിച്ചു. ചന്ദ്രനിലേക്കോ മറ്റെവിടേക്കോ പോവാന്‍ പിന്നീട് തുനിഞ്ഞില്ലെങ്കിലും നിരന്തരമെന്നോണം ബഹിരാകാശ യാത്രകള്‍ മനുഷ്യന്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

സോവിയറ്റ് യൂണിയനുമായുള്ള ബഹിരാകാശ യുദ്ധത്തിന് അയവ് വന്നതോടെ അതിഭീമമായി ചാന്ദ്രയാത്രകൾക്ക് പണം ചിലവഴിക്കുന്നതിനുള്ള അമേരിക്കയുടെ താൽപര്യവും കുറഞ്ഞു. പല തവണ നാസ ചാന്ദ്ര യാത്രാ ദൗത്യങ്ങൾ ആവിഷ്കരിച്ചെങ്കിലും ഭരണകൂടത്തിന്റെ സാമ്പത്തിക പിന്തുണ അവയ്ക്കൊന്നും ലഭിച്ചില്ല.

1973-74 വര്‍ഷങ്ങളിലായി നാസ സ്‌കൈലാബ് എന്നൊരു ബഹിരാകാശ നിലയം പ്രവര്‍ത്തിപ്പിച്ചിരുന്നു. വിവിധ ശാസ്ത്ര ഗവേഷണങ്ങള്‍ ഇവിടെ നടത്തി. ഇതിന് ശേഷം നാസ 1981 ല്‍ മനുഷ്യന്റെ ബഹിരാകാശ യാത്രകള്‍ക്ക് ഉപയോഗിക്കാവുന്ന സ്പേസ് ഷട്ടില്‍ വികസിപ്പിച്ചു. 1986 ല്‍ റഷ്യ നിര്‍മിച്ച മിര്‍ സ്പേസ് സ്റ്റേഷന്റെ ഭാഗമായും പിന്നീട് 1988 ല്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ തുടങ്ങിയ പദ്ധതികളുടെ ഭാഗമായും മനുഷ്യര്‍ പലതവണ ബഹിരാകാശത്ത് എത്തി.

പരസ്പര മത്സരങ്ങള്‍ക്കിടയിലാണ് റഷ്യയും യുഎസും ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളുടെ പരസ്പര സഹകരണത്തിലൂടെ അന്തരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിക്കപ്പെട്ടത്. ഇവരെല്ലാം ചേര്‍ന്നാണ് ഇതിന് വേണ്ട അതിഭീമമായ ചെലവ് വഹിക്കുന്നത്.

അതി ഭീമമായ ചെലവ് ഒറ്റയ്ക്ക് താങ്ങാനാവില്ലെന്ന തിരിച്ചറിവ് കൊണ്ടായിരിക്കണം സ്വന്തം ആശയമായ ആര്‍ട്ടെമിസ് പദ്ധതിക്ക് വേണ്ടി വിവിധ രാജ്യങ്ങളെ പങ്കാളികളാക്കിയുള്ള കൂട്ടായ ദൗത്യമാണ് നാസ ആസൂത്രണം ചെയ്യുന്നത്.

ആര്‍ട്ടെമിസിന് വഴിമാറിക്കൊടുത്ത കോണ്‍സ്റ്റലേഷന്‍ പദ്ധതി

ആര്‍ട്ടെമിസ് പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ജോര്‍ജ് ഡബ്ല്യൂ. ബുഷിന്റെ കാലത്ത് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ബഹിരാകാശ നിലയത്തിലേക്കും മനുഷ്യയാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍സ്റ്റലേഷന്‍ എന്ന പേരില്‍ ഒരു പദ്ധതിക്ക് 2005 ല്‍നാസ തുടക്കമിട്ടിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ് ഓറിയോണ്‍ ബഹിരാകാശ പേടകം ആദ്യം രൂപകല്‍പന ചെയ്യപ്പെട്ടത്. ലോഖീദ് മാര്‍ട്ടിനാണ് അതിന് പിന്നില്‍.

എന്നാല്‍ ബരാക്ക് ഒബാമയുടെ കാലത്ത് കോണ്‍സ്റ്റലേഷന്‍ പദ്ധതി നിര്‍ത്തിവെച്ചു. എങ്കിലും, ഈ പദ്ധതിയുടെ ഭാഗമായുണ്ടാക്കിയ കരാറുകള്‍ നിലനിന്നു. അങ്ങനെയാണ് ഓറിയോണ്‍ പേടകം ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായത്. കോണ്‍സ്റ്റലേഷന്‍ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ഏരീസ് 1, ഏരീസ് വി റോക്കറ്റുകള്‍ നാസ ഉപേക്ഷിച്ചു. പകരമായാണ് സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റ് നിര്‍മിക്കാന്‍ നാസ തീരുമാനിച്ചത്.

ഒരു തരത്തില്‍ പറഞ്ഞാല്‍ ഒബാമ ഭരണകൂടം പിന്‍വലിച്ച കോണ്‍സ്റ്റലേഷന്‍ പദ്ധതിയുടെ പരിഷ്‌കരിച്ച പതിപ്പാണ് ആര്‍ട്ടെമിസ് എന്ന് പറയാം.

ആർട്ടെമിസ് ലാൻഡിങിന് വേണ്ടി പരിഗണിക്കുന്ന ചന്ദ്രനിലെ സ്ഥലങ്ങൾ

ആര്‍ട്ടെമിസ് പദ്ധതി

2017 ല്‍ ഡോണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് ആര്‍ട്ടെമിസ് പദ്ധതിയ്ക്ക് ഒദ്യോഗിക തുടക്കമിട്ടത്. നാസയുടെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജിം ബ്രൈഡന്‍സ്റ്റിനിന്റെ നേതൃത്വത്തിലായിരുന്നു അത്. ഗ്രീക്ക് ഐതിഹ്യങ്ങളിലെ ദേവനായ അപ്പോളോയുടെ ഇരട്ട സഹോദരിയും ചാന്ദ്ര ദേവതയുമായ ആര്‍ട്ടെമിസിന്റെ പേരാണ് ദൗത്യത്തിന് നല്‍കിയിരിക്കുന്നത്.

അമേരിക്കയുടെ നേതൃത്വത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബഹിരാകാശ ഏജന്‍സികളുമായും ബഹിരാകാശ ഗവേഷണ രംഗത്തെ സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ആര്‍ട്ടെമിസ് ദൗത്യം മുന്നോട്ടുകൊണ്ടുപോവുക. ബഹിരാകാശ രംഗത്ത് നാസയുടെ കാലങ്ങളായുള്ള പങ്കാളികളായ കാനഡ, ജപ്പാന്‍, യുകെ എന്നിവര്‍ അടക്കം 21 രാജ്യങ്ങള്‍ ആര്‍ട്ടെമിസ് ദൗത്യത്തിന് വേണ്ടി നാസയുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ബ്രസീല്‍, യുഎഇ, ദക്ഷിണ കൊറിയ തുടങ്ങിയ ഈ രംഗത്തെ തുടക്കക്കാരായ രാജ്യങ്ങളും അതില്‍ പെടുന്നു. സ്‌പേസ് എക്‌സ് ഉള്‍പ്പടെയുള്ള സ്വകാര്യ കമ്പനികളും പങ്കാളികളാണ്.

2022 ല്‍ തന്നെ അനുയോജ്യമായ സമയം നോക്കി ആര്‍ട്ടെമിസ്-1 ദൗത്യം വിക്ഷേപിക്കും. 2024 ഓഗസ്റ്റ് മേയിലാണ് മനുഷ്യനെ വഹിച്ചുള്ള ആദ്യ ആര്‍ട്ടെമിസ് 2 വിക്ഷേപണം നടക്കുക. ഈ യാത്രയില്‍ പക്ഷെ യാത്രികര്‍ ചന്ദ്രനില്‍ ഇറങ്ങില്ല. ആര്‍ട്ടെമിസ് 3 വിക്ഷേപണത്തില്‍ പുറപ്പെടുന്ന യാത്രികരാണ് ഈ പദ്ധതിയുടെ ഭാഗമായി ആദ്യം ചന്ദ്രനില്‍ കാലുകുത്തുക. ഇതില്‍ ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ വനിതയും ഉണ്ടാകും. ഒരാഴ്ചയോളം ഇവിടെ ചെലവഴിക്കുന്ന സഞ്ചാരികള്‍ വിവിധ ശാസ്ത്ര പഠനങ്ങളിലും വിവരശേഖരണങ്ങളിലും ഏര്‍പ്പെടും.

ആര്‍ട്ടെമിസിന്റെ ലക്ഷ്യങ്ങള്‍

ചന്ദ്രനെ കുറിച്ചുള്ള കുടുതല്‍ വിശദമായ പഠനമാണ് ലക്ഷ്യം. മനുഷ്യന്‍ ഇതുവരെ എത്തിയിട്ടില്ലാത്ത ചന്ദ്രനിലെ വിവിധ പ്രദേശങ്ങളില്‍ ആര്‍ട്ടെമിസ് മനുഷ്യനെ എത്തിക്കും. ചന്ദ്രനില്‍ ദീര്‍ഘകാല പഠനങ്ങള്‍ക്ക് സഹായിക്കുന്ന ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സാധ്യതകള്‍ പഠിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിവിധ പഠനങ്ങള്‍ക്ക് സാധിക്കുന്ന ബഹിരാകാശ നിലയം സ്ഥാപിക്കും. ഇതിനുമെല്ലാമപ്പുറം മനുഷ്യന്‍ ഭാവിയില്‍ നടത്താനിരിക്കുന്ന ചൊവ്വാ യാത്രയ്ക്കുള്ള ആദ്യ പടികൂടിയായിരിക്കും ആര്‍ട്ടെമിസ്.

ലൂണാര്‍ ഗേറ്റ് വേ

ചന്ദ്രനെ ചുറ്റുന്ന ഒരു ബഹിരാകാശ നിലയമായിരിക്കും ഇത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രം. ശാസ്ത്ര ഗവേഷണങ്ങള്‍ നടത്താനും കുറച്ച് നാളത്തേക്ക് ചന്ദ്രനിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് താമസിക്കാനും സാധിക്കുന്ന സ്ഥലം. ചാന്ദ്ര ദൗത്യ പേടകങ്ങള്‍ക്ക് ഈ നിലയത്തില്‍ ഡോക്ക് ചെയ്യാന്‍ സാധിക്കും. ചാന്ദ്രയാത്ര നടത്തുന്ന സഞ്ചാരികളുടെ ഇടത്താവളം എന്നും വേണമെങ്കില്‍ ഈ ബഹിരാകാശ നിലയത്തെ വില്‍ക്കാം. നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, ജപ്പാന്‍ എയറോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി, കനേഡിയന്‍ സ്പേസ് ഏജന്‍സി എന്നിവര്‍ ചേര്‍ന്നുള്ള പദ്ധതിയാണിത്. ഭൂമിയുടെ ഭ്രമണ പഥത്തിന് പുറത്തുള്ള ആദ്യ ബഹിരാകാശ നിലയം കൂടിയാവും ഇത്. 2024 നവംബറില്‍ ഒരു മിനി സ്പേസ് സ്റ്റേഷന്‍ ഗേറ്റ് വേ ദൗത്യത്തിലൂടെയാണ് ഇതിന്റെ നിര്‍മാണം തുടങ്ങുക. പിന്നീട് 2029 ല്‍ ആര്‍ട്ടെമിസ് 7 വിക്ഷേപണത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

സ്‌പേസ് ലോഞ്ച് സിസ്റ്റം ഘടന

Photo: NASA

ഓറിയോണ്‍ പേടകം

ശൂന്യാകാശത്തെ വിവിധങ്ങളായ പര്യവേക്ഷണ യാത്രകള്‍ക്ക് ഉപയോഗിക്കാനാവും വിധം നാസ തയ്യാറാക്കിയ ബഹിരാകാശ പേടകമാണ് ഓറിയോണ്‍. ക്രൂ മോഡ്യൂള്‍, സര്‍വീസ് മോഡ്യൂള്‍, സോളാര്‍ പാനലുകള്‍, ലോഞ്ച് അബോര്‍ട്ട് സിസ്റ്റം എന്നിവയാണ് ഓറിയോണ്‍ പേടകത്തിലെ പ്രധാന ഭാഗങ്ങള്‍. നാല് യാത്രികര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഇതിലെ ക്രൂ മോഡ്യൂളിലുള്ളത്. ക്രൂ മോഡ്യൂളിന്റെ താപ കവചത്തിന് 5000o ഫാരന്‍ഹീറ്റ് (2760o സെല്‍ഷ്യസ്) വരെ ചൂട് പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്.

ആര്‍ട്ടെമിസ് 1 വിക്ഷേപണം ഇങ്ങനെ

ഫ്ളോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിലുള്ള ലോഞ്ച് കോംപ്ലക്സ് 39 ബിയില്‍ നിന്നായിരിക്കും ആര്‍ട്ടെമിസ്-1 ന്റെ വിക്ഷേപണം. നാല് ആര്‍എസ്-25 എഞ്ചിനുകളില്‍ നിന്നും അഞ്ച് സെഗ്മെന്റ് ബൂസ്റ്ററുകളില്‍ നിന്നുമായി 39 ലക്ഷം കിലോഗ്രാമിന്റെ തള്ളലാണ് (ത്രസ്റ്റ്) വിക്ഷേപണത്തിനിടെ സൃഷ്ടിക്കപ്പെടുക. വിക്ഷേപണം കഴിഞ്ഞാല്‍ ബൂസ്റ്ററുകള്‍, സര്‍വീസ് മോഡ്യൂള്‍, ലോഞ്ച് അബോര്‍ട്ട് സിസ്റ്റം എന്നിവ വേര്‍പെടുകയും റോക്കറ്റിന്റെ പ്രധാന ഭാഗം പേടകത്തില്‍ നിന്ന് വേര്‍പ്പെടുകയും ചെയ്യും.

  • സഞ്ചാരപഥത്തില്‍ നിന്ന് ചന്ദ്രനിലേക്ക്
വിക്ഷേപണത്തിന് ശേഷം പേടകം ഭൂമിയെ ചുറ്റുകയും അതിന്റെ സൗരോര്‍ജ പാനലുകള്‍ വിന്യസിക്കുകയും ചെയ്യു. ശേഷം പേടകത്തിലെ ഇന്ററിം ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സ്റ്റേജ് (ഐസിപിഎസ്) പ്രവര്‍ത്തിച്ച് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് വേര്‍പ്പെട്ട് ചന്ദ്രനിലേക്ക് കുതിക്കാന്‍ സഹായിക്കും. വിക്ഷേപണം കഴിഞ്ഞ് രണ്ട് മണിക്കൂര്‍ സമയത്തിന് ശേഷം ചന്ദ്രനിലേക്കുള്ള സഞ്ചാരപഥത്തില്‍ വെച്ച് പേടകത്തില്‍ നിന്ന് ഐസിപിഎസ് വേര്‍പ്പെടും.

വേര്‍പ്പെട്ടു കഴിഞ്ഞയുടന്‍ ഐസിപിഎസ് ക്യൂബ്സാറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ചെറു ഉപഗ്രഹങ്ങള്‍ ശൂന്യാകാശത്ത് വിന്യസിക്കും. ജീവനുള്ള പദാര്‍ത്ഥത്തിന് ശൂന്യാകാശത്തെ റേഡിയേഷനില്‍ വരുന്ന മാറ്റങ്ങള്‍ പഠിക്കുന്നതിനായി യീസ്റ്റ് വഹിച്ചുകൊണ്ടുള്ള ബയോ സെന്റിനല്‍ ഉപഗ്രഹവും ഇക്കൂട്ടത്തിലുണ്ട്. അങ്ങനെ വിവിധ ശാസ്ത്ര ഗവേഷണ-പരീക്ഷണങ്ങള്‍ ലക്ഷ്യമിട്ടുള്ളവയാണ് ക്യൂബ് സാറ്റുകള്‍.

Photo: NASA

  • ചന്ദ്രന്റെ ഭ്രമണപഥത്തില്‍
ഐസിപിഎസ് വേര്‍പ്പെട്ടതിന് ശേഷം ചന്ദ്രനിലേക്കുള്ള യാത്രയില്‍ പേടകത്തെ നയിക്കുക യൂറോപ്യന്‍ സ്പേസ് ഏജന്‍സി തയ്യാറാക്കിയ ഒരു സര്‍വീസ് മോഡ്യൂള്‍ ആണ്. പേടകത്തിന്റെ സഞ്ചാരത്തിനുള്ള ഊര്‍ജവും പ്രൊപ്പല്‍ഷനും നല്‍കുന്നതിന് പുറമെ വെള്ളവും വായുവും വഹിക്കാനുള്ള ശേഷിയും ഈ സര്‍വീസ് മോഡ്യൂളിനുണ്ട്. മനുഷ്യരെ ഉള്‍പ്പെടുത്തിയുള്ള വിക്ഷേപണങ്ങളില്‍ ഉപയോഗിക്കുന്നതിനാണിത്.

ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന പേടകം ആറ് ദിവസത്തോളം ചന്ദ്രനെ ചുറ്റുകയും വിവരശേഖരണം നടത്തുകയും ചെയ്യും. ഈ സമയം ദൗത്യസംഘത്തിന് പേടകത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താനാവും.

ആറ് ദിവസത്തിന് ശേഷം ഓറിയോണ്‍ പേടകം വീണ്ടും ചന്ദ്രനടുത്തേക്ക് നീങ്ങും. ഉപരിതലത്തില്‍ നിന്ന് ഏകദേശം 95 കിമീ ഉയരത്തിലെത്തും. ശേഷം പേടകത്തിന്റെ സര്‍വീസ് മോഡ്യൂളിലെ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ ബലം പ്രയോജനപ്പെടുത്തി പേടകം ഭൂമിയെ ലക്ഷ്യമിട്ട് കുതിക്കും.

  • ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങുന്നു
ഏകദേശം ആറാഴ്ചകള്‍ക്ക് ശേഷം 30 ലക്ഷത്തിലേറെ കിലോമീറ്ററുകള്‍ താണ്ടിയാണ് ഓറിയോണ്‍ പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ തിരികെ പ്രവേശിക്കുക. മണിക്കൂറില്‍ 40000 കിമീ വേഗതയിലായിരിക്കും ഈ തിരിച്ചുവരവ്. വ്യക്തമായി പറഞ്ഞാല്‍ ഒരു സെക്കന്റില്‍ 11 കിലോമീറ്റര്‍ വേഗം. 3000o ഡിഗ്രി സെല്‍ഷ്യസിനടുത്ത് താപമാണ് ഈ തിരിച്ചിറങ്ങിലിനിടെ സൃഷ്ടിക്കപ്പെടുക. ഈ താപത്തെ അതിജീവിക്കാന്‍ സാധിച്ചാല്‍. പേടകം കാലിഫോര്‍ണിയക്കടുത്ത് കടലില്‍ വന്ന് പതിക്കും. അവിടെ രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ കാത്തുനല്‍ക്കുന്നുണ്ടാവും. യുഎസ് മുങ്ങല്‍ വിദഗ്ദര്‍ എത്തുന്നത് വരെ പേടകം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ശേഷം പേടകം കപ്പലില്‍ തിരികെയെത്തിക്കും.

ഇതുവരെ നടന്ന ചാന്ദ്ര ദൗത്യങ്ങൾ

രാജ്യംവിജയകരംപരാജയംഭാഗിക വിജയം
അമേരിക്ക37152
യുഎസ്എസ്ആർ18382
ചൈന31-
ജപ്പാൻ32-
ഇന്ത്യ1 1
യൂറോപ്യൻ യൂണിയൻ1--
ലക്സംബർഗ്1--
ഇസ്രയേൽ-1-
പ്രതീക്ഷകള്‍

ആശയവിനിമയ സംവിധാനങ്ങള്‍ ഏറെ വികാസമെത്തിയ ഇക്കാലത്ത് മനുഷ്യന്‍ നടത്താനിരിക്കുന്ന ചാന്ദ്രയാത്ര ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ചന്ദ്രനില്‍ നിന്നുള്ള കൂടുതല്‍ വ്യക്തമായതും വിശദമായതുമുള്ള കാഴ്ചകള്‍ കാണാന്‍ ഭൂമിയിലുള്ളവര്‍ക്ക് ആര്‍ട്ടെമിസ് പദ്ധതിയിലൂടെ വഴിയൊരുങ്ങുമെന്ന് പ്രതീക്ഷിക്കാം. അപ്പോളോ പദ്ധതിയിലൂടെ നിലച്ചുപോയ പര്യവേക്ഷണ ദൗത്യങ്ങളുടെ തുടര്‍ച്ചയായിരിക്കും ആര്‍ട്ടെമിസ്. ഈ 50 വര്‍ഷക്കാലത്തിനിടെ ലോകം നേടിയ ശാസ്ത്ര സാങ്കേതിക പുരോഗതി ആര്‍ട്ടെമിസ് ദൗത്യങ്ങളെ വേറിട്ടതും പുതുമയുള്ളതുമാക്കും. ഓര്‍ബിറ്ററുകള്‍, ലാന്‍ഡറുകള്‍ തുടങ്ങി പഴയ പല ദൗത്യങ്ങളിലൂടെയും നേടിയ വിവരങ്ങള്‍ ഈ ദൗത്യത്തില്‍ സഹായകമാവും.

Content Highlights: artemis mission malayalam human moon landing details

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented